ADVERTISEMENT

തിരുവനന്തപുരം∙ ഇ-മൊബിലിറ്റി സർക്കാരിന്റെ നയമാണെന്നും അതു നടപ്പാക്കുമെന്നും വ്യക്തമാക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ, ഇ–ബസ് കൺസൽറ്റൻസിയുമായി ബന്ധപ്പെട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങൾ വസ്തുതാവിരുദ്ധമെന്നു തള്ളി.

അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ചു കുറച്ചു ദിവസം അതു ചർച്ചയാക്കാൻ ശ്രമിക്കുക, ഒടുവിൽ ഒന്നും തെളിയിക്കാനാവാതെ മാറ്റിപ്പറഞ്ഞു പിന്മാറുക–ഇതാണു പ്രതിപക്ഷ നേതാവ് നടത്തുന്ന അഭ്യാസം. ആരോപണം ഉന്നയിക്കും മുൻപു സ്വന്തം പാർട്ടിയിലെ മറ്റു നേതാക്കളോടും മുൻ മുഖ്യമന്ത്രിയോടും പ്രധാനമന്ത്രിയോടും കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കണം–മുഖ്യമന്ത്രി ആക്ഷേപിച്ചു. മുഖ്യമന്ത്രിയുടെ വിശദീകരണം:

∙ ഇ–ബസ് കൺസൽറ്റൻസിക്കു സർക്കാരുമായി ധാരണയായ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് എന്ന സ്ഥാപനം കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിനു കീഴിലുള്ള നിക്സി എംപാനൽ ചെയ്തതാണ്. 2020 ഫെബ്രുവരിയിൽ ഗതാഗത വകുപ്പ് ഉത്തരവു പ്രകാരം നിക്സിയുടെ അംഗീകൃത പട്ടികയിലുള്ള 3 കമ്പനികൾക്കു ബസ് പോർട്ടുകൾ, ലോജിസ്റ്റിക് പോർട്ടുകൾ, ഇ-മൊബിലിറ്റി കർമപദ്ധതി തയാറാക്കൽ എന്നിവയുടെ കൺസൽറ്റൻസി നൽകി.

പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് (പിഡബ്ല്യുസി), കെപിഎംജി അഡ്വൈസറി സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്, ഏൺസ്റ്റ് ആൻഡ് യങ് ഗ്ലോബൽ എന്നിവയാണ് ഈ കമ്പനികൾ. ബസ് പോർട്ടുകൾക്കും 2.15 കോടി, ലോജിസ്റ്റിക് പോർട്ടുകൾക്ക് 2.09 കോടി, ഇ-മൊബിലിറ്റിക്ക് 82 ലക്ഷം രൂപ– എന്നിങ്ങനെ വകയിരുത്തി. ഇതിലൊന്നും അസ്വാഭാവികതയില്ല. നടപടിക്രമങ്ങളെല്ലാം പാലിച്ചിട്ടുണ്ട്. ഗതാഗത, ആസൂത്രണ, ധനകാര്യ വകുപ്പുകൾ പരിശോധിച്ച ശേഷമായിരുന്നു അന്തിമ തീരുമാനം.

∙ പ്രതിരോധ, ആഭ്യന്തര മന്ത്രാലയങ്ങളുടെയും ഐസിഎംആർ ഉൾപ്പെടെ സ്ഥാപനങ്ങളുടെയും കൺസൽറ്റൻസി നിർവഹിച്ചിരുന്ന കമ്പനിയാണു പിഡബ്ല്യുസി.

∙ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് കൺസൽറ്റൻസി കമ്പനിക്കു സെബിയുടെ വിലക്കില്ല. വിലക്കുണ്ട് എന്നു പറയുന്നതു പ്രൈസ് വാട്ടർഹൗസ് ആൻഡ് കമ്പനി, ബെംഗളൂരു എൽഎൽപി എന്ന ഓഡിറ്റ് സ്ഥാപനത്തിനാണ്. ആ സ്ഥാപനമാണു ഡോ.മൻമോഹൻസിങ് സർക്കാരിന്റെ കാലത്ത് അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാടിൽ ഗുരുതര ക്രമക്കേടുകൾ ഓഡിറ്റിങ്ങിൽ കണ്ടെത്തിയത്. ഒന്ന് ഓഡിറ്റ് കമ്പനി, മറ്റേതു കൺസൽറ്റൻസി സ്ഥാപനം. രണ്ടും രണ്ടാണെന്ന കാര്യം മറച്ചുവച്ചു.

