ADVERTISEMENT

തിരുവനന്തപുരം ∙ ജോസ് വിഭാഗത്തെ തിരക്കിട്ട് എൽഡിഎഫിൽ ഉൾപ്പെടുത്തുമെന്ന സൂചന സിപിഎം നൽകുന്നില്ലെങ്കിലും അതിനുള്ള ചർച്ച നടന്നേക്കും. യുഡിഎഫിലെ പൊട്ടിത്തെറി ഉപയോഗിക്കേണ്ടതാണെന്നതും 2 വീതം എംപിമാരും എംഎൽഎമാരുമുള്ള ഘടകകക്ഷിയെ കൂടെ കിട്ടുമെന്നതും സിപിഎം കണക്കിലെടുക്കും. ഇരു കേരള കോൺഗ്രസുകളെയും മെരുക്കി  കൂടെനിർത്താനുള്ള തന്ത്രമാണോ യുഡിഎഫിന്റേതെന്ന സംശയവും എ‍ൽഡിഎഫിനുണ്ട്. 

രാഷ്ട്രീയത്തിൽ എല്ലാം എല്ലാക്കാലത്തേക്കുമല്ലെന്നും പ്രശ്നങ്ങളുണ്ടാവുമ്പോൾ സാഹചര്യത്തിനനുസരിച്ചാണു നിലപാടു വരുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. ‘‘അവർ ആദ്യം നിലപാടു വ്യക്തമാക്കട്ടെ. സാഹചര്യമനുസരിച്ചു തീരുമാനിക്കാം. അവർക്ക് എൽഡിഎഫിലേക്കു വരാനുള്ള യോഗ്യതയുണ്ടോ എന്നതു പ്രത്യേക ഘട്ടത്തിൽ ആലോചിക്കേണ്ട കാര്യമാണ്. ഇപ്പോൾ ആ ഘട്ടം ആയിട്ടില്ല’’– മുഖ്യമന്ത്രി പറഞ്ഞു. 

ജോസ് വിഭാഗത്തെ ബിജെപി മുന്നണിയുടെ ഭാഗമാക്കാനും ശ്രമം നടക്കുന്നതായി ചൂണ്ടിക്കാട്ടിയപ്പോൾ, നിലപാട് ഇല്ലാത്തവരായി ആ പാർട്ടിയെ ചിത്രീകരിക്കേണ്ട എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

ജോസ് വിഭാഗത്തിനു യുഡിഎഫുമായി ചർച്ചയ്ക്കു പഴുതിട്ടുള്ള തീരുമാനമാണു വന്നിരിക്കുന്നതെന്നും എല്ലാം  കലങ്ങിത്തെളിയട്ടെയെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. വാതിൽ തുറക്കാനോ അടയ്ക്കാനോ സമയമായിട്ടില്ലെന്നും ജോസ് വിഭാഗം തീരുമാനം വ്യക്തമാക്കട്ടെയെന്നും എൽഡിഎഫ് കൺവീനർ എ. വിജയരാഘവൻ പറഞ്ഞു. 

English summary: Jose K Mani LDF entry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com