ADVERTISEMENT

തിരുവനന്തപുരം ∙ വിദ്യാഭ്യാസ വകുപ്പിന്റെ ഓൺലൈൻ അധ്യയന പരിപാടി ഫസ്റ്റ് ബെൽ ആദ്യദിവസം തന്നെ ഹിറ്റ് ആയത് 10 ദിവസത്തെ കഠിനാധ്വാനത്തിലൂടെ. മേയ് 21നാണ് ക്ലാസുകൾ വിക്ടേഴ്സ് ചാനൽ സ്റ്റുഡിയോയിൽ ഷൂട്ട് ചെയ്തു തുടങ്ങിയത്. ജൂൺ ഒന്നിനു തന്നെ ക്ലാസുകൾ തുടങ്ങേണ്ടതിനാൽ, ആദ്യഘട്ടത്തിൽ ഭൂരിഭാഗം അധ്യാപകരെയും തിരുവനന്തപുരത്തു നിന്നു തന്നെ കണ്ടെത്തി.

പലർക്കും വേണ്ടത്ര തയാറെടുപ്പിനുള്ള അവസരം പോലുമുണ്ടായിരുന്നില്ല.  അധ്യാപകർക്കു സ്വന്തം ശൈലിയിൽ അവതരണ സ്വാതന്ത്ര്യം നൽകിയിരുന്നു. അ‌വർ തന്നെയാണ് സ്ക്രിപ്റ്റും തയാറാക്കിയത്. 30 മിനിറ്റ് ക്ലാസിനു വേണ്ട പാഠഭാഗങ്ങൾ പലപ്പോഴും 4 മണിക്കൂർ വരെ ഷൂട്ട് ചെയ്യേണ്ടിവന്നു. 

ആദ്യ ആഴ്ചയിലേക്കു വേണ്ട ക്ലാസുകളുടെ ഷൂട്ടിങ് പൂർത്തിയായി. വിദ്യാർഥികളുടെയും അധ്യാപകരുടെയും നിർദേശങ്ങൾ പരിഗണിച്ച ശേഷം വേണ്ട മാറ്റം വരുത്തുമെന്ന് കൈറ്റ് വൈസ് ചെയർമാൻ കെ. അൻവർ സാദത്ത് പറഞ്ഞു. യൂ ട്യൂബിൽ തത്സമയം വിഡിയോ അപ്‌ലോഡ് ചെയ്തു. പല ക്ലാസുകളും 3 ലക്ഷത്തോളം പേർ ഇതുവരെ കണ്ടു.

അധ്യാപകർ യൂട്യൂബിൽ നിന്നു ഡൗൺലോഡ് ചെയ്യുന്ന വിഡിയോകൾ വാട്സാപ്  വഴി കുട്ടികൾക്കു കൈമാറുന്നുമുണ്ട്. ഫെയ്സ്ബുക്കിലും ആയിരക്കണക്കിനു പേർ ലൈവ് കണ്ടു. ആദ്യദിവസത്തെ ക്ലാസുകൾക്കു സമൂഹ മാധ്യമങ്ങളിൽ നല്ല പ്രതികരണമായിരുന്നു. വിദ്യാർഥികൾക്കു പുറമേ ഒട്ടേറെ മുതിർന്നവരും അഭിപ്രായങ്ങൾ പങ്കുവച്ചു. 

child
‘ഫസ്റ്റ് ബെൽ’ അടിച്ചതറിയാതെ: കാസർകോട് ദേലംപാടി ഏവന്തൂർ കോളനിയിലെ ആറാം ക്ലാസ് വിദ്യാർഥി രജിത്ത് വീടിനു മുന്നിലിരുന്നു കഴിഞ്ഞ വർഷത്തെ പുസ്തകം നോക്കുന്നു. രജിത്തിന്റെ മാതാപിതാക്കൾ കൂലിപ്പണിക്കാരാണ്.വീട്ടിൽ ടിവിയോ ഇന്റർനെറ്റ് സൗകര്യമുള്ള മൊബൈൽ ഫോണോ ഇല്ല. അതിനാൽ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ പറ്റിയില്ലെന്നു മാത്രമല്ല, ക്ലാസ് നടക്കുന്ന കാര്യം പോലും രജിത്തിനും കൂട്ടുകാർക്കും അറിയില്ല. ജില്ലയിൽ ഏറ്റവും അധികം പിന്നാക്ക കോളനികളുള്ള ദേലംപാടി പഞ്ചായത്തിലെ മിക്ക കോളനികളുടെയും അവസ്ഥ ഇതു തന്നെയാണ്.‌വനത്താൽ ചുറ്റപ്പെട്ട പ്രദേശമായതിനാൽ മരങ്ങൾ കമ്പിയിൽ വീണ് മഴക്കാലത്ത് വൈദ്യുതി മുടക്കവും പതിവാണ്. ചിത്രം: ജിബിൻ ചെമ്പോല∙ മനോരമ

ലൈക്കടിച്ച് കുട്ടികളും രക്ഷിതാക്കളും

ചില സാങ്കേതിക പ്രശ്നങ്ങളും തുടക്കത്തിന്റെ ആശയക്കുഴപ്പങ്ങളും ഒഴിച്ചുനിർത്തിയാൽ ഓൺലൈൻ അധ്യയന വർഷത്തിന്റെ ആദ്യദിവസത്തെക്കുറിച്ച് കുട്ടികൾക്കും രക്ഷിതാക്കൾക്കും നല്ല അഭിപ്രായം. 

