sections
MORE

‘പരീക്ഷ’ച്ചുമട് താങ്ങി ഹെഡ് (ലോഡ്) മാസ്റ്റർ

teacher
SHARE

പരീക്ഷയ്ക്ക് എങ്ങനെയൊരുങ്ങണം, പരീക്ഷാപ്പേടിയും ടെൻഷനും എങ്ങനെ ഒഴിവാക്കാം എന്നീ കാര്യങ്ങൾ പറഞ്ഞു തന്നിരുന്ന ഹെഡ്മാസ്റ്ററും പ്രിൻസിപ്പലും ഉറക്കമിളച്ചിരുന്നു പരീക്ഷാ തയാറെടുപ്പിലാണ്. കാരണം കോവിഡ് കാലത്തെ പരീക്ഷാ നടത്തിപ്പ് അത്രമേൽ തലവേദനയാണ്. വണ്ടിയൊരുക്കൽ മുതൽ തെർമൽ സ്കാനിങ് വരെ ഒരു ‘ചുമട്’ പണിയാണു തലയിൽ വച്ചുകൊടുത്തിരിക്കുന്നത്. പെട്ടെന്നൊരു ദിവസം ഹെഡ്മാസ്റ്റർ, ഹെഡ്‌ലോഡ് വർക്കർ ആയതുപോലെ.

ഹെഡ്മാസ്റ്റർ 3 വിഷയങ്ങൾ ഒരുമിച്ചു പഠിച്ചു തലപുണ്ണാക്കുന്നതാണ് ഇന്നലെ ഒരു സ്കൂളിൽ കണ്ടത്. വിദ്യാർഥികളിൽ എത്രപേർ സ്വന്തം വാഹനത്തിൽ വരും, എത്രപേർക്കു സൗകര്യമൊരുക്കണമെന്ന ‘കണക്ക്’. കുട്ടികളൊക്കെ എവിടെ നിന്നാണ്, ഏതൊക്കെ റോഡുകളിൽ വണ്ടിയിടണം എന്നതിന്റെ ‘ഭൂമിശാസ്ത്രം’. സാനിറ്റൈസറാണോ സോപ്പാണോ ഫലപ്രദമായി കോവിഡിനെ നേരിടുന്നതെന്നതിന്റെ ‘കെമിസ്ട്രി’.

വിദ്യാർഥികൾക്കു വാഹനസൗകര്യമൊരുക്കേണ്ട ചുമതല പ്രധാനാധ്യാപകർക്കാണ്. മിക്കവരും ഇന്നലെത്തന്നെ ജോലി തുടങ്ങി. ക്ലാസ് ടീച്ചർമാർ വഴി വാഹനസൗകര്യം ആവശ്യമുള്ള കുട്ടികളുടെ പേരും സ്ഥലവും ശേഖരിക്കുകയാണ് ആദ്യപടി. ചില രക്ഷിതാക്കൾ സ്വന്തം വാഹനത്തിൽ കുട്ടികളെ കൊണ്ടുവരും. കൂടുതൽ പേർക്കും സ്വന്തം വാഹനമില്ല. ഇവരൊക്കെ ഏതു സ്റ്റോപ്പിൽ നിൽക്കുമെന്നു കണ്ടെത്തി വാഹനം ക്രമീകരിക്കണം. ഒരു ബസിൽ 25 പേരെ പാടുള്ളൂ. അതിനാൽ ബസുകളുടെ എണ്ണം കൂട്ടണം. കെഎസ്ആർടിസിയുടെ പിന്നാലെ പോയാൽ ശരിയാകുമോ, സ്വകാര്യ ബസ് ഓടാൻ കൂട്ടാക്കുമോ, ടൂറിസ്റ്റ് ബസിനു ചെലവ് അധികമാകുമോ..? ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ തയാർ.

ഇനി കുട്ടികൾ സ്കൂളിലെത്തിയാലോ, കൈ കഴുകിക്കണം, സാനിറ്റൈസർ പൂശണം, തെർമൽ സ്കാനർ ഉപയോഗിച്ചു ചൂട് പരിശോധിക്കണം. കൂട്ടത്തിലൊരുത്തൻ ‘ചൂടായാൽ’ എന്തു ചെയ്യണം..

അധ്യാപകരിൽ ചിലർ ഇതര ജില്ലകളിലാണ്. പരീക്ഷാ ചുമതലയ്ക്കു വരാൻ സാധിക്കില്ലെന്നറിയിച്ചവരുണ്ട്. അകലം പാലിക്കേണ്ടതിനാൽ കൂടുതൽ ഹാളുകൾ ക്രമീകരിക്കണം. അതനുസരിച്ച് ഇൻവിജിലേറ്റർമാർ വേണം. കുട്ടികളെ പരിശോധിക്കുന്നതിന് ഹാളിനു മുന്നിൽ ജീവനക്കാർ വേണം. കൂടാതെ ഓരോ ബസിലും ജീവനക്കാരൻ വേണം. 

പക്ഷേ, മിക്ക പ്രധാനാധ്യാപകർക്കും ആത്മവിശ്വാസമുണ്ട്. ഈ പരീക്ഷ ഞങ്ങൾ ജയിക്കും..!

തയാറാക്കിയത്: സന്തോഷ് ജോൺ തൂവൽ

English summary: SSLC exam: Extra works for school head masters

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA