ADVERTISEMENT

കൊച്ചി∙ലോക്ഡൗൺ മൂലം പ്രതിസന്ധിയിലായ റെയിൽവേ പദ്ധതികൾ പുനരാരംഭിക്കാൻ റെയിൽവേ സംസ്ഥാന സർക്കാരിന്റെ പ്രത്യേക അനുമതി തേടും. ഏറ്റുമാനൂർ–ചിങ്ങവനം പാത ഇരട്ടിപ്പിക്കലും ഹരിപ്പാട്–അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട അടിപ്പാതകളുടെ നിർമാണം, തിരുവനന്തപുരം– കന്യാകുമാരി പാത ഇരട്ടിപ്പിക്കൽ എന്നിവയാണു മുടങ്ങിയിരിക്കുന്നത്. 

കോട്ടയം വഴിയുളള പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ഏറ്റുമാനൂർ–ചിങ്ങവനം സെക്‌ഷനിലെ പണികളാണു നടന്നിരുന്നത്. ഇതിൽ കൊടൂരാറിനു കുറുകേയുളള പാലത്തിന്റെ പൈലിങ് ജോലികൾക്കും കോട്ടയത്തു തുരങ്കങ്ങൾക്കു സമീപം പാറ പൊട്ടിക്കുന്നതിനും കൂടുതൽ തൊഴിലാളികളുടെ ആവശ്യമില്ല.

മെഷീൻ സഹായത്തോടെയാണ് ഇവ ചെയ്യുന്നത്. ഇതിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടു കോട്ടയം കലക്ടർക്കു റെയിൽവേ കഴിഞ്ഞ ദിവസം കത്തു നൽകിയിരുന്നു. അമ്പലപ്പുഴ–ഹരിപ്പാട് രണ്ടാം പാത നിർമാണം പൂർത്തിയായെങ്കിലും അടിപ്പാതകളുടെ നിർമാണം കഴിയാത്തതിനാൽ ഇരട്ടപ്പാത കമ്മിഷൻ ചെയ്തിട്ടില്ല. അടിപ്പാതകൾ നിർമിക്കുന്ന ജോലി സെപ്റ്റംബറിലാണു പൂർത്തിയാക്കേണ്ടത്. ലോക്ഡൗൺ മൂലം പണികൾ നടക്കുന്നില്ല. 

വൈറ്റില മേൽപ്പാല നിർമാണത്തിന് ഇളവുകളോടെ സംസ്ഥാന സർക്കാർ പ്രത്യേക അനുമതി നൽകിയതിനെ തുടർന്നു ഇന്നലെ നിർമാണം പുനരാരംഭിച്ചിട്ടുണ്ട്. ഇതേ മാതൃകയിൽ റെയിൽവേ പദ്ധതികൾക്കു ലോക്ഡൗൺ ഇളവുകളോടെ അനുമതി നൽകണമെന്നാണു റെയിൽവേ ആവശ്യം. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം തൊഴിലാളികൾ അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും ചെയ്യുന്നുണ്ടെന്നു കരാറുകാരും റെയിൽവേയും ഉറപ്പാക്കും. കോട്ടയം പാത ഇരട്ടിപ്പിക്കൽ 2021 നവംബറിൽ പൂർത്തിയാക്കാനാണു റെയിൽവേ ലക്ഷ്യമിട്ടിരിക്കുന്നത്. 

English summary: Kerala Govt seeks special permission to start railway works 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com