ADVERTISEMENT

തിരുവനന്തപുരം ∙ വൈദ്യുതി ബിൽത്തുക വർധിച്ചുവെന്ന പരാതികൾ പരിഹരിച്ചെന്നു വൈദ്യുതി ബോർഡ് ആവർത്തിക്കുമ്പോഴും പരാതി തീരാതെ ഉപയോക്താക്കൾ. ബില്ലിങ്ങിലെ അപാകതകളും കോവിഡ് പ്രതിസന്ധിയെത്തുടർന്ന് റീഡിങ് എടുക്കാൻ വൈകിയതുമൂലം സ്ലാബ് മാറിയതും ഉൾപ്പെടെ ഒട്ടേറെ പരാതികളാണ് കെഎസ്ഇബിക്കു ലഭിക്കുന്നത്. 

ബില്ലിങ്ങിൽ അപാകതകളുണ്ടെങ്കിൽ പരാതി ലഭിക്കുമ്പോൾ തന്നെ പരിഹരിക്കാൻ അസി. എൻജിനീയർമാർക്കു കർശന നിർദേശം നൽകിയതായി ബോർഡ് അധികൃതർ പറഞ്ഞു. ബിൽത്തുക സാധാരണത്തേതിൽ നിന്നു 4 ഇരട്ടിവരെ വർധിച്ചതായി പരാതികളുണ്ട്. 4 മാസത്തെ റീഡിങ് ആണ് എടുക്കുന്നതെന്നും ഇതിൽ 2 മാസം വീതം തന്നെയാണു കണക്കാക്കുന്നതെന്നുമാണ് കെഎസ്ഇബിയുടെ വിശദീകരണം.

റീഡിങ് വൈകിയതിനാൽ സ്ലാബ് മാറിപ്പോയ സംഭവങ്ങളിൽ ബിൽത്തുക തിരുത്തി നൽകുന്നുണ്ട്. ഡോർ ലോക് അഡ്ജസ്റ്റ്മെന്റിന്റെ പേരിലുള്ള തുകയും വ്യാപകമായ പരാതികൾക്കിടയാക്കി.

ബിൽ കാൽക്കുലേറ്റർ ഉടൻ

ഉപയോക്താക്കൾക്ക് വൈദ്യുതി ബില്ലുമായി ബന്ധപ്പെട്ട സംശയങ്ങൾ ഒഴിവാക്കാൻ ബിൽ കാൽക്കുലേറ്റർ ഉടൻ തയാറാകും. കെഎസ്ഇബിയുടെ വെബ്സൈറ്റിലും സമൂഹ മാധ്യമ പേജുകളിലും കാൽക്കുലേറ്റർ സേവനം ലഭ്യമാക്കാനാണു നിർദേശം. പരാതികൾക്കിടയാക്കിയ ബില്ലിങ്ങിലെ അപാകതകൾ ആവർത്തിക്കാതിരിക്കാനുള്ള സാങ്കേതിക സൗകര്യമൊരുക്കാനും ഐടി വിഭാഗത്തിനു നിർദേശം നൽകിയിട്ടുണ്ട്.

ഡിപ്പോസിറ്റിന് 6.5% പലിശ

കെഎസ്ഇബി ഉപയോക്താക്കളിൽ നിന്നു സ്വീകരിച്ചിട്ടുള്ള സെക്യൂരിറ്റി ഡിപ്പോസിറ്റിന് 6.5% നിരക്കിൽ പലിശ ലഭിക്കും. ഇതു ജൂൺ - ജൂലൈ മാസങ്ങളിലെ ബില്ലിൽ കുറവു ചെയ്യും.

കനത്ത വൈദ്യുതി ബിൽ: വിശദീകരണവുമായി കെഎസ്ഇബി 

കൊച്ചി ∙ കോവിഡ് പശ്ചാത്തലത്തിൽ റീഡിങ് എടുക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായതിനെ തുടർന്നാണു മുൻ മാസങ്ങളിലെ ശരാശരി ഉപയോഗം കണക്കാക്കിയുള്ള ബില്ലുകൾ നൽകാൻ നിർബന്ധിതമായതെന്നു കെഎസ്ഇബി. ഏപ്രിലിലെ ഉപയോഗം അടിസ്ഥാനമാക്കിയല്ല ശരാശരി ബിൽ കണക്കാക്കിയത്. തൊട്ടു മുൻപുള്ള, പൂർണമായും പ്രവർത്തനക്ഷമമായ 3 ബില്ലിങ് കാലയളവിലെ ഉപയോഗത്തിന്റെ ശരാശരിയാണു പരിഗണിച്ചത്.

റീഡിങ് എടുക്കാതെ ശരാശരി ഉപയോഗം കണക്കാക്കി ബിൽ ചെയ്യേണ്ടി വന്നതിനാൽ ഇപ്പോൾ റീഡിങ് എടുത്തപ്പോൾ ലഭിച്ചതു 4 നാലു മാസത്തെ അഥവാ 2 ബില്ലിങ് സൈക്കിളിലെ റീഡിങ് ആയിരിക്കും. ഈ 4 മാസ കാലയളവിൽ ഉപയോഗിച്ച യൂണിറ്റിനെ നേർ പകുതി കണക്കാക്കി, അത്രയും യൂണിറ്റിനു നിലവിലുള്ള സ്ലാബ് അനുസരിച്ചുള്ള നിരക്കുകൾ പ്രകാരം ബിൽ കണ്ടെത്തും. അപ്പോൾ റീഡ് ചെയ്തതിൽ പകുതി യുണിറ്റിനുള്ള ബിൽ (2 മാസത്തേക്കുള്ളത്) ലഭിക്കും. അങ്ങനെയുള്ള 2 ബില്ലാണ് ഉപയോക്താവ് 4 മാസത്തേക്ക് അടയ്ക്കേണ്ടിയിരുന്നത്.

ഇങ്ങനെ ലഭിച്ച ഒരു ബിൽ തുകയിൽ നിന്ന് തൊട്ടു മുൻപത്തെ മാസം ഉപയോക്താവിന് ലഭിച്ച, ശരാശരി ഉപയോഗം കണക്കാക്കി നൽകിയിട്ടുള്ള ബിൽ തുക കുറയ്ക്കും. അങ്ങനെ കിട്ടുന്ന തുകയാണു ഡോർ ലോക് അഡ്ജസ്റ്റ്മെന്റ്  എന്ന പേരിൽ ബില്ലിൽ കാണുന്നത്. ഉപയോക്താവിനു കഴിഞ്ഞ ബില്ലിനൊപ്പം വരേണ്ടിയിരുന്ന തുകയാണിത്. 

രണ്ടിനു പകരം പകരം രണ്ടര മാസത്തെ ബിൽ നൽകിയെന്ന ആരോപണം ശരിയല്ല. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാർച്ച് 24 മുതൽ ഏപ്രിൽ 20 വരെ കെഎസ്ഇബിക്കു മീറ്റർ റീഡിങ്ങിന് അനുമതി ലഭിച്ചിരുന്നില്ല. റീഡിങ് പുനരാരംഭിച്ചപ്പോൾ സ്വാഭാവികമായും കുറെയേറെ ഉപയോക്താക്കളുടെ റീഡിങ് 4-5 ദിവസം വൈകിയാണ് എടുക്കാനായത്. 60 ദിവസത്തിൽ കൂടുതൽ ദിവസങ്ങൾ കണക്കാക്കി നൽകിയിട്ടുള്ള ബില്ലുകൾ, സെക്‌ഷൻ ഓഫിസിൽ പരാതി നൽകുന്ന മുറയ്ക്ക് 60 ദിവസത്തേക്ക് ആനുപാതികമായി തിരുത്തി നൽകുന്നതിനു നിർദേശം നൽകിയിട്ടുണ്ടെന്നും കെഎസ്ഇബി അറിയിച്ചു.

English summary: KSEB bill hike

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com