ADVERTISEMENT

മലപ്പുറം ∙ ഹാറൂൺ കേൾക്കുകയായിരുന്നു. ഇംഗ്ലിഷ് എ പ്ലസ്... ഫിസിക്സ് എ പ്ലസ്... മാത്‌സ് എ പ്ലസ്... 10 വിഷയങ്ങളുടെയും ഫലം കംപ്യൂട്ടർ വായിച്ചുകേൾപ്പിച്ചപ്പോൾ ആ കണ്ണുകളിൽ ഫുൾ എ പ്ലസിന്റെ തിളക്കം. 

കാഴ്ചപരിമിതിയെ അതിജീവിച്ച്, സ്ക്രൈബിന്റെ സഹായമില്ലാതെ കംപ്യൂട്ടറിൽ എസ്എസ്എൽസി പരീക്ഷ എഴുതിയ സംസ്ഥാനത്തെ ആദ്യ വിദ്യാർഥിയാണ് മങ്കട ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ടി.കെ.ഹാറൂൺ കരീം. ഇതിനായി സർക്കാരിന്റെ പ്രത്യേക അനുമതിയും നേടിയിരുന്നു. ഫലപ്രഖ്യാപന വേളയിൽ ഹാറൂണിന്റെ കാര്യം മന്ത്രി പരാമർശിക്കുകയും ചെയ്തു.

സ്ക്രൈബ് വേണ്ടെന്നും പരീക്ഷ സ്വയമെഴുതാമെന്നും ഹാറൂൺ തീരുമാനിച്ചതിനു പിന്നിലൊരു വാശിയുടെ കഥയുണ്ട്. എട്ടാം ക്ലാസിൽ വച്ച് സ്ക്രൈബിന്റെ സഹായത്തോടെ ക്വിസ് മത്സരത്തിൽ പങ്കെടുത്തു. ഒന്നാം സമ്മാനവും കിട്ടി. പക്ഷേ, അഭിനന്ദനങ്ങളെല്ലാം സ്ക്രൈബിന്. അതോടെയാണു പരീക്ഷകളെല്ലാം സ്വയം എഴുതാമെന്നു തീരുമാനിച്ചത്. 

കംപ്യൂട്ടറിൽ കഠിനപരിശീലനത്തിന്റെ കാലമായിരുന്നു പിന്നെ. സ്വയം വികസിപ്പിച്ച സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ചാണ് പരീക്ഷ എഴുതിയത്. പത്താം ക്ലാസിൽ ഫുൾ എ പ്ലസ് എന്ന ലക്ഷ്യം എട്ടാം ക്ലാസിൽ വച്ചേ മനസ്സിൽ കുറിച്ചിരുന്നു. 

പ്ലസ്‌ടു കഴിഞ്ഞാൽ യുഎസിലെ സ്റ്റാൻഫഡ് സർവകലാശാലയിൽ കംപ്യൂട്ടർ സയൻസ് എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം.  മേലാറ്റൂർ ഒലിപ്പുഴ സ്വദേശി അബ്ദുൽ കരീമിന്റെയും അധ്യാപികയായ സബീറയുടെയും മകനാണ് ഹാറൂൺ. ഹന്നയും ഹനീനയും സഹോദരിമാർ.

English summary: Blind student from Malappuram score full a plus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com