ADVERTISEMENT

കെ.എം മാണിയില്ലാത്ത ഒരാണ്ട്;  പകരം വയ്ക്കാനില്ലാത്ത ആ നേതാവിന്റെ വ്യക്തിപ്രഭാവത്തെ അനുസ്മരിക്കുകയാണിവിടെ

കേരളരാഷ്ട്രീയവും യുഡിഎഫും ഈ ഒരാണ്ട് കെ.എം.മാണിയുടെ അസാന്നിധ്യം അനുഭവിച്ചത് ഏതെല്ലാം തരത്തിലാണ്? പതിറ്റാണ്ടുകളുടെ ആത്മബന്ധമുള്ള മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണു മറുപടി നൽകിയത്. ‘‘സർവതലസ്പർശിത്വമുള്ള നേതാവായിരുന്നു മാണിസാർ.നിയമസഭയ്ക്കകത്തും പുറത്തും ഓരോ സന്നിഗ്ധഘട്ടങ്ങളിലും ഞങ്ങൾ അദ്ദേഹത്തിന്റെ അഭാവം തൊട്ടറിയുന്നു.പ്രശ്നങ്ങൾ വരുമ്പോൾ മാണി സാറുണ്ടല്ലോ എന്ന ആത്മബലം യുഡിഎഫിനെ കാത്തുപോന്നിരുന്നു.ആ ശൂന്യതയാണു വേദനയോടെ ഉൾക്കൊള്ളുന്നത്’’.

ഈ കോവിഡ് കാലത്തും യുഡിഎഫ് നേതൃത്വം അദ്ദേഹത്തെ നന്ദിപൂ‍ർവം സ്മരിച്ചു.കാസർകോട് ജില്ലയ്ക്കു പ്രത്യേക പാക്കേജിനും കാസർകോട് അടക്കം എല്ലാ ജില്ലകളിലും മെഡിക്കൽ കോളജുകൾക്കും ഉമ്മൻചാണ്ടി സർക്കാർ ആലോചിച്ചപ്പോൾ ധനപരമായ വലിയ പ്രതിബന്ധങ്ങളുണ്ടായിരുന്നു. പക്ഷേ കാര്യകാരണങ്ങൾ ബോധ്യപ്പെട്ടപ്പോൾ കെ.എം.മാണി എന്ന ധനമന്ത്രി ഫയലിൽ ഒപ്പിട്ടു. കാരുണ്യ പദ്ധതിയുടെ കാലാവധി നീട്ടുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വന്നപ്പോഴും കേരളം കൃതജ്ഞതയോടെ കെ.എം.മാണിയെ ഓർമിച്ചു.

ലോക്ഡൗൺ വേളയിൽ രാജ്യമാകെ ഭരണം മുന്നോട്ടുപോകുന്നതു വിഡിയോ കോൺഫറൻസിങ് മുഖേനയാണെങ്കിൽ 2005 ഡിസംബർ 30ന് ആ ഭരണസംസ്കാരത്തിനു കേരളത്തിൽ തുടക്കമിട്ടതു കെ.എം.മാണിയായിരുന്നു. സ്വന്തം വകുപ്പിനെ ആദ്യം ഡിജിറ്റലൈസ് ചെയ്ത മന്ത്രിയും മറ്റാരുമല്ല. ഡിജിറ്റൽ ഒപ്പിട്ട ഒന്നാം കേരളമന്ത്രിയും മാണി തന്നെ.

