ADVERTISEMENT

കൊച്ചി ∙ സ്വർണക്കടത്തു കേസിൽ അറസ്റ്റിലായ നാലാം പ്രതി സന്ദീപ് നായരുടെ ബാഗും മൊബൈൽ ഫോണും പരിശോധിക്കുന്നതോടെ അന്വേഷണം ഉന്നതരിലെത്തുമെന്ന് എൻഐഎ. ദേശവിരുദ്ധ ശക്തികളിലേക്കു നയിക്കുന്ന തെളിവുകൾ ബാഗിലുണ്ട്. ബെംഗളൂരുവിൽ പിടിക്കപ്പെടുമ്പോൾ മഹസർ എഴുതി മുദ്രവച്ച ബാഗ് കോടതിയുടെ മേൽനോട്ടത്തിൽ തുറക്കാൻ അന്വേഷണ സംഘം അപേക്ഷ നൽകി.

പ്രതികൾ യുഎഇയുടെ വ്യാജമുദ്രകളും ചിഹ്നങ്ങളും ദുരുപയോഗം ചെയ്തെന്നും എൻഐഎ അറിയിച്ചു. സ്വർണം നേരിട്ട് ആഭരണ നിർമാണത്തിനല്ല, ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നത്. മൂന്നാം പ്രതി ഫൈസൽ ഫരീദാണു വ്യാജമുദ്ര നിർമിച്ചത്. ദുബായ് കേന്ദ്രീകരിച്ചായിരുന്നു ഗൂഢാലോചന. 2019 മുതൽ ഇത്തരത്തിൽ സ്വർണം കടത്തുന്നുണ്ട്. ഇപ്പോഴത്തെ 30 കിലോഗ്രാമിനു പുറമേ മുൻപു 2 തവണ 9, 18 കിലോ വീതം കടത്തിയെന്നും പറഞ്ഞു.

fasil
ഫൈസൽ ഫരീദ്

കോവിഡ് പരിശോധനാ ഫലം നെഗറ്റീവായതോടെ കൂടുതൽ ചോദ്യം ചെയ്യലിനു സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ജൂലൈ 21 വരെ എൻഐഎയുടെ കസ്റ്റഡിയിൽ വിട്ടു. കഴിഞ്ഞ ദിവസം അറസ്റ്റിലായ കെ.ടി.റമീസിനെ സാമ്പത്തിക കുറ്റവിചാരണക്കോടതി 27 വരെ റിമാൻഡ് ചെയ്ത് അങ്കമാലി കറുകുറ്റിയിലെ കോവിഡ് നിരീഷണ കേന്ദ്രത്തിലാക്കി. നയതന്ത്ര പാഴ്സലിൽ സ്വർണം കടത്താനുള്ള തന്ത്രം റമീസിന്റേതാണെന്നാണ് നിഗമനം.

തേടുന്നത് ഫൈസലിനെ: എൻഐഎ, കസ്റ്റംസ്

കേസിലെ മൂന്നാം പ്രതിയുടെ പേര് ഫൈസൽ ഫരീദ് എന്നു തിരുത്തണമെന്ന് കോടതിയോട് എൻഐഎ ആവശ്യപ്പെട്ടു. തൃശൂർ കൊടുങ്ങല്ലൂർ കയ്പമംഗലം മൂന്നുപീടിക സ്വദേശിയാണു പ്രതി.

അന്വേഷിക്കുന്നത് ഫൈസൽ ഫരീദിനെ തന്നെയാണെന്നും പുറത്തുവന്ന ചിത്രങ്ങളും ദൃശ്യങ്ങളും മറ്റൊരു യുവാവിന്റേതാണെന്ന പ്രചാരണം ശരിയല്ലെന്നും കസ്റ്റംസും അറിയിച്ചു. കൊച്ചി സ്വദേശി ‘ഫാസിൽ ഫരീദ്’ എന്നാണു കേസിന്റെ ആദ്യ റിപ്പോർട്ടുകളിൽ കസ്റ്റംസും എൻഐഎയും രേഖപ്പെടുത്തിയിരുന്നത്.

English summary: Gold smuggling: NIA investigation 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com