sections
MORE

ഈ വിവാഹത്തിനുണ്ട്, വിദ്യാർഥികളുടെ സ്നേഹാശംസകൾ

shyni
ഡോ.ഷൈനി പാലാട്ടി
SHARE

കൊച്ചി ∙ മകന്റെ വിവാഹം ആഘോഷമായി നടത്തുന്നതോ അതോ തന്റെ വിദ്യാർഥികൾക്കു പാഠപുസ്കങ്ങൾ വാങ്ങുന്നതോ... ഏതാണു കൂടുതൽ പ്രധാനം? തൃക്കാക്കര ഭാരതമാതാ കോളജിലെ പ്രിൻസിപ്പൽ ഡോ.ഷൈനി പാലാട്ടിയുടെ മനസ്സിൽ ഈ ചോദ്യം കുരുങ്ങിയത്, വാങ്ങേണ്ട പുസ്തകങ്ങളുടെ പട്ടിക വിദ്യാർഥികൾക്കു കൊടുത്തപ്പോഴാണ്. ഭൂരിഭാഗം വിദ്യാർഥികളും തിരിച്ചു ചോദിച്ചു.‘പുസ്തകം പിന്നെ വാങ്ങിയാൽപ്പോരേ മിസ്?’. പതിവില്ലാത്ത ആ മറുചോദ്യത്തിൽ സാധാരണക്കാരായ വിദ്യാർഥികൾക്കു കോവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ ആഴം ഷൈനി തൊട്ടറിഞ്ഞു.

മകന്റെ വിവാഹം ലളിതമാക്കുന്നതിലൂടെ മിച്ചംപിടിക്കുന്ന രണ്ടര ലക്ഷം രൂപ കോളജിലെ രണ്ടാം വർഷ ബിരുദം മുതൽ പിജി ക്ലാസുകൾ വരെയുള്ള മുഴുവൻ കുട്ടികൾക്കും പാഠപുസ്തകങ്ങൾ വാങ്ങാനായി ഷൈനി നൽകിക്കഴിഞ്ഞു. ആകെ വേണ്ട 3200 പുസ്തകങ്ങളുടെ മൊത്തം വിലയുടെ പകുതിയോളം വരും ഇത്.

ഓൺലൈൻ ക്ലാസുകൾ തുടങ്ങിയപ്പോഴും സമാനമായ പ്രതിസന്ധിയാണു കോളജിനു നേരിടേണ്ടി വന്നത്. വിദ്യാർഥികളിൽ 105 പേരുടെ കയ്യിൽ ക്ലാസിനുതകുന്ന ഡിജിറ്റൽ ഉപകരണങ്ങളില്ല. മൊബൈലോ ടാബ്‌ലറ്റോ ഉള്ളവരിൽത്തന്നെ 500 പേർക്കു മൊബൈൽ ഡേറ്റയുടെ ചെലവു താങ്ങാനാകുന്നില്ല. എല്ലാവർക്കും പഠന സൗകര്യമൊരുക്കാൻ ഷൈനി മുന്നിട്ടിറങ്ങി, ബിഎംസി ഡിജിറ്റൽ ചാലഞ്ചുമായി.

കോളജ് മാനേജർ റവ.ഡോ. ഏബ്രഹാം ഓലിയപ്പുറത്തും അസി.മാനേജർ ഫാ.ബിന്റോ കിലുക്കനും പിന്തുണയുമായി ഒപ്പം നിന്നു. പ്രിൻസിപ്പലിന്റെ സഹായാഭ്യർഥന ലഭിച്ചതോടെ കോളജിലെ പൂർവ വിദ്യാർഥി സംഘടനയായ ബോസ, പൂർവ അധ്യാപക സംഘടനയായ ഫോർട്ട്, പിടിഎ, മാനേജ്മെന്റ്, അധ്യാപകർ എന്നിവരെല്ലാം രംഗത്തിറങ്ങി. ചാലഞ്ചിലൂടെ ഇതിനോടകം ഒഴുകിയെത്തിയതു 10 ലക്ഷത്തോളം രൂപ.

ഇന്ന് ആദ്യഘട്ടമായി കോളജിലെ 40 വിദ്യാർഥികൾക്കു ടാബ്‌ലറ്റും 200 കുട്ടികൾക്കു 3 മാസത്തേക്കു ദിവസം 2 ജിബി ഡേറ്റ വീതവും നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം ആർച്ച് ബിഷപ് മാർ ആന്റണി കരിയിൽ നിർവഹിക്കും. പക്ഷേ, ഷൈനി പാലാട്ടി വീട്ടു ക്വാറന്റീനിലാണ്. ന്യൂഡൽഹിയിൽ എൻജിനീയറായ മകൻ അശോക് തര്യൻ വിവാഹം പ്രമാണിച്ചു നാട്ടിലെത്തിയതാണു കാരണം. അടുത്ത മാസം 50 പേരെ മാത്രം ക്ഷണിച്ചു ചെറിയൊരു ചടങ്ങു മാത്രമായി അശോകിന്റെ വിവാഹം നടക്കും.

English summary: College principal cut down son's marriage costs to buy books for students

Disclaimer : Facebook has partnered with Manorama for this series but has not exerted any editorial control over this story.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA