ADVERTISEMENT

തിരുവനന്തപുരം ∙ കന്നുകാലികളെ ബാധിക്കുന്ന വൈറസ് രോഗമായ ലംപി സ്കിൻ രോഗം തെക്കൻ ജില്ലകളിൽ പടരുന്നു.  4500 പശുക്കളെ ബാധിച്ചെന്നാണു മൃഗ സംരക്ഷണ വകുപ്പിന്റെ റിപ്പോർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണു രോഗം വ്യാപകം. 1 മാസം മുൻപ് പാലക്കാട്, തൃശൂർ ജില്ലകളിലും രോഗം റിപ്പോർട്ട് ചെയ്തു.   കാപ്രി പോക്സ് ഇനത്തിൽപെടുന്ന ഒരു തരം പോക്സ് വൈറസാണു രോഗം പടർത്തുന്നത്. 

കൊതുക്, കടിക്കുന്ന ഇനം ഈച്ചകൾ, പട്ടുണ്ണികൾ തുടങ്ങി കന്നുകാലികളിൽ കാണുന്ന പരാദ ജീവികളിലൂടെയാണു രോഗം പ്രധാനമായും പടരുന്നത്. കന്നുകാലികളുടെ ചർമത്തിലെ വൃണങ്ങളിലൂടെ രോഗം പടരും. സമ്പർക്കത്തിലൂടെയും വ്യാപിക്കും. രണ്ടാം ഘട്ടത്തിൽ ഗുരുതരമാകും. പാൽ ഉൽപാദനത്തെയും ബാധിക്കും. 

കന്നുകാലികളെ മാത്രം ബാധിക്കുന്ന ഈ രോഗം മറ്റു മൃഗങ്ങളെയോ മനുഷ്യരെയോ ബാധിക്കില്ലെന്നു മൃഗ സംരക്ഷണ ഡയറക്ടർ ഡോ.സി.മധു അറിയിച്ചു. കഴിഞ്ഞ വർഷമാണു രാജ്യത്തു  രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത്. 

 ആശങ്ക വേണ്ടെന്നും പ്രതിരോധ നടപടികൾ ഊർജിതപ്പെടുത്തി എന്നും ഡയറക്ടർ പറഞ്ഞു. 4500 ഡോസ് പ്രതിരോധ മരുന്നു ശനിയാഴ്ച ലഭ്യമാക്കി. 15000 ഡോസ് ജൂലൈ ആദ്യവാരം എത്തും. രോഗം കണ്ടെത്തിയ പ്രദേശങ്ങളിലെ 5 കിലോമീറ്റർ പരിധിയിലുള്ള എല്ലാ പശുക്കൾക്കും പ്രതിരോധ മരുന്നു നൽകും.  രോഗം സംശയിക്കപ്പെടുന്ന കന്നുകാലികളിൽ നിന്നു സാംപിളുകൾ ശേഖരിച്ചു. 

കർഷകർ ശ്രദ്ധിക്കണം

രോഗലക്ഷണങ്ങളുള്ള കന്നുകാലികളെ പ്രത്യേകം പാർപ്പിക്കണം. കന്നുകാലികളുടെ ശരീരത്തിലെ ഈച്ചകൾ, ഉണ്ണികൾ തുടങ്ങിയ പരാദ ജീവികളെ നശിപിക്കുന്നതിനു നടപടിയെടുക്കണം. തൊഴുത്തിൽ ശുചിത്വം പാലിക്കണം.

  അണുനാശിനികൾ ഉപയോഗിച്ച് അണുവിമുക്തമാക്കണം. സംശയങ്ങൾക്ക് സംസ്ഥാന ജന്തു രോഗ നിയന്ത്രണ പദ്ധതിയുടെ 24 മണിക്കൂർ ഹെൽപ് ലൈനിൽ 0471 2732151 വിളിക്കാം.

English summary: Lumpy skin disease spread in Kerala

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com