ADVERTISEMENT

തിരുവനന്തപുരം∙കഴിഞ്ഞ മൂന്നു മാസമായി കാലഹരണപ്പെട്ടതു 125 ൽ കൂടുതൽ  പിഎസ്‌സി റാങ്ക് പട്ടികകൾ. സിവിൽ പൊലീസ് ഓഫിസർ തസ്തികയിലേക്കുള്ള ഏഴു റാങ്ക് പട്ടികകളാണ് ഇന്നലെ കാലഹരണപ്പെട്ടത്. അസി.സർജന്മാരുടെ പട്ടിക 27ന് അവസാനിച്ചിരുന്നു.

ദിവസേന റാങ്ക് പട്ടികകൾ റദ്ദായിക്കൊണ്ടിരിക്കുകയാണ്. റദ്ദാകുന്ന പട്ടികകളിൽ നിന്നു വേണ്ടത്ര നിയമനം നടക്കുന്നില്ലെന്നും പുതിയ റാങ്ക് പട്ടികകൾ ഉടൻ വരില്ലെന്നുമാണു പരാതി. റാങ്ക് പട്ടികകൾ ഇല്ലാത്തതു നിയമനം പ്രതിസന്ധിയിലാക്കും.

കാലാവധി നീട്ടിയ നൂറോളം റാങ്ക് പട്ടികകൾ കഴിഞ്ഞ 19ന് അവസാനിച്ചിരുന്നു. സിവിൽ എക്സൈസ് ഓഫിസർ, മുനിസിപ്പൽ, പഞ്ചായത്ത് സെക്രട്ടറി, കോളജ്–സ്കൂൾ അധ്യാപക തസ്തികകളിലേക്കുള്ള പട്ടികകൾ ഇതിൽ പെടുന്നു. സിവി‍ൽ പൊലീസ് ഓഫിസർ റാങ്ക് പട്ടികകളിൽ നിന്നു മൂവായിരത്തഞ്ഞൂറോളം പേർക്കു നിയമന ശുപാർശ നൽകി. ഏകദേശം 1800 ഒഴിവു കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്നലെ കാലഹരണപ്പെട്ട പട്ടികയിൽ നിന്ന് ഈ ഒഴിവുകൾ നികത്തും.

വനിതാ കോൺസ്റ്റബിൾ: 21 ഗർഭിണികൾക്കു കൂടി കായികക്ഷമതാ പരീക്ഷ

തിരുവനന്തപുരം∙ഗർഭിണികളായ 21 ഉദ്യോഗാർഥികൾക്കു കൂടി വനിതാ പൊലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് പതിനഞ്ചോടെ കായികക്ഷമതാ പരീക്ഷ നടത്താൻ പിഎസ്‌സി യോഗം തീരുമാനിച്ചു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണു തീരുമാനം.

ഇ വേക്കൻസി സോഫ്റ്റ്‌വെയർ വഴി അല്ലാതെയും ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ വകുപ്പുകൾക്ക് സമയപരിധി നീട്ടിക്കൊടുക്കുന്ന കാര്യം യോഗം ചർച്ച ചെയ്തില്ല. കോളജ് വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ സ്റ്റാറ്റിസ്റ്റിക്സ് (എൽസി/എഐ), സാമൂഹിക നീതി വകുപ്പിൽ സൂപ്പർവൈസർ ഐസിഡിഎസ്(പട്ടികവർഗം) തസ്തികകളിലേക്ക് അഭിമുഖം നടത്താൻ തീരുമാനിച്ചു.

പട്ടികജാതി വകുപ്പിൽ ട്രെയിനിങ് ഇൻസ്ട്രക്ടർ–സർവേയർ,മിൽമയിൽ ടെക്നിക്കൽ സൂപ്രണ്ട്,കമ്പനി/ബോർഡ്/കോർപറേഷനുകളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്/സ്റ്റെനോഗ്രാഫർ,കെഎഫ്സിയിൽ  ജൂനിയർ ടെക്നിക്കൽ ഓഫിസർ (സിവിൽ) തസ്തികകളിലേക്കു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.

ഭൂജല വകുപ്പിൽ ഡ്രില്ലിങ് അസിസ്റ്റന്റ്,വിവിധ ജില്ലകളിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ ഗ്രേഡ് 2, സഹകരണ കയർ മാർക്കറ്റിങ് ഫെഡറേഷനിൽ  സെയിൽസ് അസിസ്റ്റന്റ് ഗ്രേഡ് 2 തസ്തികകളിലേക്കു സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും.ആരോഗ്യവകുപ്പിൽ സൈക്യാട്രിക് സോഷ്യൽ വർക്കർ തസ്തികയിലേക്ക് ഓൺലൈൻ പരീക്ഷ നടത്താനും തീരുമാനിച്ചിട്ടുണ്ട്.

English summary: 125 PSC list cancelled

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com