ADVERTISEMENT

ന്യൂഡൽഹി ∙ തിരുവനന്തപുരം വിമാനത്താവളത്തിൽ നയതന്ത്ര പാഴ്സലിൽ സ്വർണക്കള്ളക്കടത്ത് നടത്തിയ കേസ് എൻഐഎ അന്വേഷിക്കും. വിവിധ കേന്ദ്രഏജൻസികളുടെ ഉന്നത ഉദ്യോഗസ്ഥരുമായി കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ  നടത്തിയ ചർച്ചയ്ക്കു ശേഷമാണു തീരുമാനം. കേരളത്തിൽ സംഘടിതമായി സ്വർണക്കടത്ത് നടക്കുന്നത് ദേശ സുരക്ഷയ്ക്കു ഭീഷണിയാണെന്ന വിലയിരുത്തലിലാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനം. 

തിരുവനന്തപുരത്ത് ഇപ്പോൾ പിടിയിലായ കേസ് മാത്രമല്ല, കേരളത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്തതും അന്വേഷണം എങ്ങുമെത്താതുമായ സ്വർണം കള്ളക്കടത്ത് കേസുകളും എൻഐഎ അന്വേഷിക്കും. ഭീകരവാദ, വിധ്വംസക പ്രവർത്തനങ്ങൾക്കു വിദേശത്തു നിന്ന് ധനസഹായം ലഭിക്കുന്നുണ്ടോ എന്നും അന്വേഷിക്കും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഇക്കാര്യത്തിൽ പ്രത്യേക താൽപര്യമെടുത്ത് ശക്തമായ അന്വേഷണം വേണമെന്ന് നിർദേശിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫിസും തിരുവനന്തപുരം കേസ് പ്രത്യേകം നിരീക്ഷിച്ചു വരികയായിരുന്നു. 

കേന്ദ്ര സർക്കാരിനു കീഴിലുള്ള കസ്റ്റംസും ഇന്റലിജൻസ് ബ്യൂറോയുമാണ് (ഐബി) ഇപ്പോൾ തിരുവനന്തപുരം കേസ് അന്വേഷിക്കുന്നത്. എൻഐഎ കൂടി ചേരുന്നതോടെ അന്വേഷണം പൂർണമായി കേന്ദ്രനിയന്ത്രണത്തിലാകും. ഏതു സംസ്ഥാനത്തെയും സുരക്ഷയുമായി ബന്ധപ്പെട്ട കേസ്, സംസ്ഥാന അനുമതി കൂടാതെ അന്വേഷിക്കാൻ അധികാരമുള്ള ഏജൻസിയാണ് എൻഐഎ. 

എൻഐഎ എന്തിന്?

രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, അഖണ്ഡത തുടങ്ങിയവയെ ബാധിക്കുന്ന കേസുകൾ അന്വേഷിക്കുന്ന സംവിധാനമാണ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). വിദേശത്തു നിന്ന് ആയുധം, ലഹരിമരുന്ന്, കള്ളനോട്ട് തുടങ്ങിയവ കടത്തിയ കേസുകളാണ് എൻഐഎ അന്വേഷിക്കുന്നത്. കേരളത്തിലെ ഇത്തരം മുപ്പതോളം കേസുകൾ നിലവിൽ അന്വേഷിച്ചുവരുന്നു. 

സംസ്ഥാന സർക്കാരിൽ നിന്നു ലഭിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലോ, കേന്ദ്ര സർക്കാരിനു നേരിട്ടോ കേസുകൾ എൻഐഎക്കു വിടാം. കസ്റ്റംസ് അന്വേഷിക്കുന്ന കേസുകൾ കൈമാറുന്ന രീതിയുമുണ്ട്. 

സരിത്ത് കസ്റ്റംസ് കസ്റ്റഡിയിൽ

കൊച്ചി ∙ സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതി പി.എസ്.സരിത്തിനെ വിശദമായി ചോദ്യംചെയ്യാനായി 7 ദിവസം (ഈ മാസം 15 വരെ) കസ്റ്റംസിന്റെ കസ്റ്റഡിയിൽ വിട്ടു.

English Summary: NIA to probe diplomatic baggage gold smuggling case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com