∙ മുൻപ് യുഡിഎഫ് സർക്കാരിന്റെ കാലത്തു വിവിധ പദ്ധതികളുടെ ഡിപിആർ തയാറാക്കിയതും ഇൗ കമ്പനികൾ തന്നെയാണ്. അന്നു ഗ്ലോബൽ ഇൻവെസ്റ്റേഴ്സ് മീറ്റിനു പിന്നിൽ പ്രവർത്തിച്ചതും പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് ആയിരുന്നു.

∙ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും ഇൗ കമ്പനികൾക്കു കരാർ നൽകിയിട്ടുണ്ട്.

കേന്ദ്രം എംപാനൽ ചെയ്ത ഒരു ഏജൻസിയെ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കാൻ ചട്ടപ്രകാരം ചുമതലപ്പെടുത്തിയതിൽ എന്തു ക്രമക്കേടാണുള്ളതെന്നു പറയാൻ പ്രതിപക്ഷ നേതാവിനു കഴിഞ്ഞിട്ടില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു.

 അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചതു കൊണ്ടു സർക്കാർ പിന്തിരിയാൻ പോകുന്നില്ല. പദ്ധതി നടപ്പാക്കുക തന്നെ ചെയ്യും. സർക്കാരിന്റെ കോവിഡ് പ്രതിരോധത്തെ തുരങ്കം വയ്ക്കാനും നടപടികളെ തെറ്റായി ചിത്രീകരിച്ചു വികൃതമാക്കാനുമാണു പ്രതിപക്ഷ ശ്രമമെന്നും മുഖ്യമന്ത്രി ആരോപിച്ചു.

മേൽനോട്ടം മുഖ്യമന്ത്രി  നേരിട്ട്; യോഗത്തിൽ താൻ പങ്കെടുത്തില്ല: മന്ത്രി

കോഴിക്കോട്∙ ഇ–മൊബിലിറ്റി പദ്ധതിയുടെ കൺസൽറ്റൻസി കരാറുമായി ബന്ധപ്പെട്ടു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങൾ തളളി മന്ത്രി എ.കെ.ശശീന്ദ്രൻ. സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ നിർമാണ യൂണിറ്റ് തുടങ്ങുന്നതു സംബന്ധിച്ചു സാധ്യതാപഠനം നടത്താനാണു പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് കമ്പനിയെ തിരഞ്ഞെടുത്തത്. കൺസൽറ്റൻസി കരാർ നൽകാൻ ടെൻഡർ ആവശ്യമില്ല. കൺസൽറ്റൻസിയെ നിശ്ചയിക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ താൻ പങ്കെടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി നേരിട്ടാണ് ഇത്തരം പദ്ധതികളുടെ മേൽനോട്ടം.  ഗതാഗത സെക്രട്ടറി കൺവീനറായ സബ് കമ്മിറ്റിയാണു കേന്ദ്രസർക്കാർ എംപാനൽ ചെയ്ത  കമ്പനികളുടെ പട്ടികയിൽ നിന്നു  പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിനെ തിരഞ്ഞെടുത്തത്. സാധ്യതാപഠനത്തിന് കമ്പനിയെ നിയോഗിച്ച് ഉത്തരവിട്ടെങ്കിലും കരാർ ഒപ്പിട്ടിട്ടില്ല. 80 ലക്ഷം രൂപയാണു കൺസൽറ്റൻസി നിരക്കായി  നൽകേണ്ടത്.  

English summary: Pinarayi Vijayan responds to E-Mobility allegations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com