ADVERTISEMENT

തിരുവനന്തപുരം ∙ വിദേശത്തു നിന്നു വന്ന 65 പേരും ഇതര സംസ്ഥാനങ്ങളിൽ നിന്നു വന്ന 46 പേരും ഉൾപ്പെടെ സംസ്ഥാനത്ത് 131 പേർക്കു കൂടി കോവിഡ്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ശനിയാഴ്ച മരിച്ച വട്ടിയൂർക്കാവ് നെട്ടയം ഹരിനാരായണത്തിൽ തങ്കപ്പനു (76) രോഗം ബാധിച്ചിരുന്നെന്നു കണ്ടെത്തി. ഇതോടെ സംസ്ഥാനത്തു കോവിഡ് മരണം 24 ആയി.

പ്രമേഹവും ഉയർന്ന രക്തസമ്മർദവുമുണ്ടായിരുന്ന തങ്കപ്പനെ മുംബൈയിൽ നിന്നു ശനിയാഴ്ച തിരുവനന്തപുരത്തു വിമാനമിറങ്ങിയ ഉടൻ ജനറൽ ആശുപത്രിയിൽ എത്തിച്ചിരുന്നു. അന്നുതന്നെ മെഡിക്കൽ കോളജിലേക്കു മാറ്റുന്നതിനിടെയായിരുന്നു മരണം. മുംബൈയിൽ ടയർ കട നടത്തുകയായിരുന്നു.  

സമ്പർക്കത്തിലൂടെ 10 പേർ കൂടി രോഗബാധിതരായി. മലപ്പുറത്തു 4 പേർക്കും പാലക്കാട്ടും കാസർകോട്ടും 2 പേർക്കു വീതവും ആലപ്പുഴയിലും കോഴിക്കോട്ടും ഓരോരുത്തർക്കുമാണു സമ്പർക്കരോഗം. 75 പേർ രോഗമുക്തരായി.

ഇന്നലെ കൂടുതൽ രോഗികൾ മലപ്പുറത്താണ്– 32. മറ്റു ജില്ലകളിലിങ്ങനെ: കണ്ണൂർ 26, പാലക്കാട് 17, കൊല്ലം 12, എറണാകുളം 10, ആലപ്പുഴ 9, കാസർകോട് 8. തിരുവനന്തപുരം 5 (മരണം ഉൾപ്പെടെ), തൃശൂർ 4, കോഴിക്കോട് 4, കോട്ടയം 3, പത്തനംതിട്ട 1. സംസ്ഥാനത്ത് ഇപ്പോൾ ചികിത്സയിലുള്ളവർ 2112.‌

കേരളത്തിലേക്കുള്ള യാത്ര: പാസ് വേണ്ട; റജിസ്ട്രേഷൻ തുടരും

തിരുവനന്തപുരം ∙ സംസ്ഥാനാന്തര യാത്രയ്ക്ക് ഇന്നുമുതൽ പാസും അനുമതിയും വേണ്ടെന്ന കേന്ദ്ര തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ പ്രത്യേക ഉത്തരവിറക്കി. അതേസമയം, ഇതരസംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവരുടെ വിവരം ശേഖരിക്കാൻ കോവിഡ് ജാഗ്രത വെബ്സൈറ്റ് വഴിയുള്ള റജിസ്ട്രേഷൻ തുടരും.

ഇതൊഴിവാക്കിയാൽ ക്വാറന്റീനും നിരീക്ഷണവും ഉറപ്പാക്കുക പ്രായോഗികമല്ലെന്നാണു സംസ്ഥാന സർക്കാരിന്റെ വിലയിരുത്തൽ. അതിർത്തികളിൽ ആരോഗ്യപരിശോധനയും തുടരും. കണ്ടെയ്ൻമെന്റ് സോണുകളിൽ ഉൾപ്പെടെ നിയന്ത്രണം കർശനമാക്കണമെന്ന് കലക്ടർമാർക്കും ജില്ലാ പൊലീസ് മേധാവികൾക്കും ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത നിർദേശം നൽകി.

English summary: Covid cases Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com