ഒറ്റ ദിവസം കൊണ്ട് വീൽചെയറിലായ ഡോക്ടർ; ഇന്ന് കോവിഡ് പോരാട്ടത്തിലെ നായകൻ

haneesh
ഡോ.എം.എം.ഹനീഷ്
SHARE

കൊച്ചി ∙ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതലയുള്ള നോഡൽ ഓഫിസറായി കൊച്ചി വിമാനത്താവളത്തിൽ നിൽക്കുമ്പോൾ ഡോ. എം.എം. ഹനീഷിന് 2015 ലെ ഫെബ്രുവരി ഓർമയിലെത്തും. ഡൽഹിയിലെ ഒരു പരിശീലന പരിപാടിക്കു ശേഷം ഡോ. ഹനീഷ് അന്ന് കൊച്ചിയിൽ മടങ്ങിയെത്തിയതു വീൽ ചെയറിൽ തളർന്ന ശരീരമായാണ്; ഗില്ലൻബാരി സിൻഡ്രോം എന്ന അപൂർവ രോഗവുമായി. ശരീരത്തിലെ പ്രതിരോധ വ്യവസ്ഥ സ്വന്തം നാഡികളെ കീഴ്പ്പെടുത്തുന്ന അവസ്ഥയാണിത്.

അന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ അസിസ്റ്റന്റ് സർജനായിരുന്നു ഡോ. ഹനീഷ്. ട്രെയിനിങ്ങിനു ശേഷം മടങ്ങാനുള്ള ഒരുക്കത്തിനിടയിലാണു രോഗം വന്നത്. കൈവിരലുകൾ വളയുന്നു; വല്ലാത്ത ക്ഷീണവും തളർച്ചയും. ഒറ്റ ദിവസംകൊണ്ട് വീൽചെയറിലായി ഡോക്ടർ. പിന്നീട് ദിവസങ്ങളോളം ഡൽഹി എയിംസിലും കൊച്ചി അമൃത ആശുപത്രിയിലും ചികിത്സ, ശസ്ത്രക്രിയകൾ.

തുടർന്ന് ഏറെക്കാലം ഫിസിയോതെറപ്പി. ഡോക്ടർ ജീവിതത്തിലേക്കു പിടിച്ചു കയറി. ഭാര്യ ഡോ. ആഷ്നയും സഹപ്രവർത്തകരും സുഹൃത്തുക്കളും ഒപ്പംനിന്നു. എന്റെ ജീവിതത്തിലെ എല്ലാ നല്ല കാര്യങ്ങളും സംഭവിച്ചത് ആ വീഴ്ചയ്ക്കു ശേഷമാണ്’, ഡോ. ഹനീഷ് പറയുന്നു. നേരത്തേ ഏറെ നാളത്തെ ചികിത്സയ്ക്കു ശേഷമാണു ഡോക്ടർക്ക് ആദ്യത്തെ 3 കുഞ്ഞുങ്ങൾ ജനിച്ചത്; ഒറ്റ പ്രസവത്തിൽ 3 കുഞ്ഞുങ്ങൾ. പിന്നീട് ഒരു കുഞ്ഞു കൂടി പിറന്നു.

സിനിമകളിലും നാടകങ്ങളിലും അഭിനയിച്ചു. ജനറൽ ആശുപത്രി ആർഎംഒയായി. ഐഎംഎ കൊച്ചിയുടെ സെക്രട്ടറിയായി; നിലവിൽ വൈസ് പ്രസിഡന്റ്. ആലുവ ജില്ലാ ആശുപത്രിയിലെ ഇഎൻടി സർജനാണ് ഇപ്പോൾ. തുറമുഖത്തെയും വിമാനത്താവളത്തിലെയും കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ചുമതലയുമുണ്ട് ഇപ്പോൾ. ‘പ്രമേഹമുണ്ട്. രോഗം വരാനുള്ള സാധ്യത ഏറെയാണ്. എന്നാൽ കോവിഡിനെ ഞാൻ ഭയപ്പെടുന്നില്ല.’– ഡോ. ഹനീഷ് പറയുന്നു.

100 ദിവസത്തിലേറെയായി ഹനീഷ് ഇടപ്പള്ളിയിലെ വീട്ടിൽനിന്നു കലൂരിലെ ഐഎംഎ ഹൗസിലേക്കു താമസം മാറ്റിയിട്ട്. ഇടയ്ക്കിടെ വീടിന്റെ വാതിൽക്കൽ പോയി കുടുംബത്തെ കണ്ടു മടങ്ങും. കഴിഞ്ഞ ദിവസം പിറന്നാൾ ആഘോഷിച്ച 3 മക്കൾക്ക് ആശംസ പറഞ്ഞതു പോലും ഗേറ്റിനു പുറത്തു നിന്ന്.

English summary: Doctor's day 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA