ADVERTISEMENT

തിരുവനന്തപുരം ∙ ബവ്ക്യൂ ആപ്പിനായുള്ള കാത്തിരിപ്പിനു സർക്കാർ നൽകേണ്ടി വന്ന വില 200 കോടിയോളം രൂപ. 20ന് ബവ്കോ ഷോപ്പുകൾ തുറക്കാനും ബാറുകൾ വഴി പാഴ്സലായി മദ്യം വിളമ്പാനും സർക്കാർ തീരുമാനിച്ചെങ്കിലും എല്ലാം വൈകിപ്പിച്ചത് ആപ് വഴി ടോക്കൺ നൽകാനുള്ള കാത്തിരിപ്പായിരുന്നു. ഒടുവിൽ ആപ് ഇറങ്ങിയത് ഒരാഴ്ചയ്ക്കു ശേഷം. 

30 കോടി മുതൽ 40 കോടി രൂപ വരെയാണ് ബവ്റിജസ് കോർപറേഷന്റെ ഒരു ദിവസത്തെ ശരാശരി വിറ്റുവരവ്. ഇതനുസരിച്ച് 7 ദിവസം കൊണ്ട് 200 കോടിയോളം നഷ്ടപ്പെട്ട സർക്കാർ, ആപ് പൊല്ലാപ്പായതോടെ ഇപ്പോൾ വീണ്ടും നഷ്ടം സഹിക്കേണ്ട ഗതികേടിലായി. 64 ദിവസം പൂട്ടിക്കിടന്നതിനാൽ വന്ന 2000 കോടിയുടെ നഷ്ടത്തിനു പുറമേയാണ് 200 കോടിയുടെ നഷ്ടം.  

301 ബവ്കോ ഒൗട്ട്‌ലെറ്റുകളിലൂടെ മാത്രം 5 ലക്ഷത്തിലേറെ പേർക്കാണു ലോക്ഡൗണിനു മുൻപ് ഒരു ദിവസം മദ്യം നൽകിയിരുന്നത്. ആപ്പിലൂടെ ആദ്യ ദിവസം ഇതിന്റെ പകുതി പേർക്കു പോലും ടോക്കൺ ലഭിച്ചില്ല. മദ്യം വാങ്ങിയവരുടെ എണ്ണം പിന്നെയും കുറഞ്ഞു. 301 ബാർ ഹോട്ടലുകൾ വഴി കൂടി കുപ്പി നൽകാൻ  തീരുമാനിച്ചിട്ടും പകുതി പേർക്കു പോലും വിൽക്കാൻ കഴിയാത്തത് സർക്കാരിനു വലിയ തിരിച്ചടിയായി. 

ബാർ ഹോട്ടലുകളിൽ കൂടി വിൽപനയ്ക്കുള്ള സൗകര്യം ഒരുക്കിയതിനാൽ ഓൺലൈൻ ടോക്കൺ വേണ്ടെന്ന നിലപാട് എക്സൈസ് വകുപ്പിലെ ചില ഉന്നതർക്കുണ്ട്. ഓരോ ഷോപ്പിനു മുന്നിലും ഏതാനും പൊലീസുകാരെ നിയോഗിച്ചാൽ മതിയാകും. ഇക്കാര്യം മന്ത്രിയെ ധരിപ്പിച്ചെങ്കിലും തൽക്കാലം ബവ്ക്യൂ ആപ് തയാറാക്കിയ സ്റ്റാർട്ടപ് കമ്പനിയെ സഹായിക്കണമെന്ന രാഷ്ട്രീയ നിലപാടിനാണു മുൻതൂക്കം. 

സ്റ്റോക്കെടുപ്പു വൈകിപ്പിച്ചത് എക്സൈസ്

ഇന്നലെ ടോക്കൺ ലഭിച്ചവർ ബാറുകളിൽ എത്തിയപ്പോൾ പല സ്ഥലത്തും സ്റ്റോക്കില്ല.  ചില സ്ഥലങ്ങളിൽ വില കൂടിയ ഇനം മാത്രമേ ഉണ്ടായിരുന്നുള്ളു. ഈ ആഴ്ച ആദ്യം തന്നെ ബാറുകളുടെ ഓർഡർ സ്വീകരിക്കാൻ സർക്കാർ വെയർഹൗസ് മാനേജർമാർക്കു നിർദേശം നൽകിയിരുന്നു.

എന്നാൽ സ്റ്റോക്ക് എടുക്കാൻ എക്സൈസ് വകുപ്പ് അനുവദിച്ചില്ല. ബുധനാഴ്ച വൈകിട്ട് എക്സൈസ് മന്ത്രിയുടെ വാർത്താ സമ്മേളനം കഴിഞ്ഞു മാത്രമേ കുറച്ചു പേർക്കു മദ്യം വിതരണം ചെയ്തുള്ളൂ. അതോടെയാണ് ഇന്നലെ സ്റ്റോക്ക് തീർന്നത്. എന്നാൽ ഇന്നലെ ഭൂരിപക്ഷം ബാറുകാരും ആവശ്യത്തിനു സ്റ്റോക്ക് എടുത്തു.

ആദ്യ ദിന വിൽപന 50 കോടി

മദ്യവിൽപന പുനരാരംഭിച്ച വ്യാഴാഴ്ച സംസ്ഥാനത്ത് 50 കോടി രൂപയിലേറെ രൂപയുടെ മദ്യ വിൽപന നടന്നു. ബാറുകളിലെ വിൽപനയുടെ കണക്ക് ലഭിച്ചിട്ടില്ല. ബവ്കോയുടെ 270 വിൽപന കേന്ദ്രങ്ങളിലൂടെ മാത്രം 22.7 കോടി രൂപയുടെ മദ്യമാണു വിറ്റത്. കൺസ്യൂമർ ഫെഡിന്റെ 36 വിൽപന കേന്ദ്രങ്ങളിലൂടെ 2 കോടി രൂപയുടെ മദ്യം വിറ്റു.

സാധാരണ ദിവസങ്ങളിൽ 6 കോടിയുടെ വിൽപനയാണു നടക്കുന്നത്. 32 കോടി രൂപയാണ് ബവ്കോയുടെ ഒരു ദിവസത്തെ ശരാശരി വിൽപന. 612 ബാർ ഹോട്ടലുകളിൽ 576 പേർ മദ്യം വിതരണം ചെയ്യാൻ അംഗീകാരം നേടിയിരുന്നു. 360 ബീയർ വൈൻ ഷോപ്പുകളിൽ 291പേർ വിൽപന നടത്താൻ സന്നദ്ധരായി. 

എണ്ണത്തിൽ കൂടുതലുള്ളതിനാൽ ബാറുകളിലും  ബീയർ, വൈൻ പാർലറുകളിലും ബവ്കോയുടെ ഇരട്ടി വിൽപന നടന്നിട്ടുണ്ടാകാമെന്നാണു എക്സൈസ് കരുതുന്നത്.

English summary: Bev Q app errors

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com