ADVERTISEMENT


കോട്ടയം ∙ വീടിനുള്ളിലെ കസേരയും ടീപോയും തകർത്ത നിലയിലായിരുന്നു. അലമാര കുത്തിത്തുറക്കാൻ ശ്രമം നടന്നു. സാധനങ്ങൾ വലിച്ചു പുറത്തിട്ട നിലയിലായിരുന്നു.താഴത്തങ്ങാടിയിൽ റോഡരികിലെ വീട്ടിൽ പട്ടാപ്പകൽ വീട്ടമ്മയെ കൊലപ്പെടുത്തിയ അക്രമി സംഘം ഭർത്താവിനെയും അതിക്രൂരമായി ആക്രമിച്ചു. ഭാര്യയുടെ മൃതദേഹത്തിനരികെ പരുക്കേറ്റ് അബോധാവസ്ഥയിൽ കിടന്ന ഭർത്താവിനെ എട്ടു മണിക്കൂറിനു ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു..

ഇരുവരുടെയും തലയ്ക്കുള്ള പരുക്ക് ടീപോയ് കൊണ്ട് അടിച്ചതാകാമെന്നാണു പൊലീസ് കരുതുന്നത്. ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തിട്ടില്ല. ഇവരുടെ കൈയും കാലും കെട്ടിയിരുന്നു. രണ്ടു പേരുടെയും കൈകൾ കൂട്ടിക്കെട്ടിയ നിലയിലാണ്. താഴത്തങ്ങാടി പാറപ്പാടത്ത് ഷാനി മൻസിൽ വീട്ടിൽ മുഹമ്മദ് സാലിക്കിന്റെ ഭാര്യ ഷീബയാണ് (55) കൊല്ലപ്പെട്ടത്. മുഹമ്മദ് സാലിക്കിന്റെ (60) നില ഗുരുതരമായി തുടരുന്നു. കവർച്ചശ്രമത്തിനിടെയാണ് കൊലപാതകമെന്ന് പൊലീസ് നൽകുന്ന സൂചന. വീട്ടിൽനിന്ന് കാർ മോഷണം പോയി.

മുഹമ്മദ് സാലിയുടെ വീടുമായി ബന്ധപ്പെട്ടവരെയും പൊലീസ് അന്വേഷിക്കുന്നു. വീട്ടിൽ നിന്നു മറ്റെന്തെങ്കിലും മോഷണം പോയോ എന്നു തിട്ടപ്പെടുത്താനായി‌ട്ടില്ല. അന്വേഷണം തുടങ്ങിയപ്പോഴേക്കും രാത്രിയായതിനാൽ പൊലീസ് വീട് സീൽ ചെയ്തു. ഇന്നു സയന്റിഫിക് അധികൃതരും ഫൊറൻസിക് സംഘവും ഡോഗ് സ്ക്വാഡും പരിശോധന നടത്തും.

ഡിവൈഎസ്പി ആർ.ശ്രീകുമാർ, കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ എം.ജെ.അരുൺ, എസ്ഐ ടി.ശ്രീജിത് എന്നിവർ അടങ്ങുന്ന സംഘത്തിനാണ് അന്വേഷണ ചുമതല. മുഹമ്മദ് സാലിയാകാം ആദ്യം ആക്രമിക്കപ്പെട്ടതെന്നു പൊലീസ് സംശയിക്കുന്നു. വീടിന്റെ മുൻവാതിലിനോടു ചേർന്നു തന്നെയാണു ഷീബയുടെ മൃതദേഹം കണ്ടത്. വാതിൽ തുറന്നയുടൻ അക്രമികൾ 2 പേരെയും കീഴ്പ്പെടുത്തിയിരിക്കാമെന്നു പൊലീസ് പറയുന്നു. അയൽപക്കത്തെ വീടു വാടകയ്ക്ക് നോക്കാൻ വന്നവർ പാചക വാതകത്തിന്റെ മണം ശ്വസിച്ച് സാലിക്കിന്റെ വീട്ടിൽ എത്തി. ഇതിനിടെ മാതാപിതാക്കളെ ഫോൺ വിളിച്ചിട്ടു കിട്ടുന്നില്ലെന്ന് വിദേശത്തെ മകൾ ഷാനി ബന്ധുക്കളോട് പറഞ്ഞു. അവരും സ്ഥലത്തെത്തി. അങ്ങനെയാണ് രാവിലെ നടന്ന സംഭവം വൈകിട്ട് 5നു പുറത്തു വരുന്നത്.

English summary: Housewife killed in Kottayam

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com