ADVERTISEMENT

കണ്ണൂർ∙ സ്വർണക്കടത്തു കേസ് പ്രതി സന്ദീപ് നായരെ ഉന്നത ജയിൽ ഉദ്യോഗസ്ഥൻ ഡ്യൂട്ടി ക്രമം മറികടന്ന് അങ്കമാലി കറുകുറ്റിയിലെ ഫസ്റ്റ്‌ലൈൻ ചികിത്സാകേന്ദ്രത്തിൽ സന്ദർശിച്ചു. കഴിഞ്ഞ ഞായറാഴ്ച മട്ടാഞ്ചേരി ജയിൽ സൂപ്രണ്ടിനു നിശ്ചയിക്കപ്പെട്ടിരുന്ന റൗണ്ട് ചെക്കിങ് ഡ്യൂട്ടി ഒഴിവാക്കിയാണു എറണാകുളം ജില്ലാ ജയിൽ സൂപ്രണ്ട് കെ.വി. ജഗദീശൻ സന്ദർശനം നടത്തിയത്.

രാത്രി 9ന് എത്തിയ ജഗദീശൻ കൂടിക്കാഴ്ചയ്ക്കു ശേഷം 12നാണു പുറത്തിറങ്ങിയത്. ജയിൽ ഡിജിപിയുടെ പ്രത്യേക നിർദേശപ്രകാരമാണ് താൻ അവിടെ പോയതെന്നു ജഗദീശൻ ‘മനോരമ’യോടു പറഞ്ഞു. എന്നാൽ സന്ദർശനത്തിന്റെ ഉദ്ദേശ്യം വെളിപ്പെടുത്തിയില്ല.

റിമാൻഡ് തടവുകാരെയും പരോൾ കഴിഞ്ഞെത്തുന്നവരെയും കോവിഡ് പരിശോധനാഫലം വരുന്നതുവരെ താമസിപ്പിക്കുന്ന എറണാകുളം ജില്ലയിലെ കോവിഡ് ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രമാണു കറുകുറ്റിയിലേത്. എൻഐഎ കോടതി റിമാൻഡ് ചെയ്ത സന്ദീപ് നായരെ ഞായറാഴ്ച സന്ധ്യയോടെയാണ് ഇവിടെയെത്തിച്ചത്. ഇതിനു പിന്നാലെയായിരുന്നു സന്ദർശനം.

ജില്ലയിലെ ഓഫിസർ റാങ്കിലുള്ള ജയിൽ ഉദ്യോഗസ്ഥൻ ഡ്യൂട്ടി ക്രമപ്രകാരം മാസത്തിൽ ഒരു ദിവസം ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രം സന്ദർശിക്കണമെന്നു ജയിൽ ഡിജിപി ഉത്തരവിട്ടിരുന്നു. 

ഞായറാഴ്ച മട്ടാഞ്ചേരി സൂപ്രണ്ടാണു സന്ദർശനം നടത്തേണ്ടിയിരുന്നത്. എന്നാൽ ഈ ഉദ്യോഗസ്ഥനെ വിളിച്ചു വിലക്കിയശേഷമാണ് ജഗദീശൻ നേരിട്ടെത്തിയതെന്നാണു വിവരം. തന്റെ അധികാരപരിധിയിൽ വരുന്ന കേന്ദ്രത്തിൽ തനിക്ക് എപ്പോൾ വേണമെങ്കിലും പരിശോധന നടത്താമെന്നും മുൻപും ഇത്തരത്തിൽ പോയിട്ടുണ്ടെന്നും ജഗദീശൻ പ്രതികരിച്ചു. 

മട്ടാഞ്ചേരി സൂപ്രണ്ട് അസൗകര്യമറിയിച്ചിരുന്നു. സന്ദീപ് നായർ എത്തിയ പശ്ചാത്തലത്തിൽ, ജയിൽ ഡിജിപിയുടെ നിർദേശപ്രകാരമാണു ഞായറാഴ്ച അവിടം സന്ദർശിച്ചത്. 

English summary: Sandeep Nair visited by Police officer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com