ADVERTISEMENT

കൊച്ചി ∙ തിരുവനന്തപുരം വിമാനത്താവളത്തിലെ കാർഗോ കോംപ്ലക്സിൽ നിന്ന് 30 കിലോഗ്രാം സ്വർണം പിടിച്ച കേസിൽ അന്വേഷണം യുഎഇയിലുള്ള ഫൈസൽ ഫരീദിലേക്ക്. ഇയാൾ കൊച്ചി സ്വദേശിയാണെന്നാണു കേസിൽ പിടിയിലായ സരിത് മൊഴി നൽകിയിട്ടുള്ളത്. യുഎഇയിൽ നിന്നു ബാഗേജുകൾ അയയ്ക്കുന്നത് ഫൈസലാണെന്നും ഭക്ഷണ സാധനങ്ങൾ അയയ്ക്കുന്നതുമായി ബന്ധപ്പെട്ടു യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥനെ ഫൈസലിനു പരിചയപ്പെടുത്തിയതു താനാണെന്നും സരിത്തിന്റെ മൊഴിയിലുണ്ട്. 

ഫൈസൽ ഫരീദിനെക്കുറിച്ച് കസ്റ്റംസിനു പുറമേ ഐബിയും റോയും അന്വേഷണം നടത്തുന്നുണ്ട്. കൊച്ചി തുറമുഖത്തു വന്നതടക്കമുള്ള ഡിപ്ലോമാറ്റിക് ബാഗേജ് ഫൈസലിന്റെ ആൾക്കാരെ ഏൽപിച്ചതായാണു സരിത്തിന്റെ മൊഴി. ഇതിനപ്പുറം തനിക്കൊന്നുമറിയില്ലെന്നാണു സരിത് പറഞ്ഞത്. ഫൈസൽ നിലവിൽ ദുബായിലാണെന്നാണു സൂചന. 

കസ്റ്റംസിന്റെയോ ഡിആർഐയുടെയോ പക്കലുള്ള സ്വർണക്കടത്തു സംഘങ്ങളുടെ പേരുകളിലൊന്നും ഫൈസൽ ഫരീദില്ലെന്നതാണു വിചിത്രം. കേരളത്തിൽ എവിടെയാണു സ്വദേശമെന്നും വ്യക്തമായിട്ടില്ല. സരിത്, സന്ദീപ്, സ്വപ്ന എന്നിവരെ ചോദ്യം ചെയ്താലേ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാകൂ. യുഎഇയിലെ ഒന്നിലേറെ സ്വർണക്കടത്തു സംഘങ്ങൾ സരിത്തിന്റെ സംഘത്തെ ആശ്രയിച്ചിരിക്കാമെന്നാണു നിഗമനം. ഇത്രയുമധികം സ്വർണം വാങ്ങി, ഒറ്റയടിക്കു കടത്താൻ ശേഷിയുള്ള കള്ളക്കടത്തു സംഘങ്ങൾ യുഎഇയിൽ കുറവാണ്. 

അതേസമയം, കോൺസുലേറ്റിന്റെ പേരിലുള്ള ഡിപ്ലോമാറ്റിക് ബാഗേജ് എത്തിയാൽ, വിവരം സരിത്തിനാണു ലഭിക്കുന്നതെന്നു കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. 

9 ബാഗേജുകൾ സംബന്ധിച്ച വിവരം കസ്റ്റംസ് ശേഖരിച്ചു. ഇതിൽ ചിലതിന്റെ ബില്ലുകൾ കോൺസുലേറ്റ്, ബാങ്ക് വഴിയാണ് അടച്ചിരിക്കുന്നത്. ഇവ കൈപ്പറ്റാൻ സരിത് കോൺസുലേറ്റിന്റെ വാഹനത്തിലാണു യാത്ര ചെയ്തത്. സരിത് നേരിട്ടു പണം അടച്ച ബാഗേജുകൾ കൈപ്പറ്റാൻ സ്വന്തം വാഹനത്തിലായിരുന്നു യാത്ര.

English Summary: Diplomatic baggage gold smuggling case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com