ADVERTISEMENT

കണ്ണൂർ ∙ ഓൺലൈൻ പഠനകാലത്ത് കുട്ടികൾ വീട്ടിലിരിക്കുകയല്ലേ, എന്നാൽ അധ്യാപകനും വീട്ടിലിരുന്നേക്കാം എന്ന ചിന്തയല്ല ഇരിട്ടി മണിക്കടവ് സെന്റ്തോമസ് ഹൈസ്കൂളിലെ സാമൂഹിക ശാസ്ത്രം അധ്യാപകൻ റോബിൻ ജോസഫിന്. സ്കൂളിലെ 47 പത്താംക്ലാസ് വിദ്യാർഥികളുടെയും വീട്ടിലേക്ക് കിലോമീറ്ററുകൾ താണ്ടി ആഴ്ചയിൽ 2 ദിവസം സ്വന്തം കാറോടിച്ച് എത്തുകയാണ് ഈ അധ്യാപകൻ. ഓൺലൈൻ ക്ലാസിൽ പഠിച്ചതിന്റെ നിലവാരമറിയാനുള്ള പരീക്ഷ നടത്താൻ. ശനിയും ഞായറുമായി നടത്തുന്ന പരീക്ഷയിൽ മാതാപിതാക്കളാണു നിരീക്ഷകർ.

ഓൺലൈൻ ക്ലാസിൽ എല്ലാവരും ശ്രദ്ധിക്കുന്നില്ലെന്നു മനസ്സിലായതോടെയാണ്, ക്ലാസിനെ അടിസ്ഥാനപ്പെടുത്തി പരീക്ഷ നടത്താൻ തീരുമാനിച്ചത്. കുട്ടികളെ വീടിനു പുറത്തിറക്കുന്നതിനു പകരം, കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് എല്ലാവരുടെയും വീടുകളിലെത്താമെന്നു നിശ്ചയിച്ചു. സ്കൂളിന് 25 കിലോമീറ്റർ പരിധിക്കുള്ളിലാണു വിദ്യാർഥികളുടെ താമസം.

സഹ അധ്യാപകരിൽനിന്നു ചോദ്യങ്ങൾ ശേഖരിച്ച്, ഓരോ വിഷയത്തിന്റെയും ചോദ്യക്കടലാസ് തയാറാക്കി, പ്രിന്റെടുത്ത് വെള്ളിയാഴ്ച കുട്ടികളുടെ വീടുകളിലെത്തിക്കും. സീൽ ചെയ്ത ചോദ്യക്കടലാസുകൾ, പരീക്ഷാ നടത്തിപ്പിന്റെ നിർദേശങ്ങൾ സഹിതം മാതാപിതാക്കൾക്കു കൈമാറും. ആഴ്ചയിൽ 4 പരീക്ഷകൾ. ശനിയാഴ്ച വൈകിട്ട് 4 മുതൽ അഞ്ചര വരെയും ഞായറാഴ്ച രാവിലെ 11 മുതൽ 12.30 വരെയുമാണു പരീക്ഷ.  

പരീക്ഷയ്ക്ക് 5 മിനിറ്റ് മുൻപേ കവർ പൊട്ടിക്കാൻ പാടുള്ളൂ. പരീക്ഷ കഴിഞ്ഞാലുടൻ ഉത്തരക്കടലാസ് കവറിലിട്ട് സീൽ ചെയ്യേണ്ടതും മാതാപിതാക്കളുടെ ജോലിയാണ്. ഞായറാഴ്ച ഉച്ചതിരിഞ്ഞ് റോബിൻ എല്ലാ വീടുകളിലുമെത്തി ഉത്തരക്കടലാസ് കൈപ്പറ്റും. ഇവ വേർതിരിച്ച് സഹ അധ്യാപകരുടെ വീടുകളിലെത്തിക്കുന്ന ജോലിയാണു തിങ്കളാഴ്ച. പരീക്ഷാഫലം അധ്യാപകർ പിറ്റേന്നു തന്നെ റോബിനു വാട്സാപ്പിലൂടെ കൈമാറും. ഇതിന്റെ അടിസ്ഥാനത്തിൽ റാങ്ക് പട്ടിക തയാറാക്കി കുട്ടികളുടെ മാതാപിതാക്കൾക്കു നൽകും. മാർക്ക് കുറഞ്ഞവരുടെ വീട്ടിൽ അടുത്ത ദിവസം തന്നെയെത്തി പ്രശ്നങ്ങൾ പഠിക്കും. പഠന സൗകര്യമില്ലെന്നു ബോധ്യപ്പെടുന്നിടത്ത് അതിനുള്ള സൗകര്യം പിടിഎ ഒരുക്കുന്നുമുണ്ട്. ഒരാഴ്ചയിലെ പരീക്ഷയ്ക്ക് പ്രിന്റിങ്ങും പെട്രോളുമെല്ലാമായി 5000 രൂപയെങ്കിലും റോബിന്റെ കയ്യിൽനിന്ന് ചെലവാകും.

Disclaimer: Facebook has partnered with Manorama for this series but has not exerted any editorial control over this story.

English Summary: Teacher visits 47 sslc students weekly to conduct exams

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com