ADVERTISEMENT

ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പകരുന്ന ഈ പെരുന്നാൾ പുലരിയിൽ പരസ്പരം സ്നേഹ സൗഹാർദബന്ധങ്ങൾ ഊട്ടിയുറപ്പിക്കണം. നമുക്കു ചുറ്റും ഉയരുന്ന അനൈക്യത്തിന്റെ 

മുൾവേലികൾ പൊളിച്ചുനീക്കണം. സൗഹൃദം പുതുക്കുകയും സന്തോഷം പങ്കിടുകയും വേണം. അതു വഴി മാനവമൈത്രിയുടെ സുകൃത സൂനങ്ങൾ സാധിതമാകണം.

 

വീണ്ടും ഈദുൽ ഫിത്ർ. ആഗോള മുസ്‌ലിംകൾക്ക് ആഘോഷങ്ങളില്ലാത്ത പെരുന്നാൾ! ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത വിധം ലോകം പകർച്ചവ്യാധിയുടെ പിടിയിലമർന്ന ഭീതിജനകമായ സാഹചര്യത്തിലാണ് ഇത്തവണ ഈദുൽ ഫിത്ർ.

ആത്മവിചാരണയുടെയും ആത്മസംസ്കരണത്തിന്റെയും ദിനരാത്രങ്ങൾക്കു പിറകെയാണ് ആത്മഹർഷത്തിന്റെ ഈദ് വിരുന്നെത്തുന്നത്. സത്യവിശ്വാസികൾക്കു സന്തോഷിക്കാനായി നാഥൻ കനിഞ്ഞേകിയ ദിനമാണിന്ന്.

അനുഗ്രഹത്തിന്റെയും പാപമോചനത്തിന്റെയും നരകമോചനത്തിന്റെയും മാസം വിട പറഞ്ഞു. വ്രതമാസത്തിനു പരിസമാപ്തി കുറിച്ചാണു ശവ്വാലിൻ അമ്പിളിക്കീറ് മാനത്ത് കണ്ടത്. വിശ്വാസികളുടെ മനസ്സുകളിൽ ആനന്ദത്തിന്റെ ആന്ദോളനങ്ങൾ തീർക്കേണ്ട സുദിനം. പക്ഷേ, ലോകത്ത് തികച്ചും ആശങ്കാജനകമായ അന്തരീക്ഷമാണ്.

ആരാധനാലയങ്ങളും വിദ്യാലയങ്ങളും അടഞ്ഞുകിടക്കുന്നു. ലക്ഷക്കണക്കിനു മനുഷ്യർ മഹാമാരിക്കു മുൻപിൽ പകച്ചു നിൽക്കുന്നു. വാണിജ്യവും വ്യാപാരവും തകർച്ചയുടെ ആഴം അളക്കാനാകാത്ത വിധം കൂപ്പുകുത്തിയിരിക്കുന്നു! ജോലിയും കൂലിയുമില്ലാതെ, നാടും വീടുമണയാനാകാതെ അകലങ്ങളിൽ കഴിയുന്ന പ്രവാസികൾ ഉൾപ്പെടെയുള്ളവർ നിരാശ തിന്നു കഴിയുന്നു! ചരിത്രത്തിൽ തുല്യതയില്ലാത്ത ഒരു പെരുന്നാളിനാണു മുസ്‌ലിം ലോകം ഇന്നു സാക്ഷിയാകുന്നത്.

alikkutty-musaliar
പ്രഫ. കെ.ആലിക്കുട്ടി മുസല്യാർ

പെരുന്നാൾ സുദിനം ആരാധനാ നിർഭരമാകണം. പുണ്യദിനമായ ഇന്ന് സൽക്കർമങ്ങൾ വർധിപ്പിച്ച് അല്ലാഹുവിന്റെ പ്രീതി കരസ്ഥമാക്കണം. പള്ളികൾ അടഞ്ഞുകിടക്കുകയാണെങ്കിലും വീടുകളിൽ പെരുന്നാൾ നിസ്കാരം നിർവഹിക്കണം. സാധ്യമാകും വിധം കുടുംബ ബന്ധങ്ങൾ പുതുക്കുകയും പുലർത്തുകയും വേണം. ദാനധർമങ്ങൾ വർധിപ്പിക്കണം. തക്ബീറുകൾ (അല്ലാഹുവിന്റെ മഹത്വം ഉരുവിടൽ) അധികരിപ്പിക്കണം.

ഈദ് ദിനത്തിൽ ആരും പട്ടിണി കിടക്കരുത്. അന്നു വ്രതമെടുക്കൽ പോലും ഇസ്‌ലാം നിഷിദ്ധമാക്കി. അല്ലാഹുവിങ്കലെ ആതിഥ്യമാണു പെരുന്നാൾ. ഫിത്ർ സകാത്ത് നിർബന്ധമാക്കിയതിന്റെ പിന്നിലെ പൊരുളും ഇതു തന്നെയാണ്. വ്രതാനുഷ്ഠാനത്തിലെ ന്യൂനതകൾക്കു പ്രായശ്ചിത്തം കൂടിയാണു ഫിത്ർ സകാത്ത്. തനിക്കും താൻ ചെലവു നൽകാൻ മതപരമായി ബാധ്യതപ്പെട്ടവരുടെയും  പെരുന്നാൾ ദിനത്തെ ചെലവ്  

( ഭക്ഷണം, വസ്ത്രം, താമസം) കഴിച്ചു സമ്പാദ്യമുള്ളവർ, തന്റെയും അവരുടെയും ഫിത്ർ സകാത്ത് നൽകണം. ഓരോ അംഗത്തിനു വേണ്ടിയും ഒരു സ്വാഅ' (3. 200 ലീറ്റർ) നാട്ടിലെ സാധാരണ ഭക്ഷ്യധാന്യം അർഹരായ അവകാശികൾക്കു നൽകണം. അതേസമയം മുസ്‌ലിം സമൂഹത്തിലെ ധനാഢ്യർ തങ്ങളുടെ ദാനധർമങ്ങളെ അളന്നു തൂക്കിയ ധാന്യമണികളിലോ എണ്ണിത്തിട്ടപ്പെടുത്തിയ നാണയത്തുട്ടുകളിലോ പരിമിതപ്പെടുത്തരുത്. നീറുന്ന വേദന പേറി ജീവിതം തള്ളിനീക്കുന്ന ധാരാളം സഹോദരങ്ങൾ നമുക്ക് ചുറ്റുമുണ്ട്. അവരുടെ കണ്ണീരൊപ്പുന്നതിൽ നാം സന്തോഷം കണ്ടെത്തണം.

സഹനത്തിന്റെയും സമർപ്പണത്തിന്റെയും സമഭാവനയുടെയും സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമാണ് ഈദുൽ ഫിത്ർ. ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പകരുന്ന ഈ പെരുന്നാൾ പുലരിയിൽ പരസ്പരം സ്നേഹ സൗഹാർദബന്ധങ്ങൾ ഊട്ടിയുറപ്പിക്കണം. നമുക്കു ചുറ്റും ഉയരുന്ന അനൈക്യത്തിന്റെ മുൾവേലികൾ പൊളിച്ചുനീക്കണം. സൗഹൃദം പുതുക്കുകയും സന്തോഷം പങ്കിടുകയും വേണം. അതു വഴി മാനവമൈത്രിയുടെ സുകൃത സൂനങ്ങൾ സാധിതമാകണം. എല്ലാവർക്കും ഹൃദ്യമായ ഈദാശംസകൾ...!

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com