കോട്ടയം ധാരണ പാലിച്ചാൽ ഇനിയും ഒരുമിച്ചു പോകാനാകുമെന്ന് യുഡിഎഫ്

pj-joseph
കേരള കോൺഗ്രസ് (എം)ജോസഫ് വിഭാഗത്തിന് പിന്തുണ പ്രഖ്യാപിച്ച ശേഷം പ്രിൻസ് ലൂക്കോസ് പി.ജെ. ജോസഫിനും തോമസ് ഉണ്ണിയാടനുമൊപ്പം ലഘു ഭക്ഷണം കഴിക്കുന്നു. ജോസ് കെ. മാണി വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു പ്രിൻസ്. ചിത്രം: മനോരമ
SHARE

തിരുവനന്തപുരം∙ കോട്ടയം ജില്ലാ പഞ്ചായത്തിലെ ധാരണ പാലിച്ചാൽ കേരള കോൺഗ്രസ്(എം) ജോസ് വിഭാഗത്തിനു മുന്നണിയിൽ തുടരാമെന്ന നിലയിൽ നിലപാടു മയപ്പെടുത്തി യുഡിഎഫ്. ജോസ് വിഭാഗത്തെ പുറത്താക്കാനുള്ള തീരുമാനം കോൺഗ്രസിലും മുന്നണിയിലും സമ്മിശ്ര പ്രതികരണങ്ങൾ സൃഷ്ടിച്ച സാഹചര്യത്തിലാണു വാതിൽ പൂർണമായും കൊട്ടിയടച്ചിട്ടില്ലെന്നു നേതൃത്വം വ്യക്തമാക്കിയത്. ഇന്നു മൂന്നിനു ചേരുന്ന യുഡിഎഫ് യോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കും.

കോട്ടയത്തു രാജിവയ്ക്കാത്തതിന്റെ പേരിൽ മുന്നണിയിൽ നിന്നു നീക്കിയ ജോസ് വിഭാഗം രാജി വച്ചു കീഴടങ്ങി തിരികെ വരുമെന്ന കണക്കുകൂട്ടൽ യുഡിഎഫ് നേതൃത്വത്തിനില്ല. അങ്ങനെ ആവശ്യപ്പെട്ടു കൊണ്ടു ചർച്ചയ്ക്കുള്ള വഴി വീണ്ടും തുറക്കാനാണു ശ്രമം. യുഡിഎഫ് ചുമതലപ്പെടുത്തിയ പ്രകാരം പി.കെ. കുഞ്ഞാലിക്കുട്ടി വീണ്ടും അനുരഞ്ജന നീക്കം ആരംഭിച്ചു.

ജോസ് വിഭാഗത്തെ നീക്കിയ യുഡിഎഫ് തീരുമാനം തിങ്കളാഴ്ച പ്രഖ്യാപിച്ച ശേഷമുള്ള സാഹചര്യം ഇന്നലെ രാവിലെ ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ വിലയിരുത്തി. ഹൈക്കമാൻഡിനെ അറിയിച്ചതായി മുല്ലപ്പള്ളി വ്യക്തമാക്കി. കേരള കോൺഗ്രസ് തമ്മിലടിക്കെതിരെ കർശന നിലപാട് അനിവാര്യമായിരുന്നുവെന്നാണു യുഡിഎഫിലെ പൊതുവികാരം. രണ്ടിലൊരു കക്ഷി മുന്നണി വിട്ടേക്കാമെന്ന കണക്കുകൂട്ടലുമുണ്ട്.

എന്നാൽ ഒരു കക്ഷിയെ പുറത്താക്കുമ്പോഴും അവർ സ്വയം പുറത്തുപോകാൻ നിർബന്ധിതരാകുമ്പോഴുമുള്ള പ്രത്യാഘാതങ്ങളിലെ വ്യത്യാസം കൂടി വിലയിരുത്തി വേണമായിരുന്നു തീരുമാനമെന്ന വാദവും ഉയർന്നു. ജോസ് പക്ഷത്തെ ഒഴിവാക്കിയ യുഡിഎഫ് കൺവീനറുടെ പ്രഖ്യാപനം മൂന്നു പേരും കൂടുതലായി വിശദീകരിക്കണമെന്നും നേതാക്കൾ തമ്മിൽ ധാരണയായി.