കായൽരാജാക്കന്മാരുടെയും തോട്ടം ഉടമകളുടെയും പാർട്ടിയെന്ന പേരുദോഷം മാറ്റണമെന്ന ഇച്ഛാശക്തിയോടെ 1973 ലെ ആലുവാ സമ്മേളനത്തിൽ സാമ്പത്തിക പ്രമേയവും പിന്നാലെ അധ്വാനവർഗസിദ്ധാന്തവും അവതരിപ്പിച്ചു പൊതു സ്വീകാര്യതയിലേക്കു കേരളകോൺഗ്രസിനെ കൊണ്ടുവന്ന കെ.എം.മാണി എന്നും ഒരൽപം മുൻപേ, വേഗത്തിൽ നടന്ന നേതാവായിരുന്നു. തുടർച്ചയായി 54 വർഷം അംഗമായി റെക്കോർഡിട്ട നിയമസഭയിലേക്ക് ഓരോ ദിവസവും കടന്നുവരുന്നതിൽ വരെയുണ്ടായി ആ വേഗം! ആഭ്യന്തരം, റവന്യൂ. ധനം, ജലസേചനം, വൈദ്യുതി, നഗര വികസനം, ഭവന നിർമാണം, ഇൻഫർമേഷൻ തുടങ്ങി മാണി ഭരിക്കാത്ത വകുപ്പുകളില്ല; മുഖ്യമന്ത്രിയായില്ലെങ്കിലും മന്ത്രിമുഖ്യനായിരുന്നു മാണി. കെ.എം.മാണിയെന്ന മികച്ച പാർലമെന്ററിയന്റെ ക്രമപ്രശ്നത്തെ നേരിടാത്ത മന്ത്രിമാരുമില്ല.

ഇതുകൊണ്ടൊക്കെയാണു മാണിക്കു മുഖ്യമന്ത്രി പദം അവകാശപ്പെട്ടതായിരുന്നുവെന്ന് എതിരാളികൾ വരെ പരസ്യമായി പറഞ്ഞത്. യുഡിഎഫും എൽഡിഎഫും എൻഡിഎയും ഒരു പോലെ ഒരു മുഖ്യമന്ത്രിസാധ്യത കൽപ്പിച്ച, കൂടെയുണ്ടാകണമെന്നു കാംക്ഷിച്ച ഒരു നേതാവ് കേരളത്തിലുണ്ടായിട്ടില്ല. അന്തിമനാളുകളിൽ പുകഞ്ഞുകത്തിയ ബാർകോഴ ആക്ഷേപവും കേസും ആ ഔന്നത്യശോഭ കെടുത്തിയുമില്ല. വിയോഗത്തിനു രണ്ടുനാൾക്കുശേഷം രാഷ്ട്രീയ പ്രതിയോഗികളടങ്ങുന്ന ഇടതുമന്ത്രിസഭ പാസാക്കിയ പ്രമേയം മാണി എത്തിനിന്ന ഉയരത്തിന്റെ നിദർശനമാണ്. ‘‘ലോക പാർലമെന്ററി ചരിത്രത്തിൽ ഇടം നേടുന്ന അത്യപൂർവം സാമാജികരുടെ നിരയിലാണു കെ.എം.മാണിയുടെ സ്ഥാനം. മുന്നണികൾ മാറിമാറി മത്സരിച്ചിട്ടും തുടർച്ചയായി ജയിച്ചുവന്നിരുന്നതു കെ.എം. മാണി എന്ന നേതാവ് ആർജിച്ച അസാമാന്യജനപിന്തുണയുടെ ദൃഷ്ടാന്തമാണ്’’

പാലായും പാർട്ടിയും പ്രിയതമയും

പാലായിലെ കരിങ്ങോഴയ്ക്കൽ തറവാട്ടിൽ നിന്നു തിരുവനന്തപുരത്തേക്കു തിരിക്കുമ്പോൾ ഭാര്യ കുട്ടിയമ്മയ്ക്ക് ഒരു മുത്തം നൽകാതിരിക്കാൻ കഴിയില്ലായിരുന്നു കെ.എം. മാണിക്ക്. അധ്വാനവർഗസിദ്ധാന്തത്തിന്റെ ഇംഗ്ളിഷ് ഭാഷ്യം മൻമോഹൻസിങ്ങിനെക്കൊണ്ടു പ്രകാശനം ചെയ്യിക്കുമ്പോൾ കേരള കോൺഗ്രസ് രാജ്യമാകെ വളരണമെന്ന് ഒരു പിതാവിന്റെ അതേ ആത്മാർഥതയോടെ കെ.എം.മാണി ആഗ്രഹിക്കുകയും ചെയ്തിരുന്നു. അപ്പോഴും പാലായേക്കാൾ വലിയ ലോകവും മാണിക്കില്ലായിരുന്നു. ‘ഭയപ്പെടേണ്ട, ഞാൻ നിന്നോടു കൂടിയുണ്ട്’ എന്ന ബൈബിൾ വചനമായിരുന്നു മാണിക്കു പാലാ. രാഷ്ട്രീയം, കുടുംബം, മണ്ഡലം ഇവയിൽ ഏതെങ്കിലുമൊക്കെ കൈവിട്ടുപോകുന്നവർക്കിടയിൽ മൂന്നിനെയും ഒരു പോലെ താലോലിക്കാനും പരിപാലിക്കാനുമുള്ള മെയ് വഴക്കം മാണി കാട്ടി. ആ വിടർന്ന ഉച്ചത്തിലുള്ള വലിയ ചിരിയും ചേർത്തുപിടിച്ചുളള സ്നേഹപരിലാളനകളും അടുപ്പക്കാർക്കു ലോഭമില്ലാതെ കൊടുക്കുമ്പോൾ തന്നെ ഏറ്റവും കടുത്ത ശത്രുവിനോടു സ്വരം കടുപ്പിച്ച് ഒരു വാക്ക് പറയാതിരിക്കാനും മാണി ശ്രദ്ധിച്ചു. ആരെങ്കിലും പരിഭവത്തിലായാൽ സംസാരിക്കുക മധ്യസ്ഥരല്ല, പകരം പാലായിലേക്കുള്ള ക്ഷണമെത്തുന്നതു ‘മാണി സാറി’ ൽ നിന്നു തന്നെയാകും.

തർക്കവും പ്രതിസന്ധിയും പിളർപ്പും കേരളകോൺഗ്രസിന് ഒരു കാലവും അപരിചിതമല്ല. അപ്പോഴെല്ലാം പക്ഷെ, മാണി കേരളകോൺഗ്രസിലെ അതിശക്തനായി നിലനിന്നു. മാണിയുണ്ടായിരുന്ന കാലം പാലാ കേരളകോൺഗ്രസിനും കേരളകോൺഗ്രസ് സംസ്ഥാന രാഷ്ട്രീയത്തിനും അത്രമേൽ പ്രിയങ്കരമായും തുടർന്നു. എക്കാലത്തെയും പ്രിയ ചങ്ങാതിയോ? അതു മുസ്‌ലിംലീഗ് അഖിലേന്ത്യാ ജനറൽസെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയാണ്. ദിവസവും പല തവണ ഫോണിൽ ബന്ധപ്പെടുമായിരുന്ന ദൃഢ ബന്ധം. ‘‘ആദ്യം നിയമസഭയിലെത്തിയപ്പോൾ മുതൽ ആരാധനയോടെ കാണുന്ന നേതാവാണ് മാണി സാർ. പ്രതിസന്ധികൾ തട്ടിമാറ്റാൻ എനിക്ക് കൂട്ടായി അദ്ദേഹവും തിരിച്ചു ഞാനുമുണ്ടായി. പരസ്പരം മാത്സര്യമുള്ള രണ്ടു പാർട്ടികൾക്കിടയിൽ ഇങ്ങനെ സഹകരണം ഉരുത്തിരിയുന്നത് അത്യപൂ‍ർവമാകും’’– കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളകോൺഗ്രസിനെ യുഡിഎഫിൽ തിരികെയെത്തിച്ചതും ഇപ്പോഴത്തെ പോർവിളികൾ ശമിപ്പിക്കാനുള്ള കോൺഗ്രസിന്റെ ശ്രമങ്ങൾക്കു കൈത്താങ്ങാകുന്നതും ഈ ബന്ധം തന്നെ.

നാളെയെക്കുറിച്ചു ചിന്തിച്ചയാൾ

പരുക്കില്ലാതെ എങ്ങനെ ഒരു ദിവസം കടന്നുപോകാമെന്നു വിചാരിച്ചിരുന്ന പ്രാദേശികകക്ഷിയുടെ നേതാക്കൾക്കിടയിൽ ഭാവി എങ്ങനെ ശോഭനമാകാമെന്നു ചിന്തിച്ച ‘ലീഡർ’ എന്ന നിലയിലാണു കെ.എം.മാണി വ്യത്യസ്തനാകുന്നത്. യൂറോപ്യൻ യൂണിയനും യൂറോയും പ്രാബല്യത്തിലാകുന്നതിന് എത്രയോ മുൻപ്, 1984 ൽ ഏഷ്യൻ സാമ്പത്തിക സമൂഹം രൂപീകരിക്കണമെന്നും അതിന് ഒറ്റ കറൻസി വേണമെന്നും ആവശ്യപ്പെട്ട നേതാവായിരുന്നു മാണി! കേന്ദ്ര– സംസ്ഥാനബന്ധത്തെക്കുറിച്ച് ആശങ്കാകുലമായ ചർച്ചകൾ‍ ഇന്നു നടക്കുമ്പോൾ സംസ്ഥാനത്തിന്റെ അധികാരാവകാശങ്ങൾക്കായുള്ള വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം എക്കാലത്തും ആ രാഷ്ട്രീയജീവിതത്തിന്റെ ഭാഗമായിരുന്നു. ‘പഞ്ചവത്സരപദ്ധതിക്ക് ഒരു ബദൽരേഖ’യിലെ നിർദേശങ്ങൾ ഗൗരവത്തോടെ കാണണമെന്ന് അഭിപ്രായപ്പെട്ടത് ആസൂത്രണകമ്മിഷൻ ഉപാധ്യക്ഷനായ മോഹൻധാരിയയാണ്. അധ്വാനവർഗ സിദ്ധാന്തത്തെ മൻമോഹൻസിങ് വരെ പ്രകീർത്തിച്ചുവെങ്കിൽ ആശയാവതരണവേളയിൽ യോജിക്കുന്നുവെന്നു പ്രഖ്യാപിച്ചത് പ്രഥമ ഇഎംഎസ് സർക്കാരിൽ മന്ത്രിയായിരുന്ന ജസ്റ്റീസ് വി.ആർ കൃഷ്ണയ്യരും.

നെടുമ്പാശേരിയിൽ വിമാനം ഇറങ്ങിയാൽ‍ അതു തന്റെ നെഞ്ചിലൂടെയായിരിക്കുമെന്ന് ഇടതുപക്ഷത്തെ ചിലർ വെല്ലുവിളിച്ചപ്പോൾ വിമാനത്താവളത്തിനു സ്ഥലം ഏറ്റെടുക്കാൻ മുഖ്യമന്ത്രി കെ. കരുണാകരൻ ചുമതലപ്പെടുത്തിയത് അന്നത്തെ റവന്യൂമന്ത്രി കെ.എം മാണിയെയായിരുന്നു. തഹസീൽദാറിനെ നിയോഗിച്ച് ആലുവ ടിബിയിൽ ക്യാംപ് ചെയ്തുകൊണ്ട് ഭൂമി ഏറ്റെടുക്കലിനു മന്ത്രി നേരിട്ടു നേതൃത്വം നൽകിയതു കേരളചരിത്രത്തിൽ ആദ്യം. പാലാ പോലെ ഹൃദയത്തോടു ചേർത്തുവച്ച റബർ കർഷകർക്കു താങ്ങായ വിലസ്ഥിരതാ പദ്ധതിയുടെ പിതൃത്വവും മറ്റാർക്കുമില്ല.

ആ വലിയ, ചെറിയ കാര്യങ്ങൾ

വലിയ വലിയ കാര്യങ്ങൾക്കൊപ്പം കൊച്ചുകൊച്ചു കാര്യങ്ങളിൽ കൂടി കണ്ണെത്തിച്ചാണു മാണി കേരളകോൺഗ്രസിനെയും സ്വയം തന്നെയും കേരളരാഷ്ട്രീയത്തിൽ പ്രതിഷ്ഠിച്ചത്. നിവേദനം വാങ്ങുന്നതിനിടയിൽ വേണ്ടത്ര ഗൗനിക്കാഞ്ഞതിനു മുഖം കറുത്തയാളുടെ ഫോണിലേക്കു വൈകാതെ മാണിയുടെ വിളി വന്നിരിക്കുമായിരുന്നു. നിയമസഭയിൽ ‘മന്ത്രിയുടെ കൊടിവച്ച കാറിൽ അദ്ദേഹത്തിന്റെ ഭാര്യ തനിയെ സഞ്ചരിച്ചതു’ കൂടി പറഞ്ഞ് ആക്രമിക്കാനിരുന്ന പാർട്ടിഅംഗം ജോസഫ് എം. പുതുശേരിയുടെ പ്രസംഗക്കുറിപ്പ് മുൻകൂട്ടി വായിച്ച് ‘വ്യക്തിപരമായി ആക്ഷേപിക്കുന്ന ഭാഗം’ നീക്കാനുള്ള നിയമസഭാകക്ഷി നേതാവിന്റെ ജാഗ്രതയും മാന്യതയും മാണി കാട്ടുമായിരുന്നു. സഭയിൽ ഉജ്വലമായി പ്രസംഗിക്കുന്ന ഏത് അംഗത്തെ തേടിയും ‘മാണിസാറിന്റെ’ അഭിനന്ദനക്കുറിപ്പ് വരും. രാവിലെ ഏഴുമണിക്കുള്ളിൽ ആ പത്രവായന പൂർത്തിയാക്കുന്നതിനിടയിലെ ഓരോ ഫോൺവിളികളും ആ പത്രത്താളുകളിൽ തിളങ്ങിനിൽക്കുന്നവർക്കുള്ളതായിരുന്നു.

നിർണായകവിഷയങ്ങളിൽ മറ്റുള്ളരുടെ ശക്തമായ വിരുദ്ധാഭിപ്രായം ചോദിച്ചു കേൾക്കുന്നതായിരുന്നു മാണിയുടെ രീതി. തീരുമാനം സ്ഫുടം ചെയ്തെടുക്കാനുള്ള വഴിയായിരുന്നു ആ ‘അന്യോന്യങ്ങൾ. ഈ വിധ ആരവങ്ങൾക്കിടയിലും അദ്ദേഹം കുട്ടിയമ്മയും മക്കളുമായി കോവളം ഗെസ്റ്റ് ഹൗസിൽ പോയി സ്നേഹനിമിഷങ്ങൾ പങ്കിട്ടു. ‘ദൃശ്യം’ സിനിമ ഗംഭീരമെന്നു രമേശ് ചെന്നിത്തല പറഞ്ഞപ്പോൾ തൊട്ടടുത്ത ദിവസം ഭാര്യയെ കൂട്ടി കാണാനുള്ള സമയം കണ്ടെത്തി. ആകാരത്തിന്റെ തന്നെ ഭാഗമായ ജൂബ ഊരിവച്ചു ടീഷർട്ടിട്ടു പേരക്കുട്ടിയുമായി ഫുട്ബോൾ കളിച്ചു. യാത്രകളിൽ റാഫിയെയും ലതാമങ്കേഷ്കറെയും കേട്ടുകൊണ്ടേയിരുന്നു. കെ.എം. മാണിസാർ എന്ന വലിയ നേതാവിൽ നിന്നു മാണിയെന്ന സാധാരണക്കാരനിലേക്കുള്ള പകർന്നാട്ടങ്ങൾ അങ്ങനെ അടിക്കടി ചെയ്തുകൊണ്ട് നിർവചിക്കാനാകാത്ത ഒരു വ്യക്തിത്വത്തിന്റെ ശോഭയും അസാധാരണത്വവും കുതൂഹലങ്ങളും മലയാളിക്കു ബാക്കി തന്നിട്ടു യാത്രയായി.

ഈ കോവിഡ് കാലത്തും കെ.എം മാണി കൂടെയുണ്ടായിരുന്നുവങ്കിലോ? സാനിറ്റൈസർ അക്കാലത്തു സാധാരണയല്ല. പക്ഷേ, കുളി ദിവസം ഒന്നിൽ കൂടുതലായിരുന്നു. വിയർത്ത വേഷത്തിൽ തുടരുന്നതു തീർത്തും അപ്രിയം, വ്യക്തിശുചിത്വം പരമപ്രധാനം. ഇതെല്ലാം ചൂണ്ടിക്കാട്ടി ചില ജീവിതചര്യാപാഠങ്ങൾ കെ.എം.മാണി തീർ‍ച്ചയായും ഓതിത്തരുമായിരുന്നു!


English summary: K.M.Mani Death Anniversary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com