ADVERTISEMENT

തിരുവനന്തപുരം ∙ സൗജന്യ ‌ധാന്യവിതരണത്തിന്റെ ആദ്യദിനം റേഷൻ കടകളിലെത്തിയത് 14.79 ലക്ഷം പേർ. 87.28 ലക്ഷം കാർഡ് ഉടമകളിൽ ഒറ്റദിവസം ഇത്രയും പേരെത്തുന്നത് അപൂർവം. 2.8 ലക്ഷം പേർ ഇഷ്ടമുള്ള കടയിൽ നിന്നു വാങ്ങാനുള്ള സൗകര്യം ഉപയോഗപ്പെടുത്തി.  

റേഷൻ കാർഡ് നമ്പറിന്റെ അടിസ്ഥാനത്തിലുള്ള ക്രമീകരണവും സാമൂഹിക അകലവും പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ പൊലീസുണ്ടായിരുന്നു. കടകളിൽ ചെന്നു വാങ്ങാൻ പ്രയാസമുള്ളവർക്കു കണ്ണൂർ ജില്ലയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ വീടുകളിലെത്തിക്കാൻ സൗകര്യം ഏർപ്പെടുത്തി.  

ഈ മാസം 5 വരെയാണു കാർഡ് നമ്പർ അടിസ്ഥാനമാക്കിയുള്ള വിതരണം. ഈ ഞായറാഴ്ച കട പ്രവർത്തിപ്പിക്കാൻ കടയുടമകളോട് അഭ്യർഥിച്ചിട്ടുണ്ട്. കടകളിൽ തിക്കിത്തിരക്കേണ്ട കാര്യമില്ലെന്നും എല്ലാവർക്കും അർഹതപ്പെട്ട ധാന്യം ലഭിക്കുമെന്നും മന്ത്രി പി.തിലോത്തമൻ അറിയിച്ചു. ആദ്യ ഘട്ടത്തിൽ 20നു വിതരണം പൂർത്തിയാക്കാനാണു നിശ്ചയിച്ചിരിക്കുന്നതെങ്കിലും ഏതെങ്കിലും കാരണത്താൽ അതിനകം വാങ്ങാനാവാത്തവർക്കായി 30 വരെ സമയം നൽകുമെന്നും പറഞ്ഞു. 

വൈദ്യുതീകരിച്ച വീടുകൾക്ക് അര ലീറ്ററും വൈദ്യുതീകരിക്കാത്തവയ്ക്കു 4 ലീറ്ററും വീതം മണ്ണെണ്ണ നൽകും. വെള്ള, നീല കാർഡുകളുള്ളവർക്ക് 3 കിലോഗ്രാം ആട്ടയും നൽകും. രാവിലെ 9 – 1 വരെ മുൻഗണനാ വിഭാഗങ്ങൾക്കും ഉച്ചയ്ക്കു ശേഷം 2 – 5 വരെ മുൻഗണനേതര വിഭാഗങ്ങൾക്കുമായാണു വിതരണം. കാസർകോട് ജില്ലയിൽ പകൽ 11 മുതൽ 5 വരെയാണു കടകളുടെ പ്രവർത്തനം.  കേന്ദ്രം പ്രഖ്യാപിച്ച സൗജന്യ ധാന്യത്തിന്റെ വിതരണം 20നു ശേഷം ആരംഭിക്കും. ഇത് അന്ത്യോദയ (മഞ്ഞ കാർഡ്), മുൻഗണനാ (പിങ്ക്) വിഭാഗങ്ങൾക്കു മാത്രമാണ്. 

English summary: Free ration distribution

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com