ADVERTISEMENT

കൊച്ചി ∙ നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതികൾ സിനിമ, മോഡലിങ് രംഗത്തെ കൂടുതൽ പെൺകുട്ടികളെ സമാനരീതിയിൽ തട്ടിപ്പിനിരയാക്കിയതായി സൂചന. തട്ടിപ്പിനിരയായ 3 പേരുടെ പരാതികളിൽ സിറ്റി പൊലീസ് ഇന്നലെ കേസെടുത്തു. ഡിസിപി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണു കേസുകൾ അന്വേഷിക്കുന്നത്. 

സിനിമ ഷൂട്ടിങ്ങിന്റെ പേരിൽ വിളിച്ചു വരുത്തി സ്വർണക്കടത്തിനു പ്രേരിപ്പിച്ചതായും സിനിമയിൽ അഭിനയിപ്പിക്കാമെന്നു വാഗ്ദാനം ചെയ്തു പണവും സ്വർണവും തട്ടിയെടുത്തതായും പരാതികളുണ്ടെന്ന് സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെ പറഞ്ഞു. ആലപ്പുഴ സ്വദേശിയായ മോഡലിന്റെ 10,000 രൂപയും കടവന്ത്ര സ്വദേശിയായ നടിയിൽ നിന്ന് 2.5 പവൻ മാലയും കവർന്നുവെന്നും പരാതികളിലുണ്ട്.

ഷംന കാസിമിനോടും സംഘം സ്വർണബിസിനസിൽ സഹകരിക്കാമോയെന്നു ചോദിച്ചിരുന്നു. സ്ത്രീകളായ കാരിയർമാരെ ഏർപ്പാടാക്കുന്ന സംഘമാണു പിടിയിലായതെന്ന സംശയം ഇതോടെ ബലപ്പെട്ടു. ആലപ്പുഴയിലെ മോഡൽ പാലക്കാട്ടെ അജ്ഞാത കേന്ദ്രത്തിൽ താനുൾപ്പെടെ 8 യുവതികളെ 8 ദിവസം പൂട്ടിയിട്ട് ഭീഷണിപ്പെടുത്തിയതായും വെളിപ്പെടുത്തിയിട്ടുണ്ട്. താനും കൂട്ടുകാരിയും പരാതി നൽകിയെങ്കിലും എറണാകുളം നോർത്ത് പൊലീസ് ഗൗനിച്ചില്ലെന്നും യുവതി ആരോപിച്ചു.

ഷംന കാസിമിനെ വിവാഹാലോചനയുടെ പേരിൽ പരിചയപ്പെട്ട ശേഷം ഭീഷണിപ്പെടുത്തി ഒരു ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ തൃശൂർ വാടാനപ്പിള്ളി ശാന്തിറോഡ് അമ്പലത്ത് ‌റഫീഖ് മുഹമ്മദ് (30), കുന്നംകുളം കടവൂർ കൊരട്ടിക്കര കമ്മക്കാട്ട് രമേഷ് കൃഷ്ണൻ (35), കൊടുങ്ങല്ലൂർ കയ്പമംഗലം പുത്തൻപുര ശരത് ശിവദാസൻ (25), കുണ്ടലിയൂർ നാലുമുക്ക് സെന്റർ അമ്പലത്ത് അഷ്റഫ് സെയ്ത് മുഹമ്മദ് (52) എന്നിവരെയാണു മരട് പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്. പ്രതികൾ റിമാൻഡിലാണ്. 

സഹായവുമായി ‘അമ്മ’

∙ നടി ഷംന കാസിമിനു പൂർണ പിന്തുണ നൽകുമെന്നു താരസംഘടന ‘അമ്മ.’ ആവശ്യമെങ്കിൽ നിയമ നടപടികൾക്കു സഹായം നൽകുമെന്നും ‘അമ്മ’ വൃത്തങ്ങൾ അറിയിച്ചു.

English summary: Shamna Kasim blackmailing case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com