ADVERTISEMENT

തിരുവനന്തപുരം ∙ അയൽ ജില്ലകളിലേക്ക് ഉടൻ ബസ് സർവീസ് ആരംഭിക്കാനും കണ്ടെയ്ൻമെന്റ് സോണുകളിൽ 24 മണിക്കൂറും കർഫ്യൂ ഏർപ്പെടുത്താനും സംസ്ഥാന സർക്കാർ തീരുമാനിച്ചു. ബസിൽ എല്ലാ സീറ്റിലും ഇരുന്നു യാത്ര ചെയ്യാം. ടിക്കറ്റ് നിരക്ക് ഇരട്ടിയാക്കിയതു പിൻവലിച്ചു.

വിമാനത്തിലും ട്രെയിനിലും അകലവ്യവസ്ഥ നടപ്പാക്കാത്തതിനാലാണ് ബസിലും എല്ലാ സീറ്റിലും യാത്ര അനുവദിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കാറിൽ ഡ്രൈവർക്കു പുറമേ 3 പേർക്കു യാത്ര ചെയ്യാം. ഓട്ടോറിക്ഷയിൽ 2 യാത്രക്കാരാകാം. ആരാധനാലയങ്ങൾ, ഹോട്ടലുകൾ തുടങ്ങിയവ സംബന്ധിച്ച് സംസ്ഥാനത്തിന്റെ നിർദേശം കേന്ദ്രത്തെ അറിയിക്കും. 

ഗുരുവായൂരിലും വിവാഹമാകാം

ഗുരുവായൂർ ക്ഷേത്രത്തിലും 50 പേരെ പങ്കെടുപ്പിച്ച് വിവാഹച്ചടങ്ങ് നടത്താം. വളരെയേറെ  വിവാഹങ്ങൾ ഇല്ലെന്ന് ദേവസ്വം ഉറപ്പാക്കണം. മറ്റു ക്ഷേത്രങ്ങളിൽ നേരത്തേ തന്നെ ഇൗ അനുമതിയുണ്ട്. കല്യാണമണ്ഡപങ്ങളിലും മറ്റു ഹാളുകളിലും 50 പേരെ പങ്കെടുപ്പിച്ച് വിവാഹമാകാം. 

50 പേരെ വച്ച് ഇൻഡോർ ഷൂട്ടിങ്

സ്റ്റുഡിയോയ്ക്ക് അകത്തും ഇൻഡോർ‌ ലൊക്കേഷനുകളിലും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് സിനിമാ ഷൂട്ടിങ് ആകാം. പുറത്തുപാടില്ല. 50 പേരിലേറെ പാടില്ല. ചാനലുകളുടെ ഇൻഡോർ ഷൂട്ടിങ്ങിൽ പരമാവധി 25 പേർ. 

ഒരാഴ്ചയ്ക്കകം മടങ്ങുന്ന ട്രെയിൻ യാത്രികർക്ക് ക്വാറന്റീൻ ഇല്ല

മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തി യോഗങ്ങളിലും മറ്റും പങ്കെടുത്ത് ഒരാഴ്ചയ്ക്കകം മടങ്ങുന്ന വിമാന യാത്രക്കാർക്കു ക്വാറന്റീൻ ഒഴിവാക്കാനുള്ള തീരുമാനം ട്രെയിനിൽ എത്തുന്നവർക്കും ബാധകമാക്കി. ഒരാഴ്ചയ്ക്കുള്ളിലുള്ള റിട്ടേൺ ടിക്കറ്റ് എടുത്തിരിക്കണം. സംസ്ഥാനത്തിനു പുറത്തുനിന്നു വരുന്നവർക്കു റജിസ്ട്രേഷനും യാത്രാ പാസും തുടരും. വിദ്യാലയങ്ങൾ ജൂലൈയിലോ അതിനു ശേഷമോ തുറന്നാൽ മതിയെന്ന അഭിപ്രായം കേന്ദ്രത്തെ അറിയിക്കും. 

കണ്ടെയ്ൻമെന്റ് സോണിൽ  24 മണിക്കൂർ കർഫ്യൂ

കണ്ടെയ്ൻമെന്റ് സോണുകളിൽ ഈ മാസം 30 വരെ 24 മണിക്കൂറും കർഫ്യൂവിനു സമാനമായ സമ്പൂർണ ലോക്ഡൗൺ ആയിരിക്കും.  ചികിത്സാ ആവശ്യങ്ങൾക്കും കുടുംബാംഗങ്ങളുടെ മരണവുമായി ബന്ധപ്പെട്ടും മാത്രമേ യാത്ര അനുവദിക്കൂ.  ഇതിനായി അടുത്ത പൊലീസ് സ്റ്റേഷനിൽ നിന്നു പാസ് വാങ്ങണം. 

English summary: Lockdown inter-district bus service

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com