ADVERTISEMENT

തിരുവനന്തപുരം∙ വൈദ്യുതി ബോർഡിന് അധികം ചെലവഴിക്കേണ്ടി വന്ന 52.68 കോടി രൂപ ഓഗസ്റ്റ് മുതൽ സർചാർജ് ആയി ഉപയോക്താക്കളിൽ നിന്നു പിരിച്ചെടുക്കും. ഇപ്പോഴത്തെ സർചാർജ് പിരിവ് അവസാനിക്കുന്ന മുറയ്ക്കായിരിക്കും പുതിയ സർചാർജ്. യൂണിറ്റിനു 10 പൈസ തന്നെ തുടരാനാണു സാധ്യത.

എത്ര പൈസ വീതം എന്നു മുതൽ പിരിക്കണമെന്ന കാര്യത്തിൽ തീരുമാനം അറിയിക്കണമെന്നു റഗുലേറ്ററി കമ്മിഷനോടു ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ജൂൺ വരെ ഇന്ധനത്തിനും മറ്റും വൈദ്യുതി ബോർഡിന് അധികം ചെലവായ 62.26 കോടി രൂപ മൂന്നു മാസം കൊണ്ടു പിരിച്ചെടുക്കാ‍ൻ കമ്മിഷൻ നേരത്തെ അനുവദിച്ചിരുന്നു. യൂണിറ്റിനു 10 പൈസ വീതം എല്ലാ ഉപയോക്താക്കളിൽ നിന്നും പിരിക്കാനായിരുന്നു അനുമതി.

എന്നാൽ ലോക്ഡൗൺ മൂലം ഗാർഹിക ഉപയോക്താക്കൾ ഒഴികെയുള്ളവരുടെ ഉപയോഗം കുറഞ്ഞതിനാൽ നിശ്ചിത സമയം കൊണ്ട് ഈ തുക പിരിക്കാനായില്ല. 52 കോടിയേ പിരിക്കാൻ സാധിച്ചുള്ളൂവെന്നും മേയ് 31വരെ സമയം നൽകണമെന്നും ബോർഡ് ആവശ്യപ്പെടുകയും കമ്മിഷൻ അനുവദിക്കുകയും ചെയ്തു. ഗാർഹിക ഉപയോക്താക്കൾക്കു ദ്വൈമാസ ബിൽ ആയതിനാൽ ജൂലൈയോടെ ഈ പിരിവ് അവസാനിക്കും.

ഇതിനിടെ കഴിഞ്ഞ വർഷം ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള അധികച്ചെലവായ 57.99 കോടി രൂപ പിരിച്ചെടുക്കാൻ അനുവദിക്കണമെന്നു കമ്മിഷനോട് ബോർഡ് ആവശ്യപ്പെട്ടിരുന്നു. ഇതു പരിശോധിച്ചാണ് 52.68 കോടി പിരിക്കാൻ കമ്മിഷൻ ഉത്തരവിറക്കിയത്. കോവിഡ് സാഹചര്യം മൂലവും നേരത്തെ അനുവദിച്ച സർചാർജ് പിരിച്ചു തീരാത്തതിനാലും ഇത് എന്നു മുതൽ പിരിക്കണമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. യൂണിറ്റിനു 10 പൈസ വീതം 80 ദിവസം കൊണ്ടു പിരിക്കാൻ അനുവദിക്കുമെന്നാണു സൂചന.

അതേസമയം, കഴിഞ്ഞ ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള അധികച്ചെലവായ 72 കോടി രൂപ ഈടാക്കാൻ അനുവദിക്കണമെന്ന മറ്റൊരു അപേക്ഷ കമ്മിഷൻ മുൻപാകെ ബോർഡ് നൽകിയിട്ടുണ്ട്. ഇതു സംബന്ധിച്ച ഹിയറിങ് അടുത്ത മാസം നടക്കും. അതുകൂടി അനുവദിക്കുന്നതോടെ ഈ വർഷം അവസാനം വരെ സർചാർജ് തുടരും.

English summary: KSEB to impose surcharge 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com