ഒന്നാം ക്ലാസ്

കഥയും പാട്ടും വരയും അഭിനയവുമെല്ലാമായി കോഴിക്കോട് മുതുവടത്തൂർ വിവിഎൽപി സ്കൂളിലെ സായി ശ്വേതയുടെ ക്ലാസ് ആഘോഷമായി. മുന്നിലിരിക്കുന്ന കുട്ടികളോടു നേരിട്ടു സംസാരിക്കുന്നതുപോലെ, അവരുടെ മറുപടികളും സംശയങ്ങളും കേൾക്കുന്നതുപോലെ, കുട്ടികൾക്കു കൂടി പങ്കെടുക്കാൻ സമയവും അവസരവും നൽകി അഭിനയിച്ചു പഠിപ്പിച്ച ക്ലാസിനെക്കുറിച്ച് മികച്ച അഭിപ്രായം. 

പത്താം ക്ലാസ്

∙ കണക്ക്: മികച്ച അവതരണം. സമാന്തരശ്രേണി എന്ന അധ്യായത്തിലെ ഭാഗങ്ങൾ ലളിതമായി പറഞ്ഞുകൊടുത്തു. 3 കൊണ്ടു ഹരിച്ചാൽ ശിഷ്ടം 1 വരുന്ന സംഖ്യകളുടെ ശ്രേണി പഠിപ്പിച്ചതു രസകരം.

∙ ഫിസിക്സ്: ഊർജമാറ്റം എന്ന ആശയം ചെറിയ പരീക്ഷണങ്ങളിലൂടെ കുട്ടികളിലെത്തിക്കാനായി. നിത്യജീവിതത്തിലെ ഉദാഹരണങ്ങളും പരീക്ഷണങ്ങളും അവതരിപ്പിച്ചതും സഹായകരമായി. സ്ക്രീനിൽ കാണിച്ച ചില ചാർട്ടുകളിൽ, ഉദ്ദേശിച്ച ആശയത്തിൽ നിന്നു വ്യത്യസ്തമായ ആശയം കിട്ടുന്ന അക്ഷരത്തെറ്റ് വന്നതു കല്ലുകടി.

∙ ബയോളജി: നാലോ അഞ്ചോ പീരിയഡ് ഉപയോഗിച്ചു പഠിപ്പിക്കുന്നത്ര ഭാഗങ്ങൾ അര മണിക്കൂർ കൊണ്ട് അവതരിപ്പിച്ചെന്നു പരാതി. ദൃശ്യസാധ്യതകൾ കുറച്ചുകൂടി ഉപയോഗിക്കാമായിരുന്നു.

പ്ലസ്ടു

∙ കെമിസ്ട്രി: ‘സോളിഡ് സ്റ്റേറ്റ്സ്’ ആയിരുന്നു അധ്യായം. പദാർഥങ്ങൾക്ക് എത്ര അവസ്ഥയുണ്ടെന്നും ഏതെന്നും ചോദിച്ചു തുടക്കം. പക്ഷേ, ഉത്തരത്തിൽ എല്ലാ അവസ്ഥകളും പറഞ്ഞുകണ്ടില്ല. ആഴത്തിലിറങ്ങിയുള്ള വിശകലനത്തിന്റെ കുറവു തോന്നി.

∙ ഇംഗ്ലിഷ്: രണ്ടു പേർ ചേർന്ന്, സംഭാഷണവും അഭിനയവുമൊക്കെയായി എടുത്ത ക്ലാസ് രസകരം. ഒന്നിലേറെപ്പേർ ചേർന്നു ക്ലാസ് എടുക്കുന്നതു മറ്റു വിഷയങ്ങൾക്കും പരിഗണിക്കാം.

∙ കണക്ക്: റിലേഷൻസ് ആൻഡ് ഫങ്ഷൻസ് എന്ന അധ്യായം പരമാവധി മികച്ച രീതിയിൽ അവതരിപ്പിക്കാൻ ശ്രമിച്ചെങ്കിലും, ക്ലാസിനൊപ്പം കണക്കുകൾ ചെയ്തുനീങ്ങാൻ ബുദ്ധിമുട്ടായി. നോട്ടുകൾ എഴുതിയെടുക്കാൻ കഴിയുന്നതിനേക്കാൾ വേഗമെന്നും അഭിപ്രായം.

∙ ജ്യോഗ്രഫി: ഹ്യൂമൻ ജ്യോഗ്രഫി–നേച്ചർ ആൻഡ് സ്കോപ് എന്ന അധ്യായം പരമ്പരാഗത രീതിയിലാണു പഠിപ്പിച്ചത്. ഡിജിറ്റൽ സാധ്യതകൾ കുറച്ചുകൂടി ഉപയോഗിക്കാമായിരുന്നു.

English summary: Online class First Bell begins

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com