ADVERTISEMENT

കുറവിലങ്ങാട് ∙ഒരുങ്ങിയ അരങ്ങുകൾ കോവിഡ്–19 നിയന്ത്രണങ്ങളുടെ തിരശീല പിടിച്ചപ്പോൾ സമൂഹമാധ്യമങ്ങളിലെ അരങ്ങുകളിൽ കഥകളിയും തായമ്പകയും കഥകളി സംഗീതവും നിറയുന്നു. നഷ്ടമായ ഉത്സവകാലത്തെ ഓർത്തു കലാലോകം നിരാശപ്പെടുന്നില്ല. പാടിയും പഠിപ്പിച്ചും മേളത്തിന്റെ താളവട്ടം അവതരിപ്പിച്ചും പുത്തൻ അരങ്ങത്ത് അവരുണ്ട്. 

ഫെയ്സ്ബുക്കിൽ കഥകളിയുടെ ഒരു ഗ്രൂപ്പിൽ കാലത്തിനൊത്ത രണ്ടു പുത്തൻ ആട്ടക്കഥകൾ. കൊറോണ യുദ്ധവും കൊറോണ വധവും. ലക്ഷണമൊത്ത ആട്ടക്കഥയുടെ പട്ടികയിലൊന്നും ഉൾപ്പെടുത്തേണ്ട. പക്ഷേ, വീടുകളിൽ ഒതുങ്ങിയ കലയുടെ വേറിട്ട കാഴ്ചയാണിത്. അത്തിപ്പറ്റ രവി എഴുതിയ കൊറോണയുദ്ധത്തിലെ ആദ്യ വരികളിൽ വൈറസിനോടു മനുഷ്യന്റെ ചോദ്യം ഇങ്ങനെ. 

‘ആരു നീയെടാ, കീടമേ മമ മേനിയിൽ കുടിയേറുവാൻ 

ചേരുകില്ലയി, നിന്റെ ഹുങ്കിഹ മർത്യനോടു ധരിക്കെടാ’

വൈറസിന്റെ മറുപടി– 

‘ഞാൻ കൊറോണ നരാധമ ദുരിതങ്ങളൊട്ടു വിതയ്ക്കുവാൻ 

എങ്കലുണ്ടെട വേറെയെന്നറിയേണമിത്തരുണത്തിൽ നീ’

കഥയുടെ അവസാനം ഭാരതാംബയുടെ ഉപദേശമെത്തി. സാമൂഹിക അകലത്തിന്റെയും വ്യക്തിശുചിത്വത്തിന്റെയും സന്ദേശം. അഡ്വ. ഹരി എഴുതിയ കൊറോണ വധം ആട്ടക്കഥയുടെ വരികളിലും ഉണ്ട് വൈറസിന്റെ വിശേഷം. 

‘പൊട്ടാ മാനുഷാ സാധാരണ കീടം അല്ലിവൻ ഈ പാരിലൊട്ടുക്കും താണ്ഡവമാടും

ഇവനെ നീ പുച്ഛിച്ചാൽ നഷ്ടമായിടും നിന്റെ കുലം’ എന്നിങ്ങനെയാണ് കൊറോണ വധത്തിലെ വരികൾ. 

വീടിന്റെ സുരക്ഷയിൽ ഒതുങ്ങിയ കലാലോകത്തിൽ കഥകളി സംഗീതജ്ഞൻമാരായ കോട്ടയ്ക്കൽ നാരായണൻ, കോട്ടയ്ക്കൽ മധു, നെടുമ്പിള്ളി രാംമോഹൻ, കലാമണ്ഡലം ബാബു നമ്പൂതിരി, കോട്ടയ്ക്കൽ വിനീഷ്, സദനം ശിവദാസ്, സദനം ജ്യോതിഷ് ബാബു തുടങ്ങിയവരും തായമ്പക വിദഗ്ധൻ പനമണ്ണ ശശിയും ഫെയ്സ്ബുക്കിൽ സജീവമാണ്. ആട്ടക്കഥ രൂപത്തിലായ കൊറോണ വൈറസിന്റെ കഥയുടെ അണിയറയിൽ സജീവമായവരാണ് പാലക്കാട് ശ്രീകൃഷ്ണപുരം നെടുമ്പിള്ളി റാംമോഹനും ഭാര്യ മീര റാംമോഹനും. പുത്തൻ അരങ്ങിന്റെ കഥ ഇതാണ്. 

അത്തിപ്പറ്റ രവി എഴുതിയ കൊറോണയുദ്ധത്തിന്റെ ആശയം മീര റാംമോഹന്റേതാണ്. ആശയം വേഗത്തിൽ വരികളായപ്പോൾ റാം മോഹനും മീരയും പാടി. കഥകളിയിൽ തമോഗുണമുള്ള കഥാപാത്രങ്ങൾക്കാണു ചുവപ്പ് താടി. പുത്തൻ ആട്ടക്കഥയിൽ കൊറോണ താടി വേഷമാണ്. തൃശൂർ കഥകളി ക്ലബിലെ അംഗങ്ങളും ഒരു കൂട്ടം കലാകാരന്മാരും ഒത്തുചേർന്നപ്പോഴാണ് ആട്ടക്കഥ സമൂഹമാധ്യമത്തിലെ വേദിയിൽ തിരനോട്ടം നടത്തിയത്. 

കലയുടെ ഗ്രൂപ്പുകൾ സമൂഹമാധ്യമങ്ങളിൽ സജീവമായി. നീണ്ട ഇടവേളയ്ക്കു ശേഷം വീടിന്റെ സുരക്ഷിതത്വത്തിൽ. വാട്സാപ് വഴി ക്ലാസുകളും ചർച്ചകളും. പഴയ കഥകളി വിഡിയോകൾ കാണുന്നതിനു സമയമുണ്ട്. നീണ്ട ഇടവേളയ്ക്കു ശേഷം ലഭിച്ച സമയത്തെ സൃഷ്ടിപരമായി വിനിയോഗിക്കുകയാണ്. 

കഥ തുടരുകയാണ്. പുതിയ വേദിയിൽ പുതിയ വേഷങ്ങൾ. പുത്തൻ പരീക്ഷണങ്ങൾ. 

English summary: Online Kathakali

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com