ADVERTISEMENT

തിരുവനന്തപുരം ∙ കോവിഡ് പ്രതിസന്ധിക്കിടയിലും  ഹെലികോപ്റ്ററുകൾ വാടകയ്ക്ക് എടുക്കാൻ പവൻ ഹംസ് ലിമിറ്റഡിന് സർക്കാർ 1.70 കോടി രൂപ  കൈമാറി. എഎസ് 365 ഡൗഫിൻ എൻ ഹെലികോപ്റ്റർ ഉപയോഗിക്കാൻ  മാസവാടക ഇനത്തിൽ 1,44,60,000 രൂപ അനുവദിക്കാൻ  ഫെബ്രുവരി 24ന് സർക്കാർ അനുമതിനൽകിയിരുന്നു. 18% ജിഎസ്ടി കൂടിയാകുമ്പോൾ തുക 1,70,63,000 രൂപ.

സാമ്പത്തിക പ്രതിസന്ധിക്കിടെ പവൻഹംസ് കമ്പനിയുടെ 10 സീറ്റുള്ള ഹെലികോപ്റ്റർ വാടകയ്ക്കെടുക്കുന്നത് രാഷ്ട്രീയ വിവാദമായിരുന്നു. ടെൻഡർ വിളിക്കാതെയായിരുന്നു ഇടപാട്. കുറഞ്ഞനിരക്കു വാഗ്ദാനം ചെയ്ത കമ്പനിയെ തഴഞ്ഞ് 3 ഇരട്ടി ഉയർന്ന നിരക്കു ചോദിച്ച കമ്പനിയുടെ കോപ്റ്റർ വാടകയ്ക്കെടുക്കാനുള്ള തീരുമാനമാണ് വിവാദമായത്. ബെംഗളൂരുവിലെ ചിപ്സൺ ഏവിയേഷൻ ഇതേ തുകയ്ക്ക് 3 ഹെലികോപ്റ്ററുകൾ വാടകയ്ക്കു നൽകാമെന്ന് സമ്മതിച്ചെങ്കിലും സർക്കാർ അംഗീകരിച്ചില്ല.

കേരളം 1.44 കോടിരൂപ പ്രതിമാസ വാടക നൽകി വാടകയ്ക്കെടുക്കുന്ന അതേ സൗകര്യമുള്ള ഹെലികോപ്റ്ററിനു ചത്തീസ്‌ഗഡ് സർക്കാർ നൽകുന്നത് 85 ലക്ഷംരൂപ മാത്രമാണ്. പവൻഹംസിന്റെ ഹെലികോപ്റ്റർ സംസ്ഥാന സർക്കാരിന് മാസത്തിൽ 20 മണിക്കൂർ പറപ്പിക്കാം.  അതിലേറെ പറന്നാൽ ഓരോ മണിക്കൂറിനും 75,000 രൂപവീതം നൽകണം. അറ്റകുറ്റപ്പണിയുടെയും ഇന്ധനത്തിന്റെയും ചെലവ് കമ്പനി വഹിക്കും. വിദേശ പരിശീലനം നേടിയ 2 പൈലറ്റുമാരെയാണ് പവർഹംസ് ഒരു ഹെലികോപ്റ്ററിൽ നിയോഗിക്കുന്നത്. ഫ്രഞ്ച് നിർമിതമാണ് ഹെലികോപ്റ്റർ.

ആദ്യം ധൂർത്ത് ഒഴിവാക്കേണ്ടത് സർക്കാരാണെന്ന് രമേശ്

തിരുവനന്തപുരം ∙ കോവിഡ് കാലത്തു ജനം മുണ്ടു മുറുക്കിയുടുക്കണമെന്ന് ആവശ്യപ്പെടുന്ന സർക്കാർ ആദ്യം ധൂർത്ത് ഒഴിവാക്കി മാതൃക കാട്ടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യാത്രകൾ പോലും നിയന്ത്രിച്ച അവസരത്തിൽ മുഖ്യമന്ത്രിക്കു ഹെലികോപ്റ്റർ യാത്രയ്ക്കായി പവൻ ഹംസ് കമ്പനിക്ക് 1.75 കോടി രൂപ മുൻകൂർ അനുവദിച്ച ഉത്തരവു റദ്ദാക്കണം. സിഎജി വരെ വിമർശിച്ച പൊലീസിന്റെ വിവാദ ക്യാമറ ഇടപാടിന് 6.97 കോടി രൂപ അനുവദിച്ചതു പുനഃപരിശോധിക്കണം. സർക്കാരിന്റെ പരസ്യങ്ങൾ പിആർഡി വഴി മാത്രമാക്കണം. പരസ്യ കമ്പനികളെയും ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പുകളെയും ഉപയോഗിച്ചുള്ള ധൂർത്ത് ഒഴിവാക്കി ആ കരാറുകൾ റദ്ദാക്കണം.

പ്രളയ ദുരിതാശ്വാസ ഭാഗമായി റീബിൽഡ് ഇനിഷ്യേറ്റീവ് കേരള എന്ന ഹെഡിൽ 1000 കോടി രൂപ നീക്കി വച്ചതു പദ്ധതി കാലാവധി അവസാനിച്ചപ്പോൾ ഒരു പൈസ പോലും ചെലവാക്കാതെ ലാപ്സായി. ഏപ്രിലിലെ ശമ്പളം നൽകുന്നതു പോലും പ്രയാസത്തിലാണെന്നു മുഖ്യമന്ത്രി പറയുന്നതിലേക്കു കാര്യങ്ങൾ എത്തിച്ചത് ഇത്തരം കെടുകാര്യസ്ഥത കൊണ്ടാണ്.

കൃഷിയും അനുബന്ധ പ്രവർത്തനങ്ങളും ലോക് ഡൗൺ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയ കേന്ദ്ര ഉത്തരവ് കേരളത്തിലും നടപ്പാക്കണം. കശുവണ്ടി, റബർ, പൈനാപ്പിൾ തുടങ്ങിയവയ്ക്കായി ആഴ്ചയിൽ ഒരു ദിവസമെങ്കിലും കടകൾ തുറക്കാൻ അനുവാദം നൽകണം. കർഷക പെൻഷൻ 6 മാസത്തെ കുടിശികയെങ്കിലും നൽകണം. രോഗ ലക്ഷണമുള്ളവരെ പരിശോധിക്കണമെന്നു നാലാം തവണയും രമേശ് ആവശ്യപ്പെട്ടു.

‘സാലറി ചാലഞ്ചിനോട് എതിർപ്പില്ലെങ്കിലും നിർബന്ധമാക്കരുത്. സർവീസ് സംഘടനകളുമായി ചർച്ച ചെയ്തും ചില വിഭാഗങ്ങളെ ഒഴിവാക്കിയും മാത്രമേ നടപ്പാക്കാവൂ. സ്വരൂപിക്കുന്ന തുക പ്രത്യേക അക്കൗണ്ടിലാക്കണം.’

  രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ്

‘സമ്മതപത്രം വാങ്ങി മാത്രമേ സാലറി ചാലഞ്ച് നടപ്പാക്കാവൂ. ചികിത്സാ ചെലവ്, കുട്ടികളുടെ വിദ്യാഭ്യാസം, വിലക്കയറ്റം എന്നിവകൊണ്ടു പ്രയാസം അനുഭവിക്കുന്നവരെ പീഡിപ്പിക്കരുത്.’       

മുല്ലപ്പള്ളി രാമചന്ദ്രൻ, കെപിസിസി പ്രസിഡന്റ്

English summary: Kerala Govt approves funds to take helicopter for hire

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com