sections
MORE

എൽഡിസി ലിസ്റ്റിന് ചവറ്റുകൊട്ട; നിയമനത്തിനു ‘സ്വന്തം’ ക്വോട്ട

psc-exam-image
SHARE

കോഴിക്കോട് ∙ 15,000 പേർ ഉൾപ്പെട്ട എൽഡി ക്ലാർക്ക് റാങ്ക് പട്ടികയുടെ കാലാവധി അടുത്ത ഏപ്രിലിൽ തീരാനിരിക്കെ, മെറിറ്റ് (ഓപ്പൺ കോംപറ്റീഷൻ) വഴി നിയമനം ലഭിച്ചത് 3,777 പേർക്കു മാത്രം.  അതിനു മുൻപത്തെ റാങ്ക് ലിസ്റ്റിൽ നിന്ന് 7,651 പേർക്കു നിയമനം ലഭിച്ചിരുന്നു. അപ്രഖ്യാപിത നിയമന നിരോധനവും വഴിവിട്ട ആശ്രിത നിയമനവും സ്വന്തക്കാർക്കു വേണ്ടിയുള്ള താൽക്കാലിക നിയമനങ്ങളുമാണു റാങ്ക് പട്ടികയെ നോക്കുകുത്തിയാക്കുന്നത്.

14 ജില്ലകളിൽ നിന്നായി 17.94 ലക്ഷം പേരാണു പരീക്ഷ എഴുതിയത്. ഒരു ജില്ലയിലും 500 പേർക്കു പോലും മെറിറ്റിൽ നിയമനം കിട്ടിയിട്ടില്ല. കഴിഞ്ഞ തവണ 1005 പേർക്കു നിയമനം ലഭിച്ച തിരുവനന്തപുരം ജില്ലയിലെ റാങ്ക് പട്ടികയിൽ നിന്ന് ഇതുവരെ നിയമിച്ചത് 447 പേരെ. 

നിയമവിരുദ്ധമായി നടത്തിയ ആശ്രിത നിയമനങ്ങളും എൽഡി ക്ലാർക്ക് പട്ടികയ്ക്കു തിരിച്ചടിയായി. ഒരു വർഷം ഒരു ജില്ലയിലുണ്ടാകുന്ന ഒഴിവിന്റെ 5 ശതമാനത്തിൽ കൂടുതൽ ആശ്രിത നിയമനം പാടില്ലെന്നാണു നിയമമെങ്കിലും ഈ റാങ്ക് പട്ടിക നിലവിൽ വന്ന ശേഷം പഞ്ചായത്ത് വകുപ്പിൽ 277 പേർക്കും ആരോഗ്യവകുപ്പിൽ 97 പേർക്കും ആശ്രിത നിയമനം നൽകി.

28 വകുപ്പുകളിൽ 595 പേർക്ക് എൽഡി ക്ലാർക്കായി ആശ്രിത നിയമനം നൽകിയിട്ടുണ്ട്. വിവിധ വകുപ്പുകളിൽ രാഷ്ട്രീയപ്രേരിത താൽക്കാലിക നിയമനങ്ങളും തകൃതി. മുഖ്യമന്ത്രിയുടെ ഓഫിസിൽ പോലും താൽക്കാലികാടിസ്ഥാനത്തിൽ ക്ലാർക്കിനെ നിയമിച്ചിട്ടുണ്ട്. സ്പെഷൽ റൂൾ ഉണ്ടാക്കി പിഎസ്‍സിക്കു വിടേണ്ട തസ്തികയിലാണു കഴിഞ്ഞ 10നു താൽക്കാലിക നിയമനം നടത്തിയത്.  കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റിൽ (കിലെ) 10 വർഷം ജോലി ചെയ്ത 2 പേരെ കഴിഞ്ഞ 19നു സ്ഥിരപ്പെടുത്തി.

ഒഴിവുകൾ ഓൺലൈനായി റിപ്പോർട്ട് ചെയ്യുന്നതിലെ ഇളവ് ഇന്ന് അവസാനിക്കും

തിരുവനന്തപുരം∙ഒഴിവുകൾ ഓൺലൈനായി റിപ്പോർട്ട് ചെയ്യുന്നതിനു വിവിധ വകുപ്പുകൾക്കു പിഎസ്‌സി നൽകിയിരുന്ന ഇളവ് ഇന്ന് അവസാനിക്കുന്നു. എന്നാൽ ഇപ്പോഴും പല വകുപ്പുകളും ഇ–വേക്കൻസി സോഫ്റ്റ്‌വെയറിലേക്കു മാറാത്ത സാഹചര്യത്തിൽ വീണ്ടും സമയം നീട്ടിക്കൊടുക്കുന്ന കാര്യം ഇന്നത്തെ പിഎസ്‌സി യോഗം തീരുമാനിച്ചേക്കും.

പിഎസ്‌സിയുടെ മുൻ തീരുമാനം അനുസരിച്ചു നാളെ മുതൽ ഇ–വേക്കൻസി സോഫ്റ്റ്‌വെയർ വഴി അല്ലാതെ റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകൾ സ്വീകരിക്കാൻ പാടില്ല. ഓരോ വകുപ്പിലെയും ഒഴിവുകൾ നിശ്ചിത ഫോമിൽ രേഖപ്പെടുത്തി തപാലിൽ അയച്ചു കൊടുക്കുന്ന പഴയ രീതിക്കു മാറ്റം വരുത്താനാണ് ഇ–വേക്കൻസി സംവിധാനം കൊണ്ടുവന്നത്. 

ഇതിലൂടെ 24 മണിക്കൂറും വേഗത്തിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാം. റാങ്ക് പട്ടികയുടെ കാലാവധി തീരുന്ന ദിവസം രാത്രി 12 വരെയുള്ള ഒഴിവുകൾ അറിയിക്കാൻ സാധിക്കും. 

എന്നാൽ പല സർക്കാർ വകുപ്പുകളും ഡിജിറ്റൽ സംവിധാനത്തിലേക്കു മാറാത്തതിനാൽ  ഇ–വേക്കൻസി സോഫ്റ്റ്‌വെയർ നിർബന്ധമാക്കാതെ പലതവണ കാലാവധി നീട്ടുകയാണു  പിഎസ്‌സി ചെയ്തിരുന്നത്. ഏറ്റവും ഒടുവിൽ നീട്ടിക്കൊടുത്ത സമയപരിധി ഇന്ന് അവസാനിക്കുമ്പോഴും പല വകുപ്പുകളും മാറ്റത്തിനു തയാറല്ല.

‘വർഷങ്ങൾ കഠിനാധ്വാനം ചെയ്തു റാങ്ക് പട്ടികയിലെത്തിയവരെ സർക്കാർ ചതിക്കുകയാണ്. ഈ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർ‌ 2 വർഷത്തിനിടെ 29 തവണയാണു അനധികൃത നിയമനങ്ങൾക്കെതിരെ കോടതിയെ സമീപിക്കേണ്ടി വന്നത്. 10 കേസുകൾ ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണനയിലാണ്.’

എസ്.ശരത്കുമാർ, ജനറൽ സെക്രട്ടറി, ക്ലാർക്ക് റാങ്ക് ഹോൾഡേഴ്സ് ഐഡിയൽ അസോസിയേഷൻ ഓഫ് കേരള

English summary: PSC LDC list 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA