ADVERTISEMENT

കൊച്ചി ∙ ഇ ബസ് നിർമാണത്തിനു മുതൽ മുടക്കാൻ സ്വിസ് ഇ ബസ് നിർമാതാക്കളായ ‘ഹെസ് ആൻഡ് കെയ്റ്റനോ’ കമ്പനി താൽപര്യം അറിയിച്ചിട്ടും തുടർചർച്ചകൾ ഇല്ലാതെ സർക്കാരിന്റെ മെല്ലെപ്പോക്ക്. സംസ്ഥാന സർക്കാർ കഴിഞ്ഞ ജൂണിൽ സംഘടിപ്പിച്ച ഇവോൾവ് ഇ മൊബിലിറ്റി കോൺഫറൻസിൽ ഏറെ പ്രാധാന്യത്തോടെ പ്രഖ്യാപിച്ച പദ്ധതിയാണിത്.  

കെഎസ്ആർടിസിക്കു വേണ്ടി കേരളത്തിൽ 3000 ഇ ബസുകൾ നിർമിക്കാനും കൂടുതൽ നിക്ഷേപത്തിനുമായിരുന്നു ധാരണ. കേരള ഓട്ടമൊബീൽസ് ലിമിറ്റഡുമായി ചേർന്നു സംയുക്ത സംരംഭത്തിനും ധാരണയുണ്ടാക്കി. കോഴിക്കോട് തിരുവമ്പാടിയിൽ വേരുകളുള്ള, സ്വിറ്റ്സർലൻഡിൽ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായ സൂസൻ സൂസി തോമസിന്റെ കൂടി ശ്രമഫലമായാണു സ്വിസ് കമ്പനി കേരളത്തിൽ മുതൽമുടക്കിനു സന്നദ്ധത അറിയിച്ചത്.

വിവിധ സ്ഥലങ്ങൾ സന്ദർശിച്ച ശേഷം വെല്ലിങ്ടൺ ഐലൻഡിൽ കമ്പനി താൽപര്യം പ്രകടിപ്പിക്കുകയും ചെയ്തു.  എന്നാൽ പദ്ധതിക്കു വേണ്ടി എവിടെ സ്ഥലം കൈമാറാനാകുമെന്നോ, കൈമാറുന്ന സ്ഥലം പ്രത്യേക സാമ്പത്തിക മേഖലയായി പ്രഖ്യാപിക്കുമെന്നോ ഉറപ്പുനൽകാത്തതുമൂലം സ്വിസ് കമ്പനി പിന്നീട് പദ്ധതിയുമായി മുന്നോട്ടു പോയില്ല. കമ്പനി രൂപീകരണത്തെക്കുറിച്ചും സർക്കാർ ആലോചിച്ചില്ല. ആദ്യം നിർമിക്കുന്ന 3000 ബസുകളും കെഎസ്ആർടിസിയാണു വാങ്ങുന്നത് എന്നതിനാൽ കെഎസ്ആർടിസിക്കും കമ്പനിയിൽ പങ്കാളിത്തം നൽകാനാകുമായിരുന്നു.

തുടക്കത്തിൽ ബസിന്റെ ഷാസി ഉൾപ്പെടെ 80% സ്വിറ്റ്സർലൻഡിൽ നിന്നു കൊണ്ടുവരാനും 20% പ്രാദേശികമായി നിർമിക്കാനുമായിരുന്നു പദ്ധതി. ക്രമേണ 90% ഭാഗങ്ങളും തദ്ദേശീയമായി നിർമിക്കും. 2025 ൽ പദ്ധതി പൂർത്തിയാക്കാനും ധാരണയിലെത്തി. ഇ ബസ് നിർമാണം ഉൾപ്പെടെ ഇ മൊബിലിറ്റി പദ്ധതികളുടെ സാധ്യതകൾ പഠിക്കാൻ പ്രൈസ്‌വാട്ടർഹൗസ് കൂപ്പേഴ്സിനു കരാർ നൽകിയതിൽ പ്രതിപക്ഷം അഴിമതി ആരോപണം ഉന്നയിച്ചിട്ടുണ്ട്. എവിടെ സ്ഥലം കൈമാറാനാകുമെന്നോ, കൈമാറുന്ന സ്ഥലം പ്രത്യേക സാമ്പത്തിക മേഖലയായി പ്രഖ്യാപിക്കുമെന്നോ ഉറപ്പു ലഭിക്കാത്തതു മൂലം സ്വിസ് കമ്പനി പദ്ധതിയുമായി മുന്നോട്ടു പോയില്ല

English summary: E-Bus project Kerala 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com