ADVERTISEMENT

നാടു മുഴുവൻ സുരക്ഷിതത്വത്തിനായി വീട്ടിലിരിക്കുമ്പോഴും  ഓരോ വീട്ടിലും വാർത്തകളുടെ സുപ്രഭാതം സ്നേഹത്തോടെ കൈമാറുന്ന ഒരുപാടു പേരുണ്ട് കേരളത്തിൽ – പത്ര ഏജന്റുമാരും വിതരണക്കാരും. പത്രവിതരണം എന്ന ചുമതല ഏറ്റവും ഉത്തരവാദിത്തത്തോടെ പ്രതിദിനം കൃത്യമായി നിർവഹിച്ചുപോരുന്ന ഇവർക്കായി ഈ രോഗകാലത്ത് പ്രത്യേക അഭിവാദ്യം അർപ്പിക്കാതെ വയ്യ.

ഇവർ, നാടുണരും മുൻപേ ഉണരുന്നവർ, നാലായി മടക്കിയ പത്രം ഇരുൾ മാറുംമുൻപേ വീടുകളിലെത്തിക്കുന്നവർ. വാർത്തയുടെ ചൂടിൽ, മഴയും മഞ്ഞും വകവയ്ക്കാത്തവർ. ഈ ലോക്‌‍ഡൗൺ കാലത്തിന്റെ ആലസ്യം അറിയാത്തവർ. യന്ത്രവൽകൃത അച്ചടിസംവിധാനത്തിൽ, കൈ തൊടാതെ പൊതിഞ്ഞുലഭിക്കുന്ന പത്രക്കെട്ടുകൾ, കയ്യുറകൾ ധരിച്ച് ഏറ്റുവാങ്ങി അതേ സുരക്ഷിതത്വത്തോടെ, അതിജാഗ്രതയുടെ ഈ കാലത്ത് വീടുകളിലെത്തിക്കുന്ന ആ വലിയ ദൗത്യം തീർച്ചയായും കേരളത്തിന്റെ കയ്യടി അർഹിക്കുന്നു.

പഴയകാലം തൊട്ടേ പത്രത്തിന്റെ വിതരണക്കാർ മാത്രമല്ല, ഇവർ - പത്രമിടുന്ന വീട്ടിൽ വലിയ വിശേഷമുണ്ടായാലും നാട്ടിലെ റോഡ് തകർന്നാലുമെല്ലാം ലോകത്തെ അറിയിക്കുന്ന വാർത്താദൂതന്മാർ കൂടിയാണ്. ഇപ്പോൾ, അതിരാവിലെ പത്രവിതരണം കഴിഞ്ഞാൽ സമൂഹ അടുക്കളയിലും രോഗികളുടെ ആശുപത്രിയാത്രയിലുമെല്ലാം സഹായവുമായെത്തുന്ന ഏജന്റുമാർ എത്രയോ പേരുണ്ട്.

കഴിഞ്ഞ രണ്ടു പ്രളയകാലത്തും വെള്ളം കയറിയ ദുർഘട വഴികളിലൂടെ സാഹസികമായി നടന്നും നീന്തിയുമൊക്കെ വീടുകളിൽ പത്രമെത്തിച്ചവരാണ് ഇവർ. ആ ചുമതലാബോധത്തിന്റെ തുടർച്ച തന്നെയാണ് ഈ രോഗകാലത്തും നാം കാണുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ വ്യാജവാർത്തകൾ വ്യാപകമാകുന്ന കാലത്ത്, നേരറിയിക്കാനായി  ഇവർ ചെയ്യുന്നത് അഭിനന്ദനീയ രാജ്യസേവനം തന്നെയാവുന്നു. അതുകൊണ്ടുതന്നെയാണ്, ഈ ലോക്ഡൗൺ കാലത്ത് പത്രവിതരണം അവശ്യസർവീസാണെന്നും അതു തടസ്സപ്പെടരുതെന്നും കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വ്യക്തമാക്കിയതും. ഇത് പത്ര ഏജന്റുമാർക്കും വിതരണക്കാർക്കുമായുള്ള സ്നേഹാഭിവാദ്യം; നന്ദിമുദ്ര.  

English summary: COVID 19; Newspaper agents doing great work

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com