ADVERTISEMENT

തിരുവനന്തപുരം ∙ കേരള രാഷ്ട്രീയചരിത്രത്തിലെ മഹാരഥനായ പനമ്പിള്ളി ഗോവിന്ദമേനോൻ ഓർമയായിട്ട് ഇന്ന് അൻപതാണ്ട്. മികച്ച പാർലമെന്റേറിയൻ, ഉജ്വലവാഗ്മി, ശക്തനായ ഭരണാധികാരി എന്നീ നിലകളിൽ ശ്രദ്ധേയനായ പനമ്പിള്ളി 64–ാം വയസ്സിൽ കേന്ദ്രമന്ത്രിയായിരിക്കെയാണു വിടവാങ്ങിയത്.

പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ കരുത്തുറ്റ നടപടിയായി വിശേഷിപ്പിക്കപ്പെടുന്ന ബാങ്ക്‌ ദേശസാൽക്കരണ ബിൽ പഴുതുകളടച്ചു തയാറാക്കി അവതരിപ്പിച്ചതു നിയമമന്ത്രിയായിരുന്ന പനമ്പിള്ളി ഗോവിന്ദ മേനോനാണ്. ഭക്ഷ്യ, റെയിൽവേ, സാമൂഹ്യ ക്ഷേമം വകുപ്പുകളും അസാധാരണമായ പാടവത്തോടെയും ഇച്ഛാശക്തിയോടെയും കൈകാര്യം ചെയ്തു. കേരളത്തിന്റെ റെയിൽ വികസനത്തിനായി ചെയ്ത കാര്യങ്ങൾ എക്കാലവും ഓർമിക്കപ്പെടും. ദേശീയ രാഷ്ട്രീയത്തിലേക്കു കളം മാറുന്നതിനു മുൻപ് കൊച്ചി പ്രധാനമന്ത്രി, തിരു–കൊച്ചി മുഖ്യമന്ത്രി എന്നീ പദവികളും വഹിച്ചു.

ചാലക്കുടിയിൽ കുമ്മരപ്പിള്ളി കൃഷ്‌ണമേനോന്റെയും മാധവി അമ്മയുടെയും മകനായി 1906 ഒക്ടോബർ ഒന്നിനു ജനനം. ഇരിങ്ങാലക്കുടയിൽ അഭിഭാഷകനായി. 1935 ൽ 29–ാം വയസ്സിൽ കൊച്ചി നിയമസഭാംഗം,1946ൽ കൊച്ചിയിൽ ഭക്ഷ്യ-വിദ്യാഭ്യാസ മന്ത്രി, 1947 ൽ ഇന്ത്യൻ ഭരണഘടനാ നിർമാണസഭാംഗമായി. ആ വർഷം തന്നെ കൊച്ചിയിലെ ആദ്യപ്രധാനമന്ത്രി. തുടർന്നു ധനകാര്യ–നിയമമന്ത്രി. തിരു-കൊച്ചി സംസ്‌ഥാനത്തിന്റെ രണ്ടു മന്ത്രിസഭകളിൽ വിദ്യാഭ്യാസ-തൊഴിൽ,ധനകാര്യ-ഭക്ഷ്യ മന്ത്രി. 1955ൽ  തിരു-കൊച്ചി മുഖ്യമന്ത്രി. 

1957 ൽ പ്രഥമ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പിന്തുണയുള്ള പിഎസ്പി സ്ഥാനാർഥി സി.ജി. ജനാർദനനോടു ചാലക്കുടിയിൽ പരാജയപ്പെട്ടു. പാർലമെന്ററി രംഗത്തെ ഏക തോൽവിയെ ‘ഓർക്കാപ്പു‌റത്തു പഴത്തൊലിയിൽ തട്ടിയൊന്നു വീണതായി’ ലഘൂകരിച്ചതു പിന്നീടു തലമുറകൾ ഏറ്റെടുത്തു. 1962 ലും 1967 ലും മുകുന്ദപുരത്തു നിന്നു ലോക്‌സഭയിലേക്കു തിരഞ്ഞെടുക്കപ്പെടുകയും കേന്ദ്രമന്ത്രിയാകുകയും ചെയ്തു. മുൻമുഖ്യമന്ത്രി കെ. കരുണാകരനു രാഷ്ട്രീയഗുരുവായിരുന്നു പനമ്പിള്ളി.

English summary: Panampilly Govinda Menon

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com