ADVERTISEMENT

തിരുവനന്തപുരം ∙ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചതിനു പിന്നാലെയാണു സർക്കാരിനെയും തന്നെത്തന്നെയും ന്യായീകരിക്കുന്ന ഓഡിയോ ക്ലിപ് ഇടനിലക്കാർ വഴി സ്വപ്ന മാധ്യമങ്ങൾക്കു കൈമാറിയത്.

ആരോപണം നേരിടുന്നവരെയെല്ലാം വെളളപൂശിയാണ് അവരുടെ വാക്കുകൾ:

‘‘വരുന്ന തിരഞ്ഞെടുപ്പു മുന്നിൽ കണ്ടാണ് ഇപ്പോഴത്തെ പ്രചാരണങ്ങൾ. ഇതൊന്നും മുഖ്യമന്ത്രിയെയോ സർക്കാരിനെയോ ബാധിക്കില്ല. അവർ നല്ല സ്പീഡോടെ, നല്ല ധൈര്യത്തോടെ മുന്നോട്ടുപോകും. അവരെക്കുറിച്ച് അന്വേഷിച്ചാൽ മാധ്യമങ്ങൾ തോറ്റു പോകും. ഇപ്പോൾ ഭരിക്കുന്ന മന്ത്രിസഭയെ ഒന്നും ചെയ്യാൻ കഴിയില്ല. കാരണം അവരെ ആരെയും എനിക്ക് അറിയില്ല. എന്റെ മുഖം പോലും അവർക്ക് ഓർമയുണ്ടാകില്ല. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും പ്രമുഖരുമായി ഇടപെട്ടിട്ടുണ്ട്. അതെല്ലാം യുഎഇ കോൺസുലേറ്റിന്റെ പരിപാടികളുമായി ബന്ധപ്പെട്ടായിരുന്നു.

കോൺസുലേറ്റിലെ കോൺസൽ ജനറൽ ആവശ്യപ്പെട്ട കാര്യങ്ങൾക്കല്ലാതെ വ്യക്തിപരമായ കാര്യങ്ങൾക്കായി ആരോടും സംസാരിച്ചിട്ടില്ല. മുഖ്യമന്ത്രി, സ്പീക്കർ, മന്ത്രിമാർ തുടങ്ങിയവരുടെ ഓഫിസിലോ ഒൗദ്യോഗിക വസതികളിലോ കയറിയിറങ്ങി ഫയലുകൾ ഒപ്പിട്ടിട്ടില്ല. കോൺസുലേറ്റിന്റെ ഒൗദ്യോഗിക പരിപാടികൾക്കായി മന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരെയും ബിസിനസുകാരെയും ക്ഷണിക്കാറുണ്ട്. ആ ചടങ്ങുകളിൽ മുഖ്യമന്ത്രിയുടെ പിറകിലല്ല, കോൺസൽ ജനറലിന്റെ പിറകിലാണു നിന്നത്.

മുഖ്യമന്ത്രിയുടെ പിറകിൽ നിൽക്കലും സ്പീക്കറുടെ തോളിൽ തട്ടി നിൽക്കലും ബാക്കിയുള്ള മന്ത്രിമാരെ സംരക്ഷിക്കലുമല്ല എന്റെ ജോലി. യുഎഇ നാഷനൽ ഡേ ചടങ്ങിൽ പങ്കെടുത്ത എല്ലാവരുടെയും ഫോട്ടോ എടുത്തിട്ടുണ്ട്. പ്രതിപക്ഷ നേതാവും അന്നവിടെ വന്നു. അദ്ദേഹത്തോടൊപ്പം ഞാൻ നിൽക്കുകയും ഭക്ഷണത്തിന്റെ കാര്യം അന്വേഷിക്കുകയും വേദി പങ്കിടുകയും ചെയ്തു.’’സ്വർണം അടങ്ങിയ കാർഗോ ആര് അയച്ചെന്നാണ് അന്വേഷിക്കേണ്ടതെന്നും അതല്ല മാധ്യമങ്ങൾ ചെയ്യുന്നതെന്നും കുറ്റപ്പെടുത്തുമുണ്ട്.

എന്നെ പിരിച്ചുവിട്ടതല്ല; തിരിമറി നടത്തിയിട്ടില്ല

‘‘കോൺസുലേറ്റിൽ നിന്ന് ആരും എന്നെ പിരിച്ചുവിട്ടിട്ടില്ല. ഒരു തിരിമറിയും നടത്തിയിട്ടില്ല. ജനിച്ചുവളർന്ന യുഎഇയോടുള്ള സ്നേഹം കൊണ്ടാണു സ്പേസ് പാർക്കിൽ ജോലി ചെയ്യുമ്പോഴും കോൺസുലേറ്റുമായി സഹകരിച്ചത്. ഇന്നു കള്ളക്കടത്തുകാരിയെന്നും ക്രിമിനലെന്നും അഭിസാരികയെന്നും എന്നെ വിളിക്കുന്നു. ഞാൻ അങ്ങനെയൊന്നും ചെയ്തിട്ടില്ല. ഇപ്പോഴത്തെ പ്രചാരണങ്ങൾ കാരണം ദ്രോഹമുണ്ടാകുന്നത് എനിക്കും കുടുംബത്തിലെ 3 അംഗങ്ങൾക്കു മാത്രമാണ്. ഞാനും എന്റെ കുടുംബവും ആത്മഹത്യ ചെയ്തിരിക്കും. ഭയവും ഭീഷണിയും കാരണമാണു ഞാൻ ഇപ്പോൾ മാറിനിൽക്കുന്നത്.

എനിക്ക് ഒരു ലക്ഷം രൂപ സ്പേസ് പാർക്ക് ശമ്പളം തന്നെന്നു പറയുന്നു. അതിനെക്കാൾ ശമ്പളം കോൺസുലേറ്റിൽ ഉണ്ടായിരുന്നു. എനിക്കു സമ്പാദ്യമൊന്നുമില്ല. ഞാൻ ശമ്പളം മുഴുവൻ ചെലവാക്കിയത് എന്റെ മക്കൾക്കു നല്ല വസ്ത്രവും ഭക്ഷണവും നൽകാനാണ്. ഇവിടത്തെ പല പെമ്പിള്ളേരും ആമ്പിള്ളേരും ഒന്നും കാണാതെ വളർന്നിട്ട്, ഇതു പോലുളള പല പല കാര്യങ്ങൾ കാണുമ്പോൾ കീഴടങ്ങുന്നതു പോലെ എന്റെ മക്കളാവില്ല. ഞാൻ അവരെ എല്ലാം കാണിച്ചാണു വളർത്തുന്നത്. അവർ യുഎഇയിൽ ജീവിക്കേണ്ടവരാണ്.’’

English Summary: Swapna Suresh audio

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com