ഉമ്മൻചാണ്ടിക്ക് എതിരെ നടത്തിയ പ്രസംഗം പിണറായിക്ക് തിരിച്ചടി; വിഡിയോ വൈറൽ

swapna-pinarayi-01
സ്വപ്ന, മുഖ്യമന്ത്രി പിണറായി വിജയൻ
SHARE

തിരുവനന്തപുരം ∙ മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടിയോടു പൊതുവേദിയിൽ സരിത എസ്.നായർ സംസാരിക്കുന്നതിനെ സോളർ കേസിലെ അദ്ദേഹത്തിന്റെ പങ്കാളിത്തമായി ചിത്രീകരിച്ചുള്ള പിണറായി വിജയന്റെ പഴയ പ്രസംഗം ഇപ്പോൾ അദ്ദേഹത്തെ തിരിഞ്ഞു കൊത്തുന്നു. പൊതുവേദിയിൽ മുന്നിൽനിന്നാണു മുഖ്യമന്ത്രിക്കു നിവേദനം നൽകാറുള്ളതെന്നും സരിത പിന്നിലൂടെ വന്നു സംസാരിച്ചത് ഇവർ തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നുവെന്നുമാണു പിണറായി 2013 ഓഗസ്റ്റിൽ പ്രസംഗിച്ചത്.

സരിതയെ അറിയില്ലെന്നു മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻചാണ്ടി വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ ഉമ്മൻ ചാണ്ടിയോടു വേദിയിൽവച്ച് സരിത സംസാരിക്കുന്നതിന്റെ ചിത്രം പാർട്ടി ചാനൽ സംപ്രേഷണം ചെയ്തു. പിറ്റേന്ന് ഇൗ ചിത്രം ചുണ്ടിക്കാട്ടിയായിരുന്നു പിണറായിയുടെ പ്രസംഗം. 

ഇന്ന് ഇതേ വാക്കുകൾ നിലവിലെ മുഖ്യമന്ത്രിക്കും ബാധകമല്ലേ എന്ന ചോദ്യത്തോടെയാണു വിഡിയോ പ്രചരിക്കുന്നത്. യുഎഇ കോൺസുലേറ്റ് സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിനിടെ സ്വപ്ന സുരേഷ് മുഖ്യമന്ത്രിയോടു സംസാരിച്ചെന്നാണു സൂചന.

അന്ന് പിണറായി പ്രസംഗിച്ചത് 

എനിക്ക് അവരെ അറിയില്ല. ഞാൻ അവരെ പ്രത്യേകമായി കണ്ടിട്ടില്ല. ഞാനും അവരും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടെന്ന് ആർക്കെങ്കിലും തെളിയിക്കാൻ കഴിയുമോ? ഇങ്ങനെ വെല്ലുവിളികളുടെ ഒരു പൂരമായിരുന്നു. എന്തൊരു വാശിയും വീറുമായിരുന്നു നമ്മുടെ മുഖ്യമന്ത്രിക്കു (ഉമ്മൻചാണ്ടി) കാര്യങ്ങൾ പറയാൻ. അപ്പോഴാണ് ഇന്നലെ കൈരളി ചാനൽ ഉമ്മൻചാണ്ടിയും സരിതയും ഒന്നിച്ചു നിൽക്കുന്ന ഫോട്ടോ പുറത്തു കൊണ്ടുവന്നത്. ഉമ്മൻചാണ്ടിക്കു വേണമെങ്കിൽ പറയാം, എന്നെ വന്നു കാണുന്നതിൽ എന്താ തെറ്റെന്ന്. ഒരു തെറ്റുമില്ല. ഒരു മുഖ്യമന്ത്രിയെ ഒരാൾ ചെന്നു കാണുന്നതിൽ എന്താണു തെറ്റ്? പക്ഷേ, ഉമ്മൻ ചാണ്ടീ, ഇൗ കേരളത്തിലെ ജനങ്ങളുടെ സാമാന്യബുദ്ധി നിങ്ങൾ ചോദ്യം ചെയ്യരുത്. മുഖ്യമന്ത്രിയായിരിക്കുന്ന നിങ്ങളെ നിവേദനം നൽകാൻ വേണ്ടി സമീപിക്കുന്ന ഒരാൾ പുരുഷനാകട്ടെ സ്ത്രീയാകട്ടെ, തൊട്ടുമുന്നിലല്ലേ നിൽക്കുക. ഒരുപാടു മുഖ്യ മന്ത്രിമാരെയും മന്ത്രിമാരെയും നമ്മൾ കണ്ടിട്ടുണ്ടല്ലോ. മുന്നിൽ വന്നു നിന്നല്ലേ നിവേദനം കൊടുക്കുക. മുഖ്യമന്ത്രിയുടെ ഏറ്റവും അടുപ്പക്കാരിയായ ഒരു സ്ത്രീ തൊട്ടരികിൽ പോയി നിന്നു കാതിൽ കിന്നാരമല്ല, ഗൗരവമുള്ള കാര്യം പറയുന്ന നിലയാണു നമ്മൾ കണ്ടത്. എന്താ അതിന്റെ അർഥം? എന്താണാ ബന്ധം? കെട്ടിപ്പൊക്കിയ നുണക്കൊട്ടാരം തകർന്നില്ലേ? എന്നിട്ടും നിങ്ങൾ മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കുന്നതിന്റെ ഔചിത്യമെന്ത്?

English Summary: Pinarayi Vijayan's old speech against Oommen Chandy proves boomerang

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA