ADVERTISEMENT

തിരുവനന്തപുരം∙ ‘ആപ്പിൽ’ തട്ടി സംസ്ഥാനത്തെ മദ്യ വിൽപന അനിശ്ചിതത്വത്തിൽ. മദ്യം വിൽക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകി 3 ആഴ്ച കഴിഞ്ഞിട്ടും ബെവ്ക്യൂ ആപിന് ഗൂഗിളിന്റെ സുരക്ഷാ അനുമതി കിട്ടാത്തതിനാൽ മദ്യശാലകൾ തുറക്കാനാകാത്ത സ്ഥിതിയാണ്.

സുരക്ഷാ പരിശോധനയുടെ ഭാഗമായി ഗൂഗിൾ ആവശ്യപ്പെട്ട 6 കാര്യങ്ങളിൽ വ്യക്തത വരുത്തി രാത്രിയോടെ സ്റ്റാർട്ടപ് കമ്പനി മറുപടി നൽകിയെന്നാണ് അധികൃതർ പറയുന്നത്. അതിന് അംഗീകാരം ലഭിച്ചാലും അടുത്തയാഴ്ച എന്നു മദ്യ വിൽപന ആരംഭിക്കുമെന്നു വ്യക്തമല്ല.

മൊബൈൽ ആപ് ബെവ്ക്യൂ വിന്റെ സുരക്ഷാ പരിശോധന കേന്ദ്ര സർക്കാരിന്റെ അംഗീകാരമുള്ള ഏജൻസിയാണു ഗൂഗിളിനു വേണ്ടി നടത്തുന്നതെന്നു സാങ്കേതിക വിദഗ്ധർ പറയുന്നു. നിയമ വിരുദ്ധമായ കാര്യങ്ങൾക്ക് ആപ് ഉപയോഗിക്കുമോ, പുറത്തുനിന്നുള്ള സൈബർ ആക്രമണങ്ങളെ പ്രതിരോധിക്കാൻ കഴിയുമോ, എത്ര പേർക്ക് ഒരേ സമയം ഉപയോഗിക്കാൻ കഴിയും തുടങ്ങിയ കാര്യങ്ങളാണ് ഇപ്പോൾ പരിശോധിക്കുന്നത്. 

ഗൂഗിളിന്റെ അനുമതി ലഭിക്കാൻ സാധാരണനിലയിൽ  24 മുതൽ 36 മണിക്കൂറെടുക്കും. എന്നാൽ സർക്കാർ ഏജൻസിക്കു വേണ്ടിയുള്ള ആപ് ആയതിനാൽ അനുമതി വേഗം ലഭിക്കുമെന്നാണു പ്രതീക്ഷ. സാങ്കേതിക വിഷയങ്ങളിൽ തട്ടി ആപ് വൈകുമ്പോൾ ഐടി വകുപ്പും സ്റ്റാർട്ടപ് മിഷനുമെല്ലാം പ്രതിക്കൂട്ടിലാണ്. 5 കമ്പനികൾ ആപ് വികസിപ്പിച്ച് സർക്കാരിനെ സമീപിച്ചിട്ടും ഒരു കമ്പനിയെ മാത്രം ആശ്രയിച്ചത് എന്തുകൊണ്ടെന്ന  ചോദ്യവും ഉയരുന്നു. 

അതേസമയം ആപ് ഇല്ലാതെ പൊലീസ് സഹായത്തോടെ തിരക്ക് ഒഴിവാക്കി മദ്യ വിൽപന ആരംഭിക്കാൻ കഴിയും എന്നാണ് എക്സൈസ് ഉന്നതർ പറയുന്നത്. ആദ്യ ദിനങ്ങളിലെ തിരക്കു കഴിഞ്ഞാൽ പിന്നെ മദ്യ വിൽപന സാധാരണ നിലയിലാകും. ബാറുകൾ അടക്കം 900ത്തിലേറെ മദ്യ വിൽപന കേന്ദ്രങ്ങൾ‌ ഒരുമിച്ചു തുറക്കുമ്പോൾ ആദ്യ ആഴ്ച കഴിഞ്ഞാൽ തിരക്കൊഴിയുമെന്നും ഇവർ പറയുന്നു.

English summary: Bev Q App 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com