ADVERTISEMENT

തിരുവനന്തപുരം ∙ സ്വർണക്കടത്തുകേസിൽ കസ്റ്റംസ് തിരയുന്ന സ്വപ്ന സുരേഷ് ഐടി വകുപ്പിൽ ജോലി ചെയ്തത് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിലെ പ്രതിയെന്ന വിവരം മറച്ചുവച്ച്. യുഎഇ കോൺസുലേറ്റ് മുൻ പിആർഒ സരിത്തിനെ ചോദ്യം ചെയ്തപ്പോഴാണ് സുഹൃത്തു കൂടിയായ സ്വപ്നയുടെ പങ്കിനെക്കുറിച്ച് സൂചന ലഭിച്ചത്. അതിനു മുൻപ് എയർ ഇന്ത്യ സാറ്റ്സിൽ 6 മാസത്തോളം ട്രെയിനർ ആയിരുന്ന സ്വപ്നയ്ക്കെതിരെ അവിടെ വ്യാജരേഖ ചമച്ച കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണ്.

എയർ ഇന്ത്യ ഗ്രൗണ്ട് ഹാൻഡ്‌ലിങ് വിഭാഗത്തിലെ ഓഫിസർ എൽ.എസ്. ഷിബുവിനെ കള്ളക്കേസിൽ കുടുക്കിയതിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സ്വപ്നയെ 2 തവണ ചോദ്യം ചെയ്തിരുന്നു. ഷിബുവിനെതിരെ കള്ളപ്പരാതി തയാറാക്കിയതും എയർ ഇന്ത്യ എൻക്വയറി കമ്മിറ്റിക്കു മുൻപിൽ വ്യാജപ്പേരിൽ പെൺകുട്ടിയെ ഹാജരാക്കിയതും സ്വപ്ന സമ്മതിച്ചിരുന്നു. കഴിഞ്ഞ മാസം വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും അവർ എത്തിയില്ല. ചോദ്യം ചെയ്യൽ സമയത്തൊന്നും ഇവർ ഐടി വകുപ്പിൽ ജോലി ചെയ്യുന്ന വിവരം ക്രൈംബ്രാഞ്ചിനെയും അറിയിച്ചില്ല. ചോദ്യം ചെയ്യലിനിടെ തന്നെ ഇവരെ വിട്ടയ്ക്കണമെന്നാവശ്യപ്പെട്ട് ഉന്നതതലസമ്മർദം പൊലീസിനു മേലുണ്ടായിരുന്നു.

ജോലികൾ മാറി മാറി

സ്വപ്ന സുരേഷ് ജനിച്ചതും വളർന്നതും അബുദാബിയിലാണ്. തിരുവനന്തപുരം ബാലരാമപുരം സ്വദേശിയായ പിതാവിന് അവിടെയായിരുന്നു ജോലി. സ്വപ്ന അബുദാബി വിമാനത്താവളത്തിലെ പാസഞ്ചർ സർവീസ് വിഭാഗത്തിൽ ജോലി ചെയ്തിരുന്നു. വിവാഹിതയായെങ്കിലും പിന്നീടു ബന്ധം വേർപിരിഞ്ഞു. അതിനുശേഷമാണു മകളുമായി തിരുവനന്തപുരത്തെത്തിയത്.

2 വർഷം ട്രാവൽ ഏജൻസിയിൽ ജോലി ചെയ്തു. 2013 ലാണ് എയർ ഇന്ത്യ സാറ്റ്സിൽ ജോലിയിൽ കയറിയത്. 2016 ൽ ക്രൈംബ്രാഞ്ച് കേസിനാസ്പദമായ സംഭവത്തിനു തൊട്ടുപിന്നാലെ അബുദാബിയിലേയ്ക്കു മടങ്ങി. പിന്നെ യുഎഇ കോൺസുലേറ്റിൽ കോൺസുലേറ്റ് ജനറലിന്റെ സെക്രട്ടറിയായി ജോലിയിൽ പ്രവേശിച്ചു. കഴിഞ്ഞവർഷം ജോലി വിട്ടു. ക്രമക്കേടുകളെത്തുടർന്ന് ഇവരെ പുറത്താക്കുകയായിരുന്നുവെന്നും സൂചനയുണ്ട്. 

നക്ഷത്ര പാർട്ടികളിലെ സ്ഥിരം സാന്നിധ്യം

കോൺസുലേറ്റിൽ ജോലി ചെയ്യുമ്പോഴാണ് തലസ്ഥാനത്തെ ഉന്നതരുമായി ബന്ധം സ്ഥാപിക്കുന്നത്. നക്ഷത്ര ഹോട്ടലുകളിലെ പാർട്ടികളിൽ സ്ഥിരം സാന്നിധ്യമായി. നഗരത്തിൽ കോടികൾ ചെലവുവരുന്ന വീടിന്റെ നിർമാണം തുടങ്ങിയെന്നും വിവരമുണ്ട്. അറബിക് ഉൾപ്പെടെയുള്ള ഭാഷകൾ അനായാസം കൈകാര്യം ചെയ്യാൻ കഴിയുന്ന സ്വപ്ന കേരളം സന്ദർശിച്ച അറബ് നേതാക്കളുടെ സംഘത്തിൽ പലപ്പോഴും അംഗമായിരുന്നു.

English Summary: Gold smuggling case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com