ADVERTISEMENT

മട്ടന്നൂർ ∙ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ 9 സിഐഎസ്എഫ് ഉദ്യോഗസ്ഥർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് സ്ഥിരീകരിച്ച സിഐഎസ്എഫ് ജീവനക്കാരുടെ എണ്ണം 27 ആയി. രാജസ്ഥാനിൽ നിന്നും ഉത്തർപ്രദേശിൽ നിന്നും എത്തിയ 3 പേർക്കു വീതവും, മധ്യപ്രദേശ്, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നെത്തിയ ഓരോരുത്തർക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.

അവധി കഴിഞ്ഞ് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തി ക്വാറന്റീൻ പൂർത്തിയാക്കി ഡ്യൂട്ടിക്കെത്തിയ ജീവനക്കാരനാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. തുടർന്നു കൂടുതൽ പേർക്കു രോഗം സ്ഥിരീകരിച്ചതോടെ വലിയ വെളിച്ചം സിഐഎസ്എഫ് ക്യാംപിൽ 50 ജീവനക്കാരെ ക്വാറന്റീനിലാക്കി. തുടർന്ന് എല്ലാവരെയും പരിശോധിക്കുകയായിരുന്നു.

സിഐഎസ്എഫ് ജീവനക്കാർക്ക് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചതോടെ വിമാനത്താവളത്തിൽ ജോലി ചെയ്യുന്ന മറ്റു വിഭാഗം ജീവനക്കാരും ഇതുവഴി യാത്ര ചെയ്തവരും ആശങ്കയിലാണ്. രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടിക തയാറാക്കണമെന്നു കിയാലിലെ മറ്റു വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവർ ആവശ്യപ്പെട്ടു.

ജീവനൊടുക്കിയ ആൾക്ക് കോവിഡ് സംശയം: പൊലീസ് ക്വാറന്റീനിൽ

കോഴിക്കോട് ∙ ജീവനൊടുക്കിയ ആൾക്ക് കോവിഡ് ബാധിച്ചിരുന്നുവെന്ന സംശയത്തെത്തുടർന്ന്, മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് പരിശോധന നടത്തിയ ഇൻസ്പെക്ടറുൾപ്പടെ  വെള്ളയി‍ൽ സ്റ്റേഷനിലെ 7 പൊലീസുകാരോടു ക്വാറന്റീനിൽ പോകാ‍ൻ ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു. 

മൃതദേഹം ആശുപത്രിയിലേക്ക് എടുക്കാൻ പൊലീസിനെ സഹായിച്ച 15 പേരോടും ക്വാറന്റീനിൽ പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

27 ന് ഉച്ചയ്ക്കാണു വെള്ളയിൽ കുന്നുമ്മലിൽ കൃഷ്ണനെ (68)  മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിനു മുന്നോടിയായി നടത്തിയ കോവിഡ് പരിശോധനയിൽ ഫലം പോസിറ്റീവായതിനെ തുടർന്നാണു മൃതദേഹവുമായി അടുത്തിടപഴകിയവരെ ക്വാറന്റീനിൽ വിടാൻ തീരുമാനിച്ചത്. 

ആലപ്പുഴ വൈറോളജി ലാബിലേക്കയച്ച സ്രവത്തിന്റെ പരിശോധനാഫലം ഇന്നു വന്ന ശേഷമേ രോഗം സ്ഥിരീകരിക്കാനാവൂ. നഗരത്തിലെ  ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന കൃഷ്ണന് എവിടെ നിന്നാണു കോവിഡ് പിടിപെട്ടിരിക്കുക എന്നു വ്യക്തമല്ല. സ്രവപരിശോധനാഫലം പോസിറ്റീവായാൽ, കൃഷ്ണന്റെ വീടുമായി അടുത്തിടപഴകിയവർ ആരോഗ്യവകുപ്പിനെ അറിയിക്കണമെന്നു ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി.എസ്.ഡെയ്സൺ പറഞ്ഞു.

English summary: CISF officers tests Covid positive in Kannur airport 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com