നല്ല കുട്ടികളായി വരാം:  പി.ജെ. ജോസഫ്

തൊടുപുഴ∙ ജോസ് കെ. മാണിയും കൂട്ടരും നല്ല കുട്ടികളായി വന്നാൽ മുന്നണിയിൽ പ്രവർത്തിക്കാമെന്നു പി.ജെ. ജോസഫ് എംഎൽഎ.  ജോസ് കെ. മാണിയുടെ പ്രവർത്തന രീതികൾ മാറ്റണം.  ധാരണ ഉണ്ടായിരുന്നുവെന്ന് അംഗീകരിക്കുകയും രാജി വയ്ക്കുകയും ചെയ്താലേ ചർച്ചകൾക്കു പ്രസക്തിയുള്ളൂ എന്നും ജോസഫ് പറഞ്ഞു.

കേരള കോൺഗ്രസ് (എം) ജോസ് വിഭാഗത്തിൽ നിന്ന് കൂടുതൽ ആളുകൾ തങ്ങളുടെ ഒപ്പമെത്തുമെന്നും ജോസഫ് അവകാശപ്പെട്ടു. ഒട്ടേറെ പേർ ബന്ധപ്പെടുന്നുണ്ട്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരായ അവിശ്വാസ പ്രമേയം സംബന്ധിച്ച് യുഡിഎഫ് നേതൃത്വം തീരുമാനമെടുക്കും. തദ്ദേശ സ്ഥാപനങ്ങളിൽ പ്രാദേശിക അടിസ്ഥാനത്തിലായിരിക്കും തീരുമാനങ്ങൾ.

സീനിയർ നേതാക്കളെ  ഹൈജാക്ക് ചെയ്യുന്നുവെന്ന വിമർശനത്തിൽ കഴമ്പില്ലെന്നും ജോസഫ് പറഞ്ഞു. കോട്ടയത്ത് എത്തിയ ജോസഫ്  മോൻസ് ജോസഫ് എംഎൽഎ, ജനറൽ സെക്രട്ടറി ജോയ് ഏബ്രഹാം, കെ ഫ്രാൻസിസ് ജോർജ്, തോമസ് ഉണ്ണിയാടൻ, ജോണി നെല്ലൂർ എന്നിവരുമായി ചർച്ച നടത്തി. 

യുഡിഎഫിലേക്കുള്ള ജോസിന്റെ വഴി അടഞ്ഞിട്ടില്ല: മുസ്‌ലിംലീഗ്

മലപ്പുറം ∙ ജോസ് കെ. മാണിക്കു മുന്നിൽ യുഡിഎഫിലേക്കുള്ള വഴി കൊട്ടിയടച്ചിട്ടില്ലെന്ന് മുസ്‍ലിംലീഗ്. നിലവിലെ യുഡിഎഫ് യോഗങ്ങളിൽ നിന്ന് അവരെ മാറ്റി നിർത്താനാണ് തീരുമാനിച്ചത്. പുറത്താക്കിയെന്നത് മാധ്യമ വ്യാഖ്യാനമാണ്. ഇതു സംബന്ധിച്ച് യുഡിഎഫ് ഇന്ന് വിശദമായ യോഗം ചേരുമെന്നും പാർട്ടിയുടെ ഉന്നതാധികാര സമിതി യോഗത്തിനു ശേഷം ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കോട്ടയം ജില്ലാ പഞ്ചായത്തുമായി ബന്ധപ്പെട്ട് കോൺഗ്രസ് അവിടെ എടുത്ത തീരുമാനം പ്രസക്തമാണ്. അതുകൊണ്ടു തന്നെ കോൺഗ്രസ് എടുത്ത തീരുമാനത്തെ ലീഗ് അംഗീകരിക്കുന്നു. എല്ലാവരും തയാറുണ്ടെങ്കിൽ തുടർന്നും വിഷയം ചർച്ച ചെയ്യും. യുഡിഎഫ് ഐക്യമാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. മുസ്‍ലിം ലീഗുമായും പാണക്കാട് കുടുംബവുമായും കെ.എം.മാണിക്ക് മരിക്കുന്നതു വരെ നല്ല ബന്ധമായിരുന്നു.  യുഡിഎഫ് എടുക്കുന്ന തീരുമാനത്തിൽ ലീഗിന് വ്യത്യസ്ത അഭിപ്രായമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

English summary: UDF on Kerala Congress M

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA