ADVERTISEMENT

തിരുവനന്തപുരം ∙ സ്പ്രിൻക്ലർ വിവാദത്തിൽ പ്രതിപക്ഷ ആരോപണത്തിന് ഉറച്ച മറുപടിയെന്നോണം പ്രസിദ്ധീകരിച്ച നോൺ–ഡിസ്ക്ലോഷർ എഗ്രിമെന്റിൽ (എൻഡിഎ) മലക്കം മറിഞ്ഞ് സർക്കാർ. സ്പ്രിൻക്ലറുമായുള്ള വർക്ക് ഓർഡറിൽ തന്നെ ജനങ്ങളിൽനിന്നു ശേഖരിക്കുന്ന ഡേറ്റ ആരുമായും പങ്കുവയ്ക്കില്ലെന്ന എൻഡിഎ ഉൾച്ചേർത്തിട്ടുണ്ടെന്നു പത്രക്കുറിപ്പിറക്കിയ ഐടി സെക്രട്ടറി എം.ശിവശങ്കർ തന്നെയാണു നിലപാടു മാറ്റിയത്.

ജനങ്ങളിൽ നിന്നു ശേഖരിക്കുന്ന വിവരം പങ്കുവയ്ക്കുന്നതു സംബന്ധിച്ച വ്യവസ്ഥകളല്ല എൻഡിഎയിൽ ഉള്ളതെന്നും പകരം ഉടമ്പടി വിവരങ്ങൾ പങ്കുവയ്ക്കുന്നതിലെ വ്യവസ്ഥകളാണ് ഉള്ളതെന്നും ഇതു പിന്നീടു തയാറാക്കിയതാണെന്നും സമ്മതിച്ചു. 

പിന്നെന്തിന് എൻഡിഎ?

ഉടമ്പടിയിൽ ഉൾപ്പെട്ട രഹസ്യമായ വിവരങ്ങൾ അതിലെ കക്ഷികൾ പുറത്തുവിടരുതെന്ന ധാരണയാണ് എൻഡിഎ. എന്നാൽ ജനങ്ങളുടെ ഡേറ്റ പങ്കുവയ്ക്കലുമായി ബന്ധപ്പെട്ട വ്യവസ്ഥകളാണ് ഇവയെന്ന തരത്തിലാണ് ഐടി വകുപ്പ് സർക്കാർ വെബ്സൈറ്റിൽ ഏപ്രിൽ 15നു പ്രസിദ്ധീകരിച്ചത്. പത്രക്കുറിപ്പിലും ഇതേ വാദമാണ് ഉന്നയിച്ചത്.

ജനങ്ങളിൽ നിന്നു ശേഖരിക്കുന്ന വിവരം സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് സ്പ്രിൻക്ലറിന്റെ വ്യവസ്ഥകൾ പറയുന്നത് അവരുടെ മാസ്റ്റർ സർവീസസ് എഗ്രിമെന്റിലെ ഒൻപതാം വകുപ്പ് അനുസരിച്ചാണ്. എന്നാലിതിനു പകരം സർക്കാർ എൻഡിഎ ഉയർത്തിപ്പിടിച്ചത് എന്തിനെന്ന ചോദ്യത്തിനു മറുപടിയില്ല.

ശരിക്കും വേണ്ടത്, ഇപ്പോഴുമില്ല

സ്പ്രിൻക്ലറിന്റെ പ്ലാറ്റ്ഫോമിലേക്കു വിവരങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ടു കേരള സർക്കാർ എന്തൊക്കെ മാനദണ്ഡങ്ങൾ സ്വീകരിക്കുന്നുവെന്നു വ്യക്തമാക്കുന്ന സ്വകാര്യതാ നയമോ രേഖയോ ഇപ്പോഴുമില്ല. ആകെ സർക്കാർ പ്രസിദ്ധീകരിച്ചത് 6 രേഖകൾ. അവയെല്ലാം സ്പ്രിൻക്ലർ തന്നെ തയാറാക്കിയത്. ഐടി സെക്രട്ടറിയുടെ ഒപ്പല്ലാതെ സർക്കാരിന്റെ ഒരു വരി പോലുമില്ല.

പ്രതിപക്ഷ ആരോപണത്തിനു ശേഷം സ്പ്രിൻക്ലറിൽ നിന്ന് 11,12 തീയതികളിൽ തേടിയ ഇമെയിലുകൾ, എൻഡിഎ, പർച്ചേസ് ഓർഡർ എന്നിവ ഒഴിച്ചാൽ മാസ്റ്റർ സർവീസസ് എഗ്രിമെന്റ്, സർവീസ് ലെവൽ എഗ്രിമെന്റ് എന്നിവയൊക്കെ സ്പ്രിൻക്ലർ എല്ലാ ഇടപാടുകൾക്കും പൊതുവായി ഉപയോഗിക്കുന്നതാണ്

English summary: Kerala IT department on Sprinklr issue 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com