ADVERTISEMENT

കൊച്ചി∙ നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ ഒരു പ്രതി കൂടി പിടിയിൽ. മേക്കപ് ആർട്ടിസ്റ്റ് ചാവക്കാട്‌ സ്വദേശി ഹാരിസ് ആണ് അറസ്റ്റിലായത്. പ്രധാന പ്രതികളിലൊരാളായ ഷരീഫിന്റെ ബന്ധുവാണ് ഹാരിസ്. ഇതോടെ, കേസിൽ അറസ്റ്റിലായവരുടെ എണ്ണം 8 ആയി. 

തട്ടിപ്പു സംഘത്തിനു സിനിമ മേഖലയുമായുള്ള ബന്ധം അന്വേഷിക്കുന്നതിന്റെ ഭാഗമായി നടൻ ധർമജൻ ബോൾഗാട്ടിയുടെ മൊഴി രേഖപ്പെടുത്തി. സംഘത്തിലെ 4 പ്രതികളുടെ വിശദാംശങ്ങൾ അറിയിക്കണം എന്നാവശ്യപ്പെട്ട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പ്രത്യേകാന്വേഷണ സംഘത്തിന് ഇന്നു കത്തു നൽകും. 

പിടിയിലായ പ്രതികൾ സിനിമ മേഖലയിലുള്ളവരെ വിളിച്ചതിന്റെ വിശദാംശങ്ങൾ പൊലീസ് കിട്ടിയിട്ടുണ്ട്. കൂടുതൽ പേരിൽ നിന്ന് അടുത്ത ദിവസങ്ങളിൽ മൊഴിയെടുക്കും. ഷംനയുമായുള്ള വിവാഹാലോചനയുടെ ഇടനിലക്കാരനായതു ഹാരിസാണെന്നു പൊലീസ്‌ കരുതുന്നു. റഫീഖ് (അൻവർ അലി) ഉൾപ്പെടെയുള്ളവരെ നടിയുടെ കുടുംബത്തിനു പരിചയപ്പെടുത്തിയത് ഇയാളാണെന്ന് സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെ പറഞ്ഞു. 7 കേസുകൾ കൂടി റജിസ്റ്റർ ചെയ്‌തിട്ടുണ്ട്. പെൺവാണിഭ സംഘങ്ങളുമായി സംഭവത്തിനു ബന്ധമുണ്ടോ എന്നു പരിശോധിക്കും.  ലൈംഗികാതിക്രമത്തിന് ഇരയായതായി ഒരു പെൺകുട്ടിയുടെ പരാതി ലഭിച്ചിട്ടുണ്ട്. ഷംന കേസിൽ 3 പ്രതികൾ കൂടി പിടിയിലാകാനുണ്ടെന്നും കമ്മിഷണർ പറഞ്ഞു. 

സ്വർണം കടത്തിനെക്കുറിച്ച് ഇരകളും സാക്ഷികളും ആവർത്തിച്ചു മൊഴി നൽകുന്ന പശ്ചാത്തലത്തിലാണ് 4 പ്രതികളുടെ വിശദാംശങ്ങൾ തേടുന്നതെന്നു കസ്റ്റംസ് അറിയിച്ചു. തട്ടിപ്പു മാത്രമാണ് സംഘത്തിന്റെ ലക്ഷ്യം എന്നാണു പൊലീസ് പറയുന്നത്. പ്രതികൾക്കു കള്ളക്കടത്തു സംഘങ്ങളുമായി ബന്ധമുള്ളതായി വേറെ വിവരമില്ല. വിശദാംശങ്ങൾ അന്വേഷിച്ചശേഷം, ആവശ്യമെങ്കിൽ പ്രതികളെ ചോദ്യം ചെയ്യുമെന്ന് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം വിശദീകരിച്ചു. 

ഷംന കാസിമിനെ വിവാഹം ആലോചിച്ച് എത്തിയ സംഘം ആൾമാറാട്ടം നടത്തിയാണു തട്ടിപ്പിനു ശ്രമിച്ചതെന്നും പൊലീസ്‌ അന്വേഷണത്തിൽ തൃപ്‌തിയുണ്ടെന്നും ഷംനയുടെ അമ്മ റൗലാബി പറഞ്ഞു. ഹൈദരാബാദിലായിരുന്ന ഷംന കാസിം ഇന്നലെ കൊച്ചി മരടിലെ വീട്ടിലെത്തി. 14 ദിവസം വീട്ടിൽ ക്വാറന്റീനിൽ കഴിയേണ്ടുന്നതിനാൽ നടിയുടെ മൊഴി വിഡിയോ കോൺഫറൻസിലൂടെ രേഖപ്പെടുത്തി.  

തട്ടിപ്പു സംഘത്തിന്റെ മുഖ്യ ആസൂത്രകൻ ഗൾഫിൽ നിന്നെത്തിയിട്ടുണ്ടെന്നും കോവിഡ് ബാധിച്ച ഇയാൾ ചികിത്സയിലാണെന്നും ഡിസിപി ജി. പൂങ്കുഴലി പറഞ്ഞു. കോവിഡ് ഭേദമായ ശേഷം ഇയാളെ കസ്റ്റഡിയിലെടുക്കുമെന്നും ഡിസിപി അറിയിച്ചു. പ്രൊഡക്‌ഷൻ കൺട്രോളർ ഷാജി പട്ടിക്കരയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. 

English summary: Shamna Kasim blackmailing case; Makeup artist arrested 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com