ADVERTISEMENT

തിരുവനന്തപുരം ∙ ആകെ ജയിച്ചവരിൽ 10% പേർ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയതു ചരിത്രനേട്ടം. 41,906 പേർക്കാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ്. കഴിഞ്ഞ തവണ കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതിയിരുന്നുവെങ്കിലും മുഴുവൻ എ പ്ലസ് നേടിയത് 37,334 പേരായിരുന്നു.

ഇത്തവണ വർധന 12.25%. മോഡറേഷൻ ഇല്ലാതെയാണ് ഇത്തവണത്തെ ഉയർന്ന വിജയം. സമ്പൂർണ എ പ്ലസിൽ ആൺകുട്ടികളുടെ ഇരട്ടിയിലേറെ പെൺകുട്ടികൾ. 12,808 ആൺകുട്ടികൾ ഈ നേട്ടം കൈവരിച്ചു; 29,098 പെൺകുട്ടികളും.

1.13 ലക്ഷം പേർക്കു ഗ്രേസ് മാർക്ക് ലഭിച്ചു. 100% വിജയം നേടിയ സ്കൂളുകൾ 1703ൽ നിന്ന് 1837 ആയി. 38 സർക്കാർ, 83 എയ്ഡഡ്, 13 അൺ എയ്ഡഡ് എന്നിങ്ങനെയാണ് കഴിഞ്ഞ വർഷത്തെക്കാൾ 100% വിജയം കൊയ്ത സ്കൂളുകളുടെ എണ്ണത്തിലെ വർധന.

പട്ടികജാതി വിഭാഗം:വിജയം 97.75%

∙ പട്ടികജാതി വിഭാഗത്തിൽ എസ്എസ്എൽസി പരീക്ഷയെഴുതിയവരിൽ 97.75% പേർ വിജയിച്ചു. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് 1365 പേർക്ക്.

∙ പട്ടികവർഗ വിഭാഗത്തിൽ 7929 ൽ 7225 പേർ ഉപരിപഠനത്തിന് അർഹരായി (91%). 100 പേർക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ്.

സർട്ടിഫിക്കറ്റിൽ ക്യുആർ കോഡ്

∙ ഈ വർഷം മുതൽ സർട്ടിഫിക്കറ്റിൽ ക്യുആർ കോഡ് ഉണ്ടാകും. കോഡ് സ്കാൻ ചെയ്ത് ആധികാരികത ഉറപ്പാക്കാം.

∙ 2018, 19 വർഷങ്ങളിൽ പരീക്ഷയെഴുതി പാസായ എല്ലാവരുടെയും ഡിജിറ്റൽ സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ ലഭ്യമാണ്. ഇത്തവണത്തെ സർട്ടിഫിക്കറ്റ് സേ പരീക്ഷയ്ക്കു ശേഷം ലഭിക്കും.

പുനർമൂല്യനിർണയം: അപേക്ഷ നാളെ മുതൽ

∙ ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയം, സൂക്ഷ്മപരിശോധന, പകർപ്പ് എന്നിവയ്ക്കുള്ള അപേക്ഷകൾ നാളെ മുതൽ 7 വരെ ഓൺലൈനായി നൽകാം. അപേക്ഷകളുടെ പ്രിന്റ് ഔട്ടും ഫീസും പ്രധാനാധ്യാപകർക്ക് 7ന് അകം നൽകണം. പുനർമൂല്യനിർണയത്തിന് 400 രൂപയും സൂക്ഷ്മപരിശോധനയ്ക്ക് 50 രൂപയും പകർപ്പിന് 200 രൂപയുമാണു ഫീസ്. ഫലം 22ന് അകം പ്രസിദ്ധീകരിക്കും.

∙ ഉപരിപഠനത്തിനു യോഗ്യത നേടാനാകാത്തവർക്കു സേ പരീക്ഷയ്ക്കു റജിസ്റ്റർ ചെയ്യാം. കോവിഡ് തടസ്സങ്ങളെത്തുടർന്നു ഫിസിക്സ്, കെമിസ്ട്രി, കണക്ക് പരീക്ഷ എഴുതാൻ കഴിയാതിരുന്നവർക്കു സേ പരീക്ഷയോടൊപ്പം ഇവ എഴുതാം. തീയതി ഉടൻ തീരുമാനിക്കും.

വലച്ചത് കണക്ക്

എസ്‌ എസ്എൽസി പരീക്ഷയിൽ ഇത്തവണയും വലച്ചത് കണക്ക്. ഏറ്റവും കുറഞ്ഞ മാർക്ക് ശരാശരി കണക്കിനാണ് (60.95%). കഴിഞ്ഞ വർഷമിത് 60.53% ആയിരുന്നു. കോവിഡിനെത്തുടർന്ന് രണ്ടാം ഘട്ടത്തിൽ നടത്തിയ ഫിസിക്സും (ശരാശരി 67.72%) പ്രയാസമായിരുന്നുവെന്നു വ്യക്തം. കഴിഞ്ഞ വർഷം 71.64 % ആയിരുന്നു. കെമിസ്ട്രിക്ക് ശരാശരി മാർക്ക് 81.02 %.

ഐടിക്കാണു പതിവു പോലെ ഉയർന്ന ശരാശരി – 87.56%. മറ്റു വിഷയങ്ങളുടെ ശരാശരി: ബയോളജി – 73.16%, സാമൂഹികപാഠം – 69.85%, ഹിന്ദി – 74.42%, ഇംഗ്ലിഷ് – 70.24%. 

ഓരോ വിഷയത്തിലെയും വിജയശതമാനം: 

മാത്‌സ് – 99.5, കെമിസ്ട്രി – 99.92, ഫിസിക്സ് – 99.82, ബയോളജി – 99.88, ഇംഗ്ലിഷ് – 99.59

പ്ലസ് വൺ സീറ്റ് 4.23 ലക്ഷം

പ്ലസ് വണ്ണിന് എല്ലാ വിഭാഗങ്ങളിലുമായി 4.23 ലക്ഷം സീറ്റുണ്ടെന്നു മന്ത്രി സി.രവീന്ദ്രനാഥ്. സിബിഎസ്ഇ ഫലം വന്ന ശേഷം അപേക്ഷകരുടെ എണ്ണം കൂടി പരിഗണിച്ച് ആവശ്യമെങ്കിൽ സീറ്റുകൾ വർധിപ്പിക്കാൻ അനുമതി നൽകും.

എസ്എസ്എൽസി പരീക്ഷാഫലം മന്ത്രിയും വിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാനും കൂടി പ്രകാശനം ചെയ്തു. വിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻ ബാബു, പരീക്ഷാ സെക്രട്ടറി കെ.ഐ. ലാൽ എന്നിവർ പങ്കെടുത്തു.

കുട്ടനാടിന് 100%

വിദ്യാഭ്യാസ ജില്ലകളിൽ കുട്ടനാടിനു 100 % വിജയം. പരീക്ഷയെഴുതിയ 2106 വിദ്യാർഥികളും വിജയിച്ചു. കഴിഞ്ഞ വർഷം 99.91 % ആയിരുന്നു. രണ്ടാം സ്ഥാനം മുവാറ്റുപുഴയ്ക്കാണ് – 99.78%. വയനാടാണു വിദ്യാഭ്യാസ ജില്ലകളിൽ ഏറ്റവും പിന്നിൽ – 95.04%

മലപ്പുറം മുന്നിൽ

എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവരുടെ എണ്ണത്തിൽ മുൻപിൽ മലപ്പുറം റവന്യു ജില്ലയാണ് – 6447 പേർ (4473 പെൺകുട്ടികളും 1974 ആൺകുട്ടികളും). രണ്ടാം സ്ഥാനം കോഴിക്കോടിനാണ് – 5047 പേർ. ഏറ്റവും പിന്നിൽ വയനാട് – 907 പേർ. 

വിദ്യാഭ്യാസ ജില്ലകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവരുടെ എണ്ണത്തിലും മലപ്പുറം തന്നെ മുൻപിൽ – 2736 പേർ. 1896 പേരുള്ള താമരശ്ശേരി വിദ്യാഭ്യാസ ജില്ലയാണു രണ്ടാമത്.

English summary: SSLC exam result

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com