ADVERTISEMENT

ചെറുകുന്ന്(കണ്ണൂർ)∙ വൃക്ക രോഗം ബാധിച്ചു തളർന്നു പോയിട്ടും മനസ്സു തളരാതെ, അരയ്ക്കു താഴേക്കു ചലനശേഷിയില്ലാത്ത 2 പെൺമക്കളെ നോക്കി വളർത്തിയ അമ്മ അകാലത്തിൽ പൊലിഞ്ഞു. പ്ലസ് ടു വരെ രണ്ടു മക്കളെയും തോളിലേറ്റി സ്കൂളിലെത്തിച്ചു പഠിപ്പിച്ചിരുന്ന ചെറുകുന്ന് പൂങ്കാവ് ലക്ഷംവീട് കോളനിയിലെ പുതിയേടത്ത് വളപ്പിൽ എം.ശൈലജ (42) ആണ് മരിച്ചത്. ഇതോടെ ഇരട്ടപ്പെൺകുട്ടികളും ഇളയ മകളും കണ്ണിനു ശസ്ത്രക്രിയ കഴിഞ്ഞ ഭർത്താവും അടങ്ങുന്ന കുടുംബം ആശയും ആശ്രയവുമറ്റ നിലയിലാണ്.

അരയ്ക്കു താഴെ തളർന്ന പത്തൊമ്പതുകാരികളായ രണ്ടു പെൺമക്കളെയും അവസാന നാളിലും ഈ അമ്മയാണ് തോളിലേറ്റി നടന്നിരുന്നത്.  ഇരട്ടക്കുട്ടികളായ പി.വി.അനുശ്രീ(19), പി.വി.മൃദുല (19) എന്നിവരുടെ ഓരോ കാര്യത്തിനും അമ്മയും സഹോദരി അനശ്വരയും(16) കൂട്ടിനുണ്ടായിരുന്നു. കാലിനു സ്വാധീനമില്ലാതെ ജനിച്ച ഇരട്ടക്കുട്ടികളുടെ ചികിത്സ നടത്തി കടം കയറിയതല്ലാതെ അവർക്കു നടക്കാനായില്ല. ഇരുവരെയും കര പറ്റിക്കാനാകാത്ത നിരാശയിലാണ് അമ്മയുടെ മടക്കം. രണ്ടു കുട്ടികളെയും തോളിലേറ്റി സ്കൂളിലേക്കു വർഷങ്ങളോളം നടന്നു. ചെറുകുന്ന് ഗവ. വെൽഫെയർ സ്കൂളിൽ പ്ലസ് ടു വരെ പഠിപ്പിച്ചു. 

അസൗകര്യങ്ങൾ നിറഞ്ഞ വീട്ടിലേക്ക് കുട്ടികളെ വീൽചെയറിൽ കൊണ്ടു പോകാനുള്ള വഴി പോലും ഇല്ല. പുറത്തേക്കുള്ള എല്ലാ യാത്രകളിലും വളർന്നു വലുതായ മക്കളെയും എടുത്തു കൂടെ കൊണ്ടു നടക്കും. ഇളയ മകൾ അനശ്വര പത്താം ക്ലാസ് പൂർത്തിയാക്കിയതേയുള്ളൂ. ശൈലജയുടെ ഭർത്താവ് സ്വർണപ്പണിക്കാരനായിരുന്നു.

കണ്ണിനു ശസ്ത്രക്രിയ ചെയ്തതോടെ ഏറെനാൾ ജോലി ഇല്ലാതായി. അടുത്തിടെ മരപ്പണിക്കു സഹായിയായി പോയിത്തുടങ്ങിയതേയുള്ളൂ. ശൈലജയ്ക്കു വൃക്കരോഗം പിടിപെട്ടതോടെ കുടുംബം പൂർണമായും ദുരിതത്തിലായിരുന്നു. ഡയാലിസിസ് ചെയ്തു തളർന്നു പോകുന്നതിനിടയിലും തന്റെ മക്കളെ ഓർത്താണ് വിതുമ്പിയിരുന്നത്.

 

    

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com