ADVERTISEMENT

മലപ്പുറം ∙ അഞ്ച് ആരോഗ്യപ്രവർത്തകരടക്കം 10 പേർക്കു സമ്പർക്ക രോഗം കണ്ടെത്തിയതോടെ കോവിഡ് അതിതീവ്ര മേഖലയായ പൊന്നാനി താലൂക്കിൽ വരുന്ന തിങ്കളാഴ്ച വരെ ട്രിപ്പിൽ ലോക്ഡ‍ൗൺ. താലൂക്കിലെ 9 പഞ്ചായത്തുകളും പൊന്നാനി നഗരസഭയും പൂർണമായി അടച്ചിടും. ആളുകൾക്കു പുറത്തിറങ്ങാനാകില്ല. മരുന്നുകടകളും പെട്രോൾ പമ്പുകളും മാത്രം തുറക്കാം. അവശ്യ സാധനങ്ങൾ പൊലീസിന്റെ സഹായത്തോടെ വീടുകളിലെത്തിക്കും.

എടപ്പാൾ– പട്ടാമ്പി റോഡ് ഒഴികെ താലൂക്ക് അതിർത്തിയിൽ റോഡുകളെല്ലാം അടയ്ക്കും. ചമ്രവട്ടം പാലത്തിലൂടെ ഗതാഗതമില്ല. ദേശീയപാതയിലും കുറ്റിപ്പുറം–തൃശൂർ സംസ്ഥാന പാതയിലും ഗതാഗതം അനുവദിക്കും. പൊന്നാനി ജങ്കാർ സർവീസും നിർത്തിവയ്ക്കും.

എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലെയും ശുകപുരം സ്വകാര്യ ആശുപത്രിയിലെയും 2 ഡോക്ടർമാർ അടക്കം 5 പേർക്കാണു ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. പരിശോധനയ്ക്കെത്തിയ കൈക്കുഞ്ഞുങ്ങൾ അടക്കം ആയിരക്കണക്കിനു പേർക്ക് ഇവരുമായി സമ്പർക്കമുണ്ടായെന്നാണു നിഗമനം. 2 ആശുപത്രികളിലും ജൂൺ 5 നുശേഷം പരിശോധനയ്ക്കെത്തിയവർ ആരോഗ്യ വിഭാഗത്തെ വിവരം അറിയിക്കണമെന്നും വീടുകളിൽ നിരീക്ഷണത്തിൽ കഴിയണമെന്നും നിർദേശം നൽകി. 2 ആശുപത്രികളും താൽക്കാലികമായി അടച്ചു. എടപ്പാൾ വട്ടംകുളം പ‍ഞ്ചായത്തിലെ 5 പേർക്കു ശനിയാഴ്ച സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ചിരുന്നു.

ലക്ഷണമില്ലാത്തവർക്കും പരിശോധന; സർവേ

മലപ്പുറം / തിരുവനന്തപുരം ∙ സമൂഹവ്യാപന സാധ്യത പരിശോധിക്കാനുള്ള ആന്റിബോഡി പരിശോധന പൊന്നാനി താലൂക്കിൽ ആരംഭിച്ചു. രോഗികളുമായി സമ്പർക്കം ഉണ്ടായവരടക്കം 1500 പേർക്കാണ് ഇപ്പോൾ പരിശോധന. ഫലം വരുന്നതുവരെ ഇവർ നിരീക്ഷണത്തിൽ തുടരണം. പനിയും ശ്വാസകോശ പ്രശ്നങ്ങളുമുള്ള എല്ലാവരെയും പരിശോധിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 

ആരോഗ്യ പ്രവർത്തകർ, ആശുപത്രി ജീവനക്കാർ, ബാങ്ക് ജീവനക്കാർ, ട്രാൻസ്പോർട്ട് ഹബ്ബുകളിൽ ജോലി ചെയ്യുന്നവർ, ഓട്ടോ-ടാസ്കി ഡ്രൈവർമാർ എന്നിവർക്കു ലക്ഷണമില്ലെങ്കിലും പരിശോധന നടത്തും. 3 ദിവസം വിപുല പരിശോധനയും വീടു തോറും സർവേയും നടത്തും. തീവ്ര രോഗബാധ കണ്ടെത്തിയ പ്രദേശങ്ങളിൽ കുറഞ്ഞത് 10,000 പരിശോധനകൾ നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

English summary: Triple lockdown in Ponnani

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com