ADVERTISEMENT

പാലക്കാട് ∙ ധവള വിപ്ലവം മാത്രമല്ല, ഹരിത വിപ്ലവവും മത്സ്യവിപ്ലവവും ഒരുമിച്ചാണ് പാലക്കാട്ടെ ക്ഷീരസംഘങ്ങളിൽ ഇപ്പോൾ. ജില്ലയിലെ മുന്നൂറോളം ക്ഷീരസംഘങ്ങൾ പാൽ ശേഖരണത്തിനും വിപണനത്തിനുമൊപ്പം കൃഷിയും മീൻവളർത്തലും ആരംഭിച്ചിരിക്കുകയാണ്. ക്ഷീരവികസന വകുപ്പ് അവതരിപ്പിച്ച ആശയം സംഘങ്ങൾ ഏറ്റെടുത്തതോടെ അവർക്ക് അധിക വരുമാനവും ജനങ്ങൾക്കു വിഷരഹിത പച്ചക്കറിയും മീനും ലഭിക്കുന്നു.

വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്നതു മുതൽ 32 ഏക്കർ ഭൂമി സ്വന്തമായുള്ള ക്ഷീരസംഘങ്ങൾ വരെയുണ്ട് പാലക്കാട് ജില്ലയിൽ. പാൽ സംഭരിക്കുന്നതിനുള്ള കെട്ടിടം കഴിഞ്ഞാൽ ബാക്കി സ്ഥലം ഇതുവരെ കാടുപിടിച്ചു കിടക്കുകയായിരുന്നു. ലോക്ഡൗണിലെ പ്രതിസന്ധി മറികടക്കാൻ ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്തു കൃഷി ചെയ്യാമെന്ന ആശയം ഒരു മത്സരം പോലെയാണ് ക്ഷീരവികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ജെ.എസ്. ജയ സുജീഷ് മുന്നോട്ടുവച്ചത്.

അതു പിഴച്ചില്ല, സംഘങ്ങൾ മുന്നോട്ടു വന്നു. മണ്ണിലും ഗ്രോബാഗുകളിലും ചെടിച്ചട്ടികളിലുമൊക്കെ അവർ കൃഷിയിറക്കാൻ തുടങ്ങി.  രാസവളം ഉപയോഗിക്കുന്നതേയില്ല. സംഘങ്ങളുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലെ പൊട്ടക്കുളങ്ങളും കിണറുകളുമെല്ലാം വൃത്തിയാക്കി മീൻകൃഷിയും തുടങ്ങി.

പല സംഘങ്ങളും തീറ്റപ്പുൽക്കൃഷി ആരംഭിച്ചതോടെ പശുക്കൾക്കു നല്ല പച്ചപ്പുല്ല് കിട്ടിത്തുടങ്ങി. സംഘങ്ങൾക്കു ചുറ്റും തരിശായി കിടന്ന ഏക്കറുകണക്കിനു ഭൂമിയാണ് ഇപ്പോൾ മനോഹരമായ കൃഷിയിടങ്ങളായത്.

മികച്ച രീതിയിൽ കൃഷിചെയ്യുന്ന സംഘങ്ങൾക്കു സമ്മാനവും ക്ഷീരവികസന വകുപ്പ് നൽകും. കൃഷിപ്പണികളെക്കുറിച്ചുള്ള പുതിയ അറിവുകൾ കർഷകരിലെത്തിക്കാൻ വാട്സാപ് ഗ്രൂപ്പും തുടങ്ങി, പേര് ‘ഡെയറി ഗ്രീൻസ്’. വിളവെടുക്കുന്ന പച്ചക്കറി കർഷകർക്കു സൗജന്യമായോ കുറഞ്ഞ നിരക്കിലോ നൽകാമെന്നാണു നിർദേശം. 

English summary: Dairy farmers in Palakkad cultivate vegetables

Disclaimer : Facebook has partnered with Manorama for this series but has not exerted any editorial control over this story.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com