ADVERTISEMENT

തിരുവനന്തപുരം ∙ കോവിഡ് പ്രതിരോധ നടപടികൾ ലംഘിക്കുന്നവർക്ക് കുറ്റത്തിന്റെ ഗൗരവമനുസരിച്ച് 10,000 രൂപ വരെ പിഴ ലഭിക്കാം. പിഴയടച്ചില്ലെങ്കിൽ തടവുശിക്ഷ. അറസ്റ്റ് രേഖപ്പെടുത്തിയശേഷം വിട്ടയയ്ക്കുകയാണു ചെയ്യുക. പിന്നീടു കേസ് കോടതിയിൽ ഫയൽ ചെയ്യും.

ക്വാറന്റീൻ ലംഘനം,അകലം പാലിക്കാതെയുള്ള കൂട്ടം ചേരൽ, വാഹനങ്ങളിൽ അധികം യാത്രക്കാരെ കയറ്റുക, രാത്രി 9 നു ശേഷം അനധികൃതമായി പുറത്തിറങ്ങുക, വ്യാപാര സ്ഥാപനങ്ങളിൽ സാനിറ്റൈസറോ കൈ കഴുകുന്നതിനുള്ള സംവിധാനമോ ഏർപ്പെടുത്താതിരിക്കുക, നിർദേശിച്ചതിൽ കൂടുതൽ ആളുകളെ കടയിൽ കയറ്റുക തുടങ്ങിയ നിയമ ലംഘനങ്ങൾക്കാണു നടപടി.

മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയാൽ ആദ്യം 200 രൂപ പിഴ. വാഹനത്തിൽ സഞ്ചരിക്കുമ്പോഴും മാസ്ക് നിർബന്ധം. കടകളിൽ പരമാവധി 5 പേർക്ക് ഒരേ സമയം കയറാം. വലിയ കടകളിൽ വിസ്തീർണത്തിന്റെ അടിസ്ഥാനത്തിൽ ഇളവുണ്ട്. കാറുകളിൽ ഡ്രൈവറടക്കം 4 പേർക്കു വരെ സഞ്ചരിക്കാം. ഇരുചക്ര വാഹനത്തിൽ കുടുംബാംഗമാണെങ്കിൽ 2 പേർ. കൂടുതൽ ആളെ കയറ്റുന്ന വാഹന ഉടമയ്ക്കെതിരെ കേസെടുത്തു വാഹനം പിടിച്ചെടുക്കും.

വിവാഹത്തിനു പരമാവധി 50 പേരും മരണത്തിന് 20 പേരുമാകാം. കണ്ടെയ്ൻമെന്റ് സോണിൽ നിന്നു പുറത്തേക്കും അകത്തേക്കും പ്രവേശനമില്ല. സംസ്ഥാനം നേരത്തെ കൊണ്ടു വന്ന ഓർഡിനൻസിന്റെ അടിസ്ഥാനത്തിൽ കൂടിയ പിഴ ഈടാക്കുന്നതിൽ ആശയക്കുഴപ്പമുണ്ട്. കേന്ദ്ര നിയമത്തിൽ ഇതിലും കുറഞ്ഞ തുകയാണു പിഴയെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. കേന്ദ്ര സംസ്ഥാന നിയമങ്ങൾ തമ്മിൽ വൈരുധ്യം വന്നാൽ കേന്ദ്ര നിയമം ആണു ബാധകം. ഈ സാഹചര്യത്തിലാണ് ആശയക്കുഴപ്പം.

ക്വാറന്റീൻ ലംഘിച്ചതിന് കഴിഞ്ഞ 19 വരെ തിരുവനന്തപുരം സിറ്റി പൊലീസ് 13 കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. പത്തനംതിട്ട ജില്ലയിൽ ഇതുവരെ 76 പേർക്കെതിരെ കേസെടുത്തു. ഇടുക്കി ജില്ലയിൽ ഇന്നലെ മാത്രം138 പേർക്കെതിരെ കേസുണ്ടായി. എറണാകുളം ജില്ലയിൽ 214 പേർക്കെതിരെ കേസെടുത്തു, 165 പേർ അറസ്റ്റിലായി. 42 വാഹനങ്ങളും പിടിച്ചെടുത്തു.

പാലക്കാട് 715 പേർക്കു പൊലീസ് നോട്ടീസ് നൽകി. 64 കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. 14 വാഹനങ്ങളും പിടിച്ചെടുത്തു. കാസർകോട് ജില്ലയിൽ 838 കേസുകളാണു റജിസ്റ്റർ ചെയ്തത്.

3600 പ്രവാസികൾ ഇന്നെത്തും

നെടുമ്പാശേരി ∙ പാരിസിൽ നിന്നും യുക്രെയ്നിലെ കീവിൽ നിന്നുമുൾപ്പെടെ 18 വിമാനങ്ങൾ ഇന്ന് പ്രവാസികളുമായി കൊച്ചിയിലെത്തും. 

English summary: Lockdown violation penalty Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com