ADVERTISEMENT

ന്യൂഡൽഹി ∙ കേരളത്തിൽ തെക്കുപടിഞ്ഞാറൻ കാലവർഷം നിശ്ചയിച്ചതിലും നേരത്തെ എത്തിക്കഴിഞ്ഞുവെന്ന് സ്വകാര്യ കാലാവസ്ഥ നിരീക്ഷണ ഏജൻസിയായ സ്കൈമെറ്റ്. എന്നാൽ, പ്രഖ്യാപിക്കാൻ സമയമായിട്ടില്ലെന്നാണ് സർക്കാർ ഉടമസ്ഥതയിലുള്ള കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അനുമാനം.

ഇതേസമയം, കേരളത്തിൽ കാലവർഷമെത്തിയെന്ന വാർത്തകൾ ശരിയല്ലെന്നു കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി എം. രാജീവൻ പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതു വ്യാജവാർത്തകളാണെന്നും കാലാവസ്ഥാ വകുപ്പ് കൃത്യമായ പ്രവചനങ്ങളാണു നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

കാലവർഷം ജൂൺ 5ന് കേരളത്തിലെത്തുമെന്നാണു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. കൂടുതൽ വിശദീകരണങ്ങൾക്കായി നാളെ പത്രസമ്മേളനം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ 4 മാസം നീളുന്ന മഴക്കാലത്തിന്റെ തുടക്കം കേരളത്തിൽ നിന്നാണ്. രാജ്യത്തു ലഭിക്കുന്ന മഴയിൽ 75% ഈ കാലത്താണ്.

അറബിക്കടലിൽ ന്യൂനമർദം; ഇടവപ്പാതി നാളെ കേരളത്തിൽ

തിരുവനന്തപുരം ∙ അറബിക്കടലിൽ ലക്ഷദ്വീപിനടുത്ത് ന്യൂനമർദം ഇന്നു രൂപം കൊള്ളുമെന്ന് കാലാവസ്ഥാ വകുപ്പ്. യെമൻ തീരത്തിനു സമീപമുള്ള ന്യൂനമർദം ശക്തി പ്രാപിക്കുന്നതിനിടെയാണ് രണ്ടാമത്തെ ന്യൂനമർദം. ഇതിന്റെ ഫലമായി ഇന്ന് ഇടുക്കി, കോട്ടയം, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. 5 ദിവസം മഴ തുടരുമെന്നാണ് പ്രവചനം. കേരളതീരത്ത് മത്സ്യബന്ധനം പൂർണമായി നിരോധിച്ചു. 

ഇടവപ്പാതി നാളെ കേരളത്തിലെത്തുമെന്നാണ് നിഗമനം. ശ്രീലങ്കയിലും തെക്കുകിഴക്ക് അറബിക്കടലിലും കാലവർഷമെത്തി. കേരളത്തിൽ കാലവർഷം തുടങ്ങിയെന്ന സ്വകാര്യ കാലാവസ്ഥാസ്ഥാപനങ്ങളുടെ പ്രഖ്യാപനം ശരിയല്ലെന്ന് കേന്ദ്ര കാലാവസ്ഥാകേന്ദ്രം അറിയിച്ചു. 

മഴക്കാലത്തിനു മുന്നോടിയായി കേരളത്തിന്റെ അഭ്യർഥനപ്രകാരം ദേശീയ ദുരന്തപ്രതികരണസേനയുടെ 4 ടീമുകൾ ഉടൻ എത്തും. ഇടുക്കി, വയനാട്, തൃശൂർ, ആലപ്പുഴ ജില്ലകളിലാണ് ഇവരെ വിന്യസിക്കുക. നിലവിൽ തൃശൂരിലുള്ള സംഘത്തിനു പുറമെയാണ് 4 ടീമുകൾ. ഒരു ടീമിൽ 48 പേരുണ്ടാകും.

English summary: Kerala Monsoon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com