ADVERTISEMENT

തിരുവനന്തപുരം ∙ കേരളത്തിൽ 24 പേർക്കു കൂടി കോവിഡ്. കാസർകോട് (12), എറണാകുളം (3), തിരുവനന്തപുരം, തൃശൂർ, കണ്ണൂർ, മലപ്പുറം (2 വീതം), പാലക്കാട് (1) ജില്ലകളിലാണിത്. 9 പേർ വിദേശത്തു നിന്നെത്തിയവരാണ്; 15 പേർക്കു സമ്പർക്കത്തിലൂടെ ബാധിച്ചു. കേരളത്തിൽ മൊത്തം രോഗബാധിതർ 265; ഇപ്പോൾ ചികിത്സയിലുള്ളവർ 237. 

സമ്പർക്കം വഴി കോവിഡ് കൂടുന്നു

തിരുവനന്തപുരം ∙ സമ്പർക്കംവഴി കോവിഡ് ബാധിച്ചവരുടെ എണ്ണം കൂടുന്നു. ഇന്നലെ സ്ഥിരീകരിച്ച 24 പേരിൽ 9 പേർ മാത്രമാണു വിദേശത്തു നിന്നെത്തിയവർ. 15 പേർക്കു സമ്പർക്കം വഴിയാണു കിട്ടിയത്. ചൊവ്വാഴ്ച സ്ഥിരീകരിച്ച 7 പേരിൽ ആറും സമ്പർക്കം വഴിയായിരുന്നു. തിങ്കളാഴ്ച 32 പേർക്കു സ്ഥിരീകരിച്ചതിൽ 15 പേർ സമ്പർക്കം വഴിയായിരുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ച 265 പേരിൽ 191 പേരും വിദേശത്തു നിന്നെത്തിയവരാണ്. 7 പേർ വിദേശികൾ തന്നെയാണ്. 67 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം പകർന്നത്. 

എറണാകുളം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ബ്രിട്ടിഷ് പൗരൻ ബ്രയാൻ നീൽ (57) ഉൾപ്പെടെ 2 പേർ ഇന്നലെ ആശുപത്രി വിട്ടു. ഇതോടെ കേരളത്തിൽ കോവിഡ് ഭേദമായവരുടെ എണ്ണം 26 ആയി. സംസ്ഥാനത്ത് ഇപ്പോൾ നിരീക്ഷണത്തിലുള്ളത് 1,64,130 പേരാണ് – 1,63,508 പേർ വീടുകളിലും 622 പേർ ആശുപത്രികളിലും. ഇന്നലെ 123 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 7965 പേരുടെ സാംപിൾ പരിശോധനയ്ക്ക് അയച്ചതിൽ 7256 എണ്ണവും നെഗറ്റീവാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

നെടുമ്പാശേരി വിമാനത്താവളത്തിൽ യാത്രക്കാരെ പരിശോധിച്ച ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ (41), കോവിഡ് ബാധിച്ചു മരിച്ച മട്ടാഞ്ചേരി സ്വദേശിയുടെ അടുത്ത ബന്ധുക്കളായ യുവതി (32), യുവാവ് (17) എന്നിവർക്കാണ് എറണാകുളം ജില്ലയിൽ ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 

ഇന്നലെ രോഗം സ്ഥിരീകരിച്ച തിരുവനന്തപുരം ജില്ലക്കാർ ദുബായ് വിമാനത്താവളത്തിലെ ജീവനക്കാരനായ പോത്തൻകോട് സ്വദേശിയും (30), ഷാർജയിൽനിന്നെത്തിയ മണക്കാട് സ്വദേശിയുമാണ് (61). ഷാർജയിൽ നിന്നെത്തിയ ആൾക്ക് കേരളത്തിൽനിന്നു സമ്പർക്കത്തിലൂടെയാണു വൈറസ് ബാധിച്ചത്. 

കാസർകോട് ജില്ലയിൽ സ്ഥിരീകരിച്ച 12 പേരിൽ പത്തും സമ്പർക്കത്തിലൂടെയാണ്. ഇതിൽ കൂടുതലും സ്ത്രീകളാണ്. ചെമ്മനാട് സ്വദേശികളായ 18, 52, 72, 32 വയസ്സുകാരികളും 11 വയസ്സുള്ള ആൺകുട്ടിയും ബദിയടുക്കയിലെ (41) പുരുഷനും പെൺകുട്ടിയുമാണ് (15) രോഗബാധിതർ. കാസർകോട് നഗരത്തിൽ 20, 23 വയസ്സുകാരികളും 51 വയസ്സുകാരനും പെരിയയിൽ 52 വയസ്സുകാരനും രോഗബാധിതരായി. 2 പേർ ദുബായിൽനിന്നെത്തിയവരാണ്. 

21ന് ദുബായിൽ നിന്ന് കൊച്ചി വഴി എത്തിയ എടയന്നൂർ സ്വദേശി (50), ബെംഗളൂരു വഴിയെത്തിയ എരിപുരം സ്വദേശി (36) എന്നിവർക്കാണ് കണ്ണൂരിൽ രോഗം സ്ഥിരീകരിച്ചത്.  തൃശൂർ ജില്ലയിൽ ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ച ചാലക്കുടി സ്വദേശിയുടെ ഭാര്യയ്ക്കും (40) മകനുമാണ് (16) ഇന്നലെ സ്ഥിരീകരിച്ചത്. മൊറീഷ്യസിലായിരുന്ന ഗൃഹനാഥൻ 23ന് മുംബൈ വഴി എത്തിയതാണ്. 

ഇതിനിടെ, കൊല്ലം ജില്ലയിൽ രോഗം സ്ഥിരീകരിച്ച പ്രാക്കുളം സ്വദേശിയുടെ കുടുംബത്തിലെ 4 പേരുടെ പരിശോധനാ ഫലം നെഗറ്റീവായത് ആശ്വാസമായി. ഇവർ ആശുപത്രി വിട്ടു. 

English summary: COVID 19 cases Kerala

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com