ADVERTISEMENT

കൊച്ചി∙ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഘം ഷംന കാസിമിനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടാൻ പദ്ധതിയിട്ടിരുന്നുവെന്നു സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെ. ഷംന പരാതി നൽകിയതോടെയാണിതു പാളിപ്പോയതെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.

‘‘സ്വർണക്കടത്തെന്ന ആവശ്യവുമായാണു ഷംനയെ സംഘം സമീപിച്ചത്. ഇതിനു ഷംന തയാറാകാതിരുന്നതോടെയാണു പ്രതികളിൽ പെട്ട ഹാരിസ്, റഫീഖ്, ഷെരീഫ് എന്നിവർ വിവാഹത്തട്ടിപ്പ് ആസൂത്രണം ചെയ്തത്. കേസിൽ അന്വേഷണം പൂർത്തിയായി. 12 പ്രതികളുള്ള കേസിൽ 4 പേർ കൂടി പിടിയിലാകാനുണ്ട്. പാലക്കാട് വടക്കഞ്ചേരിയിലും വാളയാറിലും മോഡലുകളെ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തിയത് ആസൂതണം ചെയ്ത പ്രതി ഗൾഫിൽ നിന്നെത്തിയിട്ടുണ്ട്.

കോവിഡ് ബാധിച്ച ഇയാളെ, രോഗം ഭേദമായ ശേഷം അറസ്റ്റ് ചെയ്യും. യുവതികളുടെ പരാതികളിൽ അന്വേഷണം തുടരും. സിനിമാരംഗത്തുള്ള മറ്റു പലരെയും സംഘം സമീപിച്ചിട്ടുണ്ട്. സിനിമാ നിർമാതാക്കളെന്ന രീതിയിലാണു പ്രൊഡക്‌ഷൻ കൺട്രോളർ ഷാജി പട്ടിക്കരയെ സംഘം സമീപിച്ചത്’’. വിജയ് സാഖറെ പറഞ്ഞു.

ഇതിനിടെ, കേസിലെ പ്രതികളുടെയും സാക്ഷികളുടെയും വിശദാംശങ്ങളും ഇതുവരെ ലഭ്യമായ വിവരങ്ങളും നൽകണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റ് സിറ്റി പൊലീസിനു കത്തു നൽകി. പരാതിക്കാരും സാക്ഷികളും സ്വർണം, കറൻസി കടത്തിനെപ്പറ്റി പറഞ്ഞ സാഹചര്യത്തിലാണിത്. ഇരുപതിലധികം യുവതികൾ സംഘത്തിനെതിരെ പരാതി നൽകിയിട്ടുണ്ട്. ഷംന കാസിമിന്റെ മൊഴി വിഡിയോ കോൺഫറൻസിലൂടെയാണു രേഖപ്പെടുത്തിയത്. 

English summary: Shamna Kasim blackmailing case 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com