ADVERTISEMENT

കോട്ടയം ∙ താഴത്തങ്ങാടി പാറപ്പാടത്ത് ഷാനി മൻസിൽ വീട്ടിൽ മുഹമ്മദ് സാലിയും ഷീബയും മാത്രമാണു താമസിക്കുന്നതെന്ന് അറിയാവുന്നവരാകും അക്രമികൾ എന്നാണു പൊലീസിന്റെ നിഗമനം. അഗ്നിശമന സേനാംഗങ്ങൾ വാതിൽ പൊളിച്ച് അകത്തു കയറിയപ്പോഴാണു കൊലപാതക വിവരം അറിയുന്നത്.

രാവിലെ 9 മണിയോടെയാണു കൊലപാതകമെന്നാണു നിഗമനം എന്നു ജില്ലാ പൊലീസ് മേധാവി ജി.ജയ്ദേവ് പറഞ്ഞു. വീടിനു പുറത്തു കിടന്ന വാഗൺ ആർ കാറാണു കാണാതായത്. 

വീടിനുള്ളിൽ മൽപിടിത്തം നടന്നതിന്റെ ലക്ഷണങ്ങൾ ഉണ്ട്. ഇരുവരുടെയും തലയ്ക്കാണു പരുക്ക്. കൈയിൽ ചുറ്റിയിരുന്ന ഇരുമ്പു കമ്പിയിലേക്കു വൈദ്യുതി പ്രവഹിപ്പിച്ചു ഷീബയെ ഷോക്ക് അടിപ്പിച്ചതിന്റെ ലക്ഷണവുമുണ്ട്. തെളിവു നശിപ്പിക്കാനാണു കൊലപാതകമെന്നു പൊലീസ് കരുതുന്നു.

കാർ കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങി. ചെക് പോസ്റ്റുകളിലും അതിർത്തികളിലും പരിശോധന ശക്തമാക്കി. കോട്ടയത്തും മറ്റിടങ്ങളിലും റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന നടത്തി. അക്രമികളെക്കുറിച്ചു നിർണായക വിവരങ്ങൾ നൽകാൻ കഴിയുന്ന മുഹമ്മദ് സാലിയുടെ ആരോഗ്യനില വെല്ലുവിളിയെന്ന് പൊലീസ്. അബോധാവസ്ഥയിലുള്ള സാലിയെ ഇന്നലെ വൈകിട്ടു മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. നാഗമ്പടം ബസ് സ്റ്റാൻഡിൽ സാലി ടീ സ്റ്റാൾ നടത്തിയിരുന്നു. തലയിലേക്കുള്ള ഞരമ്പിന്റെ തകരാറിനെ തുടർന്ന് ആരോഗ്യ പ്രശ്നങ്ങൾ അലട്ടിയിരുന്നു. 

police-checking
താഴത്തങ്ങാടി പാറപ്പാടത്ത് ദമ്പതിമാർ ആക്രമിക്കപ്പെട്ട വീടിനുള്ളിൽ കോട്ടയം ജില്ലാ പൊലീസ് മേധാവി ‍ജി.ജയ്ദേവും സംഘവും പരിശോധന നടത്തുന്നു. ചിത്രം: മനോരമ

ശസ്ത്രക്രിയ  ചെയ്തതായി ബന്ധുക്കൾ പറഞ്ഞു. ഇതോടെ ഒരു കണ്ണിനു പൂർണമായും മറ്റൊരു കണ്ണിനു ഭാഗികമായും കാഴ്ച നഷ്ടപ്പെട്ടു.  പള്ളിപ്പുറത്തു കാവിനു സമീപമാണ് ഇവരുടെ തറവാട്. താഴത്തങ്ങാടിയിൽ താമസമായിട്ടു വർഷങ്ങളായി.

അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നു തിരുവഞ്ചൂർ രാധാകൃഷണൻ എംഎൽഎ ആവശ്യപ്പെട്ടു. സാലിയുടെ മകൾ ഷാനിയെ മസ്കത്തിൽ നിന്ന് എത്തിക്കാൻ എംബസിയിൽ ബന്ധപ്പെട്ടതായി തോമസ് ചാഴികാടൻ എംപി പറഞ്ഞു.

‘മുഹമ്മദ് സാലിയുടെ വീടിനു പിന്നിലെ വീടു വാടകയ്ക്കു കൊടുക്കുന്നോ എന്നു ചോദിക്കാൻ ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെയാണു വീട്ടിലെത്തിയത്. ഗേറ്റ് തുറന്നിട്ട നിലയിലായിരുന്നു. മുറ്റത്തു കാർ കണ്ടില്ല. വീടിനുള്ളിൽനിന്നു പാചക വാതകത്തിന്റെ ഗന്ധം വരുന്നുണ്ടായിരുന്നു.ഇരുവരെയും ഫോണിൽ വിളിച്ചെങ്കിലും എടുത്തില്ല. അഗ്നിരക്ഷാ സേനാംഗങ്ങളെ വിളിക്കണമെന്നു താൻ നിർബന്ധം പിടിച്ചെന്ന് അയൽവാസിയായ   ഫരീദ് ഖാൻ പറഞ്ഞു.. അഞ്ചോടെ സേനാംഗങ്ങൾ എത്തി. വാതിൽ തള്ളിത്തുറന്നപ്പോൾ ചോരയിൽ കുളിച്ചു കിടക്കുന്ന നിലയിലായിരുന്നു ഇരുവരും. ഇക്കായ്ക്ക് അനക്കമുണ്ടായിരുന്നു– ഫരീദ് ഖാൻ പറഞ്ഞു.

  English summary: Housewife killed in Kottayam

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com