ADVERTISEMENT

തിരുവനന്തപുരം∙യുഡിഎഫ് പുറത്താക്കിയ കേരള കോൺഗ്രസ്(ജോസ്) വിഭാഗത്തിനു മുന്നിൽ എൽഡിഎഫ് വാതിലടച്ച് സിപിഐ. കെ.എം മാണിയുടെ സമയത്തു കേരള കോൺഗ്രസിനോടുണ്ടായിരുന്ന അതേ എതി‍ർപ്പു നിലനിൽക്കുകയാണെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കി.യുഡിഎഫിലെ ഏതെങ്കിലും വിഭാഗത്തിന്റെ വെന്റിലേറ്ററായി പ്രവർത്തിക്കാൻ എൽഡിഫിനു കഴിയില്ല. ജോസ് പക്ഷത്തിന്റെ വിധി അവർ തീരുമാനിക്കട്ടെ– കാനം തുറന്നടിച്ചു.

ജോസ് പക്ഷത്തെ പൂർണമായും തള്ളാതെ കരുതലോടെയുള്ള പ്രതികരണങ്ങൾക്കു സിപിഎം മുതിരുമ്പോഴാണ്  അവരോട് ദാക്ഷിണ്യമില്ലെന്നു സിപിഐ വ്യക്തമാക്കിയത്. ‘‘ഞങ്ങളുടെ നിലപാടിലൊന്നും ഒരു മാറ്റവുമില്ല. ഇപ്പോഴത്തെ സാഹചര്യം എൽഡിഎഫ് ചർച്ച ചെയ്തിട്ടില്ല. 

ഇടതുമുന്നണിയിൽ പുതിയ കക്ഷിയെ  എടുക്കുന്നതിനും പൊതുവായ കൂടിയാലോചനയും അംഗീകാരവും ആവശ്യമാണ്. അങ്ങനെ ചർച്ച ഉണ്ടായാൽ ആ ഘട്ടത്തിൽ  അഭിപ്രായം പറയും’’ മുഖ്യമന്ത്രി  പറഞ്ഞതുപോലെ കാള പെറ്റെന്നു കേൾക്കുമ്പോൾ കയറെടുക്കേണ്ട കാര്യമില്ല. രാഷ്ട്രീയത്തിൽ എല്ലാക്കാലവും ഒരേ നിലപാട് ആയിരിക്കില്ലെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ, അഭിപ്രായം ശരിയാണെന്നും രാഷ്ട്രീയത്തിൽ എല്ലാവരും ഒരേപോലെ ആയിരിക്കില്ലെന്നുമായിരുന്നു കാനത്തിന്റെ പ്രതികരണം. 

യുഡിഎഫും എൽഡിഎഫും തമ്മിൽ വ്യത്യാസമുണ്ട്.ഞങ്ങൾ നയങ്ങളുടെയും  പരിപാടികളുടെയും അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന  മുന്നണിയാണ്.ആ അർഥത്തിൽ ഒരു ഇടതു പ്രതിച്ഛായ ഈ മുന്നണിക്കുണ്ട്. ഇടതു മുന്നണിയുടെ നയങ്ങളുമായി യോജിക്കാൻ തയ്യാറായാലോ  എന്ന ചോദ്യത്തിന്, നിലപാട് ബോധ്യപ്പെടുമ്പോൾ പരിശോധിക്കാമെന്നു കാനം പ്രതികരിച്ചു. എൻഡിഎ സ്വാഗതം ചെയ്യുന്നോ ഇല്ലയോ എന്നതൊന്നും ഞങ്ങൾക്കു വിഷയമല്ല.

 അവർ ഇപ്പോൾ എൽഡിഎഫിന്റെ കൂടെയുള്ളവരല്ല. അതുകൊണ്ട് എങ്ങോട്ടു വേണമെങ്കിലും പോകാം. യുഡിഎഫ് ദുർബലപ്പെടുന്നതു നല്ലതു തന്നെ. എന്നാൽ അങ്ങനെ ദുർബലപ്പെടുമ്പോൾ അതിലെ ഏതെങ്കിലും ഒരു വിഭാഗത്തെ സഹായിക്കാനുള്ള ബാധ്യത ഇടതുമുന്നണിക്കില്ല– കാനം പറഞ്ഞു. 

പാലാ വിടില്ലെന്നു കാപ്പൻ ; മുഖ്യമന്ത്രിയെ പ്രതിഷേധം അറിയിച്ചു 

തിരുവനന്തപുരം∙പാലായിൽ ജോസ് കെ. മാണി മത്സരിച്ചാൽ പോലും ഇനി തന്നോടു ജയിക്കില്ലെന്നു എൻസിപി എംഎൽഎ മാണി സി.കാപ്പൻ. യുഡിഎഫിനു പുറത്തായ ജോസ് കെ. മാണി പക്ഷം എൽഡിഎഫിനോട് അടുക്കുന്നുവെന്ന സൂചനകൾ ഉയർന്ന ഉടൻ നേരെ മുഖ്യമന്ത്രി പിണറായി വിജയനെ വന്നു കണ്ടശേഷം പ്രതികരിക്കുകയായിരുന്നു കാപ്പൻ.

ജോസ് പക്ഷം എൽഡിഎഫിന്റെ ഭാഗമായാൽ പാലാ സീറ്റ് അവർക്കു നൽകേണ്ടിവരുമെന്ന പ്രചാരണം കാപ്പൻ തള്ളി.  ‘‘അങ്ങനെ ഒരു ആശങ്കയും എനിക്കില്ല. ഇത് ഇടതു ജനാധിപത്യമുന്നണിയാണ്. ​ഞാൻ ജയിച്ച സീറ്റാണു പാലാ. തിരഞ്ഞെടുപ്പു സമയത്ത് ജയിച്ചാൽ പാലായിൽ കാണില്ലെന്നും മുംബൈയിലോ മേഘാലയയിലോ പോകുമെന്നായിരുന്നു എനിക്കെതിരെയുള്ള പ്രചാരണം.

ഇപ്പോൾ എന്നെ മുട്ടിയിട്ട് അവർക്കു നടക്കാൻ വയ്യാത്ത സ്ഥിതിയാണ്’’– കാപ്പൻ പറഞ്ഞു. പാലായിൽ താൻ ജയിച്ചതു കേരള കോൺഗ്രസിലെ തമ്മിലടി മൂലമാണെന്നു ചില എൽഡിഎഫ് നേതാക്കൾ ചാനൽ ചർച്ചയിൽ അഭിപ്രായപ്പെട്ടതിലുള്ള പ്രതിഷേധം മാണി സി.കാപ്പൻ മുഖ്യമന്ത്രിയെ അറിയിച്ചു. 

English summary: Kanam Rajendran responds to Kerala Congress M

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com