ഓർമകളുടെ ഉമ്മറത്തിണ്ണയിൽ തനിയെ കുട്ടിയമ്മ

kuttiyamma
കെ.എം. മാണിയുടെ പഴയകാല ചിത്രം നോക്കുന്ന പത്നി കുട്ടിയമ്മ. ചിത്രം: മനോരമ
SHARE

പാലാ ∙ കരിങ്ങോഴയ്ക്കൽ വീടിന്റെ ഗേറ്റ് ആർക്കും മുന്നിൽ അടയുന്നില്ല. പാർട്ടി പ്രവർത്തകരും നാട്ടുകാരും ഇപ്പോഴും പാലായിലെ കരിങ്ങോഴയ്ക്കൽ വീട്ടിലേക്ക് എത്തുന്നു. ഇടയ്ക്കൊന്ന് ഈ വീട്ടിൽ എത്തിയില്ലെങ്കിൽ സ്വന്തം വീട് അന്വേഷിക്കാത്തതു പോലെ തോന്നുന്ന പല പാർട്ടി പ്രവർത്തകരും പാലായിലുണ്ട്. വരുന്നവർക്കു സ്വാഗതമേകി കെ.എം. മാണിയുടെ ഭാര്യ കുട്ടിയമ്മ വീട്ടിലുണ്ട്. ജോസ് കെ.മാണി എംപിയും മിക്ക സമയത്തും വീട്ടിലെത്തും.

കെ.എം.മാണിയുടെ ഓഫിസ് മുറി അടക്കം എല്ലാം അതുപോലെ തന്നെയുണ്ട്. ചിരിച്ചു കൊണ്ട് എല്ലാവരെയും സ്വീകരിക്കുന്ന കെ.എം. മാണി പൂമുഖത്ത് എത്തിയാൽ കാണാവുന്ന വലിയ ഒരു ഛായാചിത്രമായി സ്വീകരണ മുറിയിൽ നിൽക്കുന്നു. പാർട്ടിക്കാര്യങ്ങൾ പറഞ്ഞും ജില്ലയിലെയും പാലായിലെയും വികസന പ്രശ്നങ്ങൾ പറഞ്ഞും ആളുകൾ എത്തുന്നുണ്ടെന്ന് ജോസ് കെ.മാണി പറഞ്ഞു. മാണി സാർ ഉള്ള സമയത്തെപ്പോലെ തന്നെ േസവനങ്ങൾ ചെയ്യാനാണു ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പൂമുഖത്തെ വലിയ തടി ബെഞ്ചിൽ കുട്ടിയമ്മ ഇടയ്ക്കു വന്ന് ഒറ്റയ്ക്കിരിക്കും. തിരക്കുകൾ ഒഴിഞ്ഞ് രാത്രിയിൽ കെ.എം. മാണിക്കൊപ്പം ആ ബെഞ്ചിൽ ഇരുന്നാണ് വീട്ടുകാര്യങ്ങളും നാട്ടുകാര്യങ്ങളും കുട്ടിയമ്മ സംസാരിച്ചിരുന്നത്. മാണിയെപ്പറ്റി പത്രങ്ങളിൽ വരുന്ന വാർത്തകൾ വെട്ടിയെടുത്തു സൂക്ഷിക്കുന്ന സ്വഭാവം കുട്ടിയമ്മയ്ക്കുണ്ട്. കഴിഞ്ഞ ദിവസം കെ.എം. മാണി അനുസ്മരണത്തിന്റെ ഭാഗമായി കേരള കോൺഗ്രസ് സേവന പ്രവർത്തനങ്ങൾ നടത്തുമെന്ന വാർത്ത വരെ വെട്ടിസൂക്ഷിച്ചിട്ടുണ്ട്.

കെ.എം. മാണിയുടെ മറ്റൊരു തറവാട് എന്നു വിളിക്കാവുന്ന കോട്ടയത്തെ കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി ഓഫിസും ആ ഓർമയിൽത്തന്നെ. 1977 ജനുവരി മൂന്നിനാണ് കോട്ടയം വയസ്കരക്കുന്നിലെ ആ കെട്ടിടം വാങ്ങുന്നത്. കെ.എം. മാണിയുടെ പേരിൽത്തന്നെയാണ് കെട്ടിടം വാങ്ങിയത്. ഇടയ്ക്ക് ഓഫിസിൽ ഒന്ന് വന്നില്ലെങ്കിൽ മനസ്സിന് ഒരു സുഖവുമില്ലെന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നെന്ന് 36 വർഷമായി ഓഫിസ് സെക്രട്ടറിയായ ബാബു വഴിയമ്പലം പറയുന്നു.

ഇതു വഴി കടന്നുപോയാൽ ഓഫിസിൽ കയറും. എല്ലാവരോടും സംസാരിച്ച് അദ്ദേഹത്തിന്റെ മുറിയിൽ പോയി ഇരുന്ന ശേഷമേ മടങ്ങൂ. ഒന്നാം നിലയിൽ ആയിരുന്നു കെ.എം.മാണിയുടെ ഓഫിസ് മുറി. ഗോവണി കയറാൻ ചെറിയ ബുദ്ധിമുട്ട് വന്നപ്പോൾ താഴത്തെ നിലയിലേക്ക് ഓഫിസ് മാറ്റി. ഇപ്പോഴും ചെയർമാന്റെ മുറിയായി അതാണ് സജ്ജീകരിച്ചിരിക്കുന്നത്.

കാരുണ്യദിനമായി ഇന്ന് കെ.എം. മാണിയുടെ ഒന്നാം ചരമ വാർഷികം

കോട്ടയം ∙ കേരള കോൺഗ്രസ് (എം) മുൻ ചെയർമാൻ കെ.എം. മാണിയുടെ ഒന്നാം ചരമ വാർഷികം ഇന്ന്. പാലാ സെന്റ് തോമസ് കത്തീഡ്രലിലെ കുടുംബക്കല്ലറയിൽ രാവിലെ 7.30ന് പ്രാർഥനയിൽ കെ.എം. മാണിയുടെ പത്നി കുട്ടിയമ്മയും ജോസ് കെ. മാണി എംപിയും കുടുംബാംഗങ്ങളും പങ്കെടുക്കും. ലോക്‌ഡൗൺ വേളയായതിനാൽ വിപുലമായ അനുസ്മരണ പരിപാടികൾ ഒഴിവാക്കി കാരുണ്യ പ്രവർത്തനങ്ങൾ നടത്തിയാണ് കെ.എം. മാണിയുടെ സ്മൃതിദിനം പാർട്ടി പ്രവർത്തകർ ആചരിക്കുന്നതെന്നു ജോസ് കെ. മാണി പറഞ്ഞു. എല്ലാ ജില്ലകളിലും സമൂഹ അടുക്കളകളിലേക്കു ഭക്ഷണത്തിനുള്ള പണം പാർട്ടി കമ്മിറ്റികൾ കൈമാറുന്നുണ്ട്. കൂടാതെ, പാർട്ടി ഭരിക്കുന്ന സഹകരണ ബാങ്കുകളുടെ നേതൃത്വത്തിൽ കിടപ്പു രോഗികൾക്ക് ധനസഹായം കൈമാറും.
പാർട്ടി പ്രവർത്തകർ കാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടും.

English Summary: KM Mani Memories on Kuttiyamma